'നൊസ്റ്റാൾജിക്കേഷൻ'; പുത്തൻ യാത്രാ ട്രെൻഡ് കിടുവാണ്! 

ഇന്നത്തെ കാലത്ത് ആളുകൾ യാത്രകൾ ചെയ്യാൻ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സമൂഹ മാധ്യമങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്.

Nostalgication new travel trend focuses on revisiting places with special memories

വിനോദ സഞ്ചാരികളുടെ കാര്യത്തിൽ എല്ലാക്കാലത്തും ട്രാവൽ ടേസ്റ്റുകൾ വ്യത്യസ്തമാണ്. ചിലർക്ക് ബീച്ചുകളോടാണ് പ്രണയമെങ്കിൽ മറ്റ് ചിലർക്ക് കുന്നുകളും കാടുകളുമാണ് പ്രിയം. സാഹസികത നിറ‍ഞ്ഞ ട്രെക്കിം​ഗുകൾക്കും ഇന്ന് ആരാധകർ ഏറുകയാണ്. കേവലം യാത്ര ചെയ്യുക എന്നതിലുപരി ഇന്നത്തെ കാലത്ത് സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സമൂഹ മാധ്യമങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾക്കും പോസ്റ്റുകൾക്കും അനുയോജ്യമായ സ്ഥലങ്ങൾ തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നവർ പോലുമുണ്ട്. എന്നാൽ, എല്ലാ വിഭാ​ഗം യാത്രകളെയും പൊളിച്ചെഴുതി ട്രെൻഡായിരിക്കുകയാണ് 'നൊസ്റ്റാൾജിക്കേഷൻ'. പേര് പോലെ തന്നെ സംഭവം നൊസ്റ്റാൾജിയ തന്നെയാണ്. 

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീണ്ടും പഴയ കാലത്തേയ്ക്ക് ഒരു തിരിച്ചുപോക്കാണ് 'നൊസ്റ്റാൾജിക്കേഷൻ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 2024ലെ ഹിൽട്ടൺ ട്രെൻഡ്‌സ് റിപ്പോർട്ട് അനുസരിച്ച് യാത്രക്കാരിൽ പകുതിയോളം പേർ (45%) തങ്ങളുടെ കുട്ടികളെ കുട്ടിക്കാലത്ത് അവർ സന്ദർശിച്ച സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു. അടുത്ത തലമുറയുമായി അവരുടെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കിടുകയും അവ വീണ്ടും ആസ്വദിക്കുകയും ചെയ്യുന്നു. 47% ആളുകൾ അവർ കുട്ടിക്കാലത്ത് ചെലവഴിച്ച അവധിക്കാല കേന്ദ്രങ്ങളിലേയ്ക്ക് അവരുടെ കുട്ടികളോടൊപ്പം വീണ്ടും പോകുന്നു. ഇവിടെ അവർ അവരുടെ പ്രിയപ്പെട്ട അനുഭവങ്ങൾ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഓർമ്മകളും അനുഭവങ്ങളും പുനഃസൃഷ്ടിക്കുന്നതിലൂടെ തങ്ങളുടെ ഭൂതകാലവുമായി വീണ്ടും ഒന്നിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. യാത്രകളിൽ നൊസ്റ്റാൾജിയയുടെ പ്രാധാന്യമാണ് ഈ പ്രവണത എടുത്തുകാണിക്കുന്നത്.

അതേസമയം, യാത്രകളിൽ നൊസ്റ്റാൾജിയയുടെ പ്രാധാന്യം വർധിച്ചുവരുന്നതായി ക്യാമ്പ്‌സ്‌പോട്ടിന്റെ 2025 ലെ യാത്രാ ട്രെൻഡുകളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 72% യാത്രക്കാരും ഗൃഹാതുരത്വമുണർത്തുന്ന ഔട്ട്ഡോർ അവധിക്കാലങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഓർമ്മകൾ നിലനിൽക്കുന്ന ചില റോഡ് യാത്രകൾ, ബാല്യകാല ഓർമ്മകൾ പുനഃസൃഷ്ടിക്കാൻ കുടുംബത്തോടൊപ്പമുള്ള ക്യാമ്പിംഗ് തുടങ്ങിയവയ്ക്ക് വലിയ പ്രധാന്യമാണ് ഇന്ന് ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ആളുകൾ കൂടുതൽ മെച്ചപ്പെട്ട സുഖസൗകര്യങ്ങളും സാഹസികതയും തേടുന്നതിനിടയിലാണ് 'നൊസ്റ്റാൾജിക്കേഷൻ' എന്ന ട്രെൻഡ് ഉയർന്നുവരുന്നത്. പ്രത്യേക ഓർമ്മകളുള്ള സ്ഥലങ്ങൾ വീണ്ടും സന്ദർശിക്കുന്നതിലൂടെ ആളുകൾക്ക് പ്രിയപ്പെട്ട അനുഭവങ്ങൾ പുനഃസൃഷ്ടിക്കാനും, അടുത്ത തലമുറയുമായി അവ പങ്കിടാനും, പുതിയ ഓർമ്മകൾ സൃഷ്ടിക്കാനും കഴിയും.

READ MORE: പാറമുകളിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റാം! അസ്തമയ ഭംഗിയിൽ അലിയാം; വിസ്മയിപ്പിക്കും കടുമ്പുപാറ

Latest Videos
Follow Us:
Download App:
  • android
  • ios