റൂം ബുക്ക് ചെയ്യുമ്പോൾ സ്റ്റാൻഡേർഡ്, ഡീലക്സ് റൂമുകൾ തമ്മിലെന്താണ് വ്യത്യാസമെന്ന് പലരും ചിന്തിക്കാറുണ്ട്.
ഒരു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന യാത്രകൾ ചെയ്യുമ്പോൾ പലപ്പോഴും ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ, ഹോട്ടൽ റൂം ബുക്ക് ചെയ്യുമ്പോൾ പലർക്കും ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. ഏത് തരത്തിലുള്ള റൂം ബുക്ക് ചെയ്യണം എന്ന സംശയമാണ് പലർക്കും തോന്നാറുള്ളത്. സ്റ്റാൻഡേർഡ് റൂം, ഡീലക്സ് റൂം തുടങ്ങി വിവിധ കാറ്റഗറികളിലുള്ള റൂമുകളുണ്ട്. എന്നാൽ, എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

സ്റ്റാൻഡേർഡ് റൂമും ഡീലക്സ് റൂമും തമ്മിലുള്ള വ്യത്യാസം വളരെ സിമ്പിളാണ്. സ്റ്റാൻഡേർഡ് റൂമിനെ അപേക്ഷിച്ച് ഡീലക്സ് റൂമിന് ചെലവ് കൂടുതലായിരിക്കും. സ്റ്റാൻഡേർഡ് റൂമിനേക്കാൾ സൌകര്യം ഡീലക്സ് റൂമിലുണ്ടാകും എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ല. പല ഹോട്ടലുകളിലെയും ഏറ്റവും നിരക്ക് കുറവുള്ള റൂമുകളായിരിക്കും സ്റ്റേൻഡേർഡ് റൂം കാറ്റഗറിയിലുണ്ടാകുക. ബാത്റൂം, ടീപ്പോയ്, കസേര, ടിവി തുടങ്ങിയ അടിസ്ഥാനപരമായ സൌകര്യങ്ങൾ സ്റ്റേൻഡേർഡ് റൂമിലുണ്ടായിരിക്കും.

സ്റ്റാൻഡേർഡ് റൂമിനെ അപേക്ഷിച്ച് ഡീലക്സ് റൂമുകൾക്ക് വലിപ്പം അൽപ്പം കൂടുതലായിരിക്കും. മാത്രമല്ല, സ്റ്റാൻഡേർഡ് റൂമിലുണ്ടായിരുന്ന സൌകര്യങ്ങൾക്ക് പുറമെ ബാൽക്കണി പോലുള്ള അധിക സൌകര്യവും മുറിയിൽ നിന്നുള്ള പൂന്തോട്ടം, ബീച്ച്, കായൽ, മലനിരകൾ പോലുള്ളവയുടെ വ്യൂവും ഉണ്ടായിരിക്കും. ഡീലക്സ് റൂം ബുക്ക് ചെയ്യുമ്പോൾ തന്നെ ഗാർഡൻ വ്യൂ, ബീച്ച് വ്യൂ തുടങ്ങിയ കാര്യങ്ങൾ പരാമർശിക്കുന്നത് കാണാം. ഇവയ്ക്ക് പുറമെ സിംഗിൾ, ഡബിൾ, ട്രിപ്പിൾ തുടങ്ങി വിവിധ തരത്തിലുള്ള റൂമുകളും ഉണ്ടാകും.
