1998ൽ ഭർത്താവിനൊപ്പം മേഘാലയയിലേയ്ക്ക് നടത്തിയ ട്രെയിൻ യാത്രയിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി സിന്ധു സെബാസ്റ്റ്യൻ എഴുതിയ ഓർമ്മക്കുറിപ്പ്.
പ്രണയം എന്ന വാക്ക് കേട്ടാല്‍ ഓര്‍മ്മവരുന്ന യാത്രകള്‍ നിങ്ങള്‍ക്കുണ്ടോ? അത് പ്രണയകാലത്തെ യാത്രയാവാം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രയാവാം. പ്രണയനഷ്ടത്തിനു ശേഷം ആ ഓര്‍മ്മയില്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാവാം. മറക്കാനാവാത്ത ആ യാത്രാനുഭവങ്ങള്‍ എഴുതി അയക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. വിലാസം: webteam@asianetnews.in. നിങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദവിലാസവും ഫോട്ടോയും യാത്രാ ഫോട്ടോകളുണ്ടെങ്കില്‍ അവയും ഒപ്പം അയക്കണം. സബ്ജക്ട് ലൈനിൽ 'പ്രണയയാത്ര' എന്നെഴുതാൻ മറക്കരുത്.
വർഷം 1998 മാർച്ച് 2. വിവാഹം കഴിഞ്ഞിട്ട് വെറും ഒമ്പത് ദിവസം. ഭർത്താവ് മേഘാലയയിൽ ജോലി ചെയ്യുന്നു. അവധി കഴിഞ്ഞത് കൊണ്ട് പോകാൻ സമയമായി. മേഘാലയ എന്ന സ്ഥലം ഞാൻ കേട്ടിട്ടുണ്ട് എന്നല്ലാതെ കൂടുതലൊന്നും അറിയില്ല. ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക്, വെറും ഒമ്പത് ദിവസം മാത്രം പരിചയമുള്ള ഒരാളുമായുള്ള യാത്ര. പെട്ടന്ന് മനസ്സിൽ പേടി തോന്നി. പേടിക്കാനൊന്നുമില്ല, എല്ലാവരും ധൈര്യപെടുത്തി. അങ്ങനെ മാർച്ച് 2 ന് ഞങ്ങൾ ഗുവാഹത്തിക്കുള്ള ട്രെയിനിൽ കയറി.
ഒരു വൈകുന്നേരം. ആദ്യത്തെ ദീർഘാദൂര ട്രെയിൻ യാത്ര. അന്ന് ഇന്നത്തെ പോലെ ഇതര സംസ്ഥാനക്കാരുടെ തിക്കും തിരക്കും ഇല്ല. ഞങ്ങളെ പോലെ പലയിടങ്ങളിലേക്കും യാത്ര ചെയ്യുന്ന മലയാളികൾ. അതിനിടയിൽ ഞങ്ങളും. ശരിക്കും രസകരമായ യാത്ര. ട്രെയിനിലെ ദാലും ചോറും ആദ്യ ദിവസം താത്പ്പര്യത്തോടെ കഴിച്ചു. പിന്നെ ഒരു മടുപ്പ്. മാർച്ച് മാസത്തിലെ ചൂടിൽ വരണ്ടുണങ്ങി കിടക്കുന്ന നെൽപ്പാടങ്ങൾ കാണാം. മേഞ്ഞു നടക്കുന്ന പശുക്കൾ. പകൽ മുഴുവൻ ആ കാഴ്ചകൾ നോക്കിയിരുന്നു.
നാലാം ദിവസം രാവിലെ ഗുവാഹത്തിയിൽ എത്തി. ട്രെയിൻ സ്റ്റേഷൻ അടുക്കുന്നതിനു മുമ്പ് ട്രാക്കിന്റെ ഒരു വശത്ത് മുഴുവൻ കൂടാരം കെട്ടി പാർക്കുന്ന പാവപ്പെട്ട നിരവധി ആളുകൾ. പന്നിക്കുഞ്ഞുങ്ങളും മനുഷ്യ കുഞ്ഞുങ്ങളും ഒരു പോലെ ചെളിയിൽ ഉരുളുന്നു. ആക്കാലത്തൊക്കെ സിനിമയ്ക്ക് പോകുമ്പോൾ സിനിമ തുടങ്ങുന്നതിനു മുമ്പ് അസമിൽ വെള്ളപ്പൊക്കം, ദുരിതബാധിതർ എന്നൊക്കെയുള്ള ഹൃസ്വ ചിത്രത്തിലൂടെ അസമിനെ അറിഞ്ഞ ഞാൻ അമ്പരന്ന് പോയി. ശരിക്കും ദുരിതജീവിതം. എല്ലാം ബംഗ്ലാദേശികളാണെന്ന് ഭർത്താവ് പറഞ്ഞു. കുടിയേറിയവർ. അവർക്ക് സ്വന്തമായി ഒന്നുമില്ല. മുഷിഞ്ഞ കുറെ മനുഷ്യർ. മടുപ്പ് തോന്നി. അപ്പോഴാണ് ഓർത്തത്, ഞങ്ങൾ കുളിച്ചിട്ട് 3-4 ദിവസങ്ങളായെന്ന്.
