വട്ടവടയിലേയ്ക്കാണോ? എങ്കിൽ ഈ 5 സ്ഥലങ്ങൾ ഒരിക്കലും മിസ്സാക്കല്ലേ...
സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെയും തണുത്ത കാലാവസ്ഥയുടെയും പേരിലാണ് വട്ടവട ഗ്രാമം പ്രസിദ്ധമാകുന്നത്.

ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളുമാണ് മൂന്നാറിന്റെ പ്രത്യേകത. എന്നാൽ വട്ടവട ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെയും പച്ചയായ പ്രകൃതിയുടെയും പേരിലാണ്. മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച കായ്കറികളാണ്.
സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം. ഇവിടെ നിന്ന് കൊടൈക്കനാൽ, ടോപ്‌സ്റ്റേഷൻ, മാട്ടുപ്പെട്ടി, കാന്തല്ലൂർ, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ചെന്നെത്തുന്ന വഴികളുണ്ട്. എന്നാൽ, വട്ടവട യാത്രയിൽ ഒഴിവാക്കാൻ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്. അത്തരത്തിലുള്ള 5 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഫോട്ടോ പോയിൻ്റ്, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിൻ്റ്, കുണ്ടള ഡാം, വ്യൂ പോയിൻ്റ് എന്നീ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞാണ് വട്ടവടയിലേക്ക് എത്തുക. ഇതിന് പുറമെ, വട്ടവട ഗ്രാമത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചിലന്തിയാർ വെള്ളച്ചാട്ടം വട്ടവടയിൽ എത്തുന്നവർ ഒരിക്കലും ഈ സ്ഥലം മിസ്സാക്കരുത്. വട്ടവട ടൗണിനോട് ചേർന്ന് കിടക്കുന്ന ഹണി മ്യൂസിയം മനോഹരമായ അനുഭവം സമ്മാനിക്കും. പൊതുവേ സന്ദർശകരോട് അനുഭാവം പുലർത്തുന്നവരാണ് തദ്ദേശീയർ. സ്വകാര്യ വിനോദയാത്രാ സംഘാടകർ ജീപ്പ് സഫാരി, സാഹസിക ബൈക്കിംഗ്, കാട്ടിനകത്തെ താമസം എന്നിവയ്ക്ക് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
