സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ നഴ്സ് സ്രാവിനൊപ്പം നീന്തിത്തുടിക്കുക എന്നത് ജീവിതത്തിൽ മറക്കില്ലെന്ന് ഉറപ്പാണ്.
മാലി: നാമെല്ലാവരും ഭയത്തോടെ നോക്കിക്കാണുന്ന ഒന്നാണ് സ്രാവുകൾ. എന്നാൽ, സ്രാവിന്റെ കൂടെ നീന്തിത്തുടിക്കാൻ അവസരം ലഭിച്ചാലോ? അൽപ്പം റിസ്ക് കൂടുതലാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്രാവിന്റെ കൂടെ നീന്തുകയെന്നത് യാഥാർത്ഥ്യമാക്കാം. മാലിദ്വീപിലാണ് ഇതിന് അവസരമുള്ളത്. പൊതുവെ അപകടകാരികളല്ലെന്ന് വിലയിരുത്തപ്പെടുന്ന നഴ്സ് സ്രാവുകൾ മാലിദ്വീപിൽ സാധാരണമാണ്. ഏറ്റവും സൗഹൃദപരമായ സമുദ്രജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്രാവിനോടൊപ്പമാണ് നീന്താൻ അവസരമുള്ളത്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ നഴ്സ് സ്രാവിനൊപ്പം നീന്തിത്തുടിക്കുക എന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
പൊതുവേ രാത്രിയിലാണ് സ്രാവുകൾ ഏറ്റവുമധികം സജീവമാകുന്നത്. സ്രാവുകൾ കൂടുതലായും ഇര തേടുന്നതും രാത്രികാലങ്ങളിലാണ്. പകൽ സമയത്ത് അവ ആഴം കുറഞ്ഞ വെള്ളത്തിൽ വിശ്രമിക്കാനുള്ള പ്രവണത കാണിക്കുന്നു. എന്നാൽ, രാത്രിയായാലും പകലായാലും അവ സ്രാവുകളാണ് എന്ന ബോധത്തോടെ വേണം സാഹസികതയിലേർപ്പെടാൻ. ലീപ് ട്രാവലേഴ്സ് എന്നറിയപ്പെടുന്ന ട്രാവൽ-വ്ലോഗർ ദമ്പതികളെ ഉൾപ്പെടെ മാലിദ്വീപിൽ വെച്ച് നഴ്സ് സ്രാവ് ആക്രമിച്ചിരുന്നു. അതിനാൽ, മാലിദ്വീപിൽ പോകുന്നവർക്ക് സ്രാവിനൊപ്പം നീന്താൻ ആഗ്രഹമുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങളാണ് ഇനി പറയുന്നത്.
1. പ്രശസ്തനായ ഒരു ടൂർ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക: നിങ്ങളുടെ ടൂർ ഓപ്പറേറ്റർക്ക് സ്രാവ് സ്നോർക്കലിംഗിലും ഡൈവിംഗ് വിനോദയാത്രകളിലും പരിചയമുണ്ടെന്ന് ഉറപ്പാക്കുക.
2. ഗൈഡിന്റെ നിർദ്ദേശങ്ങൾ പാലിക്കുക: നിങ്ങളുടെ ഗൈഡിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും സ്രാവുകളുമായി എങ്ങനെ ഇടപഴകണമെന്നുള്ള അവരുടെ ഉപദേശം കൃത്യമായി പാലിക്കുകയും ചെയ്യുക.
3. സുരക്ഷിതമായ അകലം പാലിക്കുക: സ്രാവുകളിൽ നിന്ന് കുറഞ്ഞത് 3-4 മീറ്റർ അകലെ സുരക്ഷിതമായ അകലം പാലിക്കുക.
4. തിളങ്ങുന്ന ആഭരണങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക: തിളങ്ങുന്ന ആഭരണങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും സ്രാവുകളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തേക്കാം.
5. തുറന്ന മുറിവുകളോടെ വെള്ളത്തിൽ ഇറങ്ങരുത്: സ്രാവുകൾക്ക് രക്തം തിരിച്ചറിയാൻ കഴിയും. അത് അവയെ നിങ്ങളിലേക്ക് ആകർഷിക്കും.
6. ശാന്തമായി ഇരിക്കുക: പെട്ടെന്നുള്ള ചലനങ്ങളോ പരിഭ്രാന്തിയോ ഒഴിവാക്കുക, കാരണം ഇത് സ്രാവുകളെ പ്രകോപിപ്പിച്ചേക്കാം.
7. സ്രാവുകളുടെ ആവാസ വ്യവസ്ഥയെ ബഹുമാനിക്കുക: സ്വതന്ത്രമായി നീന്തുക. മറ്റ് സമുദ്രജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഒരു തടസ്സവും വരുത്തുന്നില്ലെന്ന് ഉറപ്പാക്കുക.
READ MORE: 'നൊസ്റ്റാൾജിക്കേഷൻ'; പുത്തൻ യാത്രാ ട്രെൻഡ് കിടുവാണ്!