ഭർത്താവ് എന്ത് വിചാരിക്കും എന്ന് വിചാരിച്ച് ആദ്യ ദിവസം ട്രെയിനിലെ ടോയ്ലറ്റിൽ കുളിക്കാനുള്ള സഹസത്തിന് ഒരുമ്പെട്ടതാണ്. പക്ഷേ, അങ്ങോട്ടുമിങ്ങോട്ടും പോയിടിച്ചു കുറെ നേരം ആൾക്കാരെ തടസപ്പെടുത്തിയതല്ലാതെ കുളി നടന്നില്ല. ഗുവാഹത്തിയിൽ നിന്നും പിന്നെയും പോകണം ഷില്ലോംഗിലേക്ക്. മേഘാലയയുടെ തലസ്ഥാനം. നല്ല തണുപ്പുള്ള സ്ഥലം. ഇനിയുള്ള യാത്രയാണ് ദുഷ്കരം. സുമോയ്ക്ക് വേണ്ടി ഞങ്ങൾ റിക്ഷയിൽ കയറി സ്റ്റാൻഡിൽ എത്തി. റിക്ഷ വണ്ടിയിൽ ആദ്യമായാണ് കേറുന്നത്. നല്ല രസം. കൗതുകത്തോടെ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. പിന്നെ സുമോയിലുള്ള യാത്ര. ചൈനീസ് മുഖമുള്ള കുറെ മനുഷ്യർ. അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നു. പിണാർ ആണ് അവരുടെ ഭാഷയെന്ന് ഭർത്താവ് പറഞ്ഞു. പുള്ളിയെ അറിയുന്ന ഒന്ന് രണ്ടു പേർ വണ്ടിയിൽ ഉണ്ടായിരുന്നു. എന്തോ പറഞ്ഞു അവരെന്റെ കൈ പിടിച്ചു കുലുക്കി. ഇവരൊക്കെ ഗുവാഹത്തിയിൽ ഓരോ കാര്യങ്ങൾക്ക് വന്നിട്ട് തിരിച്ചു പോകുകയാണ്.
നാട്ടിലെ പോലെ ബസ് സർവീസ് കാര്യമായിട്ടില്ല. ഒന്നോ രണ്ടോ ടാക്സിയെ ഷില്ലോംഗിലേയ്ക്കുള്ളു. അതുകൊണ്ട് എല്ലാവരും തിങ്ങി ഞെരുങ്ങി ഇരിപ്പാണ്. തൊട്ടടുത്തിരുന്നയാൾ ഹുക്ക വലിക്കുന്നുണ്ട്. വല്ലാത്ത കട്ടുമണം. ചർദ്ദിക്കുമോയെന്ന് ഭയന്ന് ഷാൾ കൊണ്ട് മൂക്ക് പൊത്തി. സാരമില്ല, ഉറങ്ങിക്കോ, ഭർത്താവ് സ്നേഹത്തോടെ തോളിലേക്ക് തല ചായപ്പിച്ചു വെച്ചു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്. മനോഹരമായ മൊട്ടാക്കുന്നുകളും തല ഉയർത്തി നിൽക്കുന്ന പൈൻ മരങ്ങളും കൗതുകത്തോടെ ഇടയ്ക്ക് നോക്കി. നല്ല ഭംഗിയുണ്ടല്ലോ എന്ന് മനസ്സിൽ പറഞ്ഞു. പക്ഷേ കൂടുതൽ ഒന്നും കാണുന്നതിന് മുമ്പേ ചർദ്ദി തുടങ്ങി. പിന്നെ എങ്ങാനൊക്കെയോ ഷില്ലോംഗിൽ എത്തിപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എല്ലാം മാറി. ആളുകൾ മാറി. യാത്ര കഷ്ടപ്പാടുകൾ കുറഞ്ഞു. പക്ഷേ, ഇപ്പോഴും അന്നത്തെ ആ യാത്ര മനോഹരമായി ഓർമയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
READ MORE: പ്രൈവറ്റ് ബസിൽ മൊട്ടിട്ടു, പേരാലിൻ ചുവട്ടിൽ കൊഴിഞ്ഞു; ഒരു നഷ്ട പ്രണയത്തിന്റെ കഥ
