കോഴിക്കോട് ജില്ലയിലെ കക്കയം അണക്കെട്ടിന് സമീപത്തായാണ് ഉരക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 

മലമുകളും വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് എന്നും ഒരു ഹരം തന്നെയാണ്. കണ്ണിന് കുളിർമ്മയേകുന്ന ഇത്തരത്തിലുള്ള ഹിഡൻ സ്പോട്ടുകൾ കണ്ടുപിടിച്ച് അവിടേക്ക് യാത്ര പോകുന്നവരും ഏറെയാണ്. അത്തരത്തിൽ മനോഹരമായ, എന്നാൽ അൽപം സാഹസികവുമായ ഒരു യാത്ര പോയാലോ. മറ്റെവിടേക്കുമല്ല, അങ്ങ് കോഴിക്കോടേക്ക്. ഇവിടെ കാടിനുള്ളിൽ ഒളിച്ച് ഒരു വെള്ളച്ചാട്ടമുണ്ട്... കേരളത്തിലെ തിരച്ചിൽ ഇല്ലാത്ത വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് ജില്ലയിലെ കക്കയം അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം. കേരളത്തിലെ ഏറ്റവും അപകടകാരിയായ വെള്ളച്ചാട്ടം എന്നും ഉരക്കുഴി വെള്ളച്ചാട്ടം അറിയപ്പെടുന്നു. അധികം സഞ്ചാരികൾ ഇവിടേയ്ക്ക് സന്ദർശനം നടത്താറില്ല. ശാന്ത സുന്ദരമായ പ്രകൃതി ഭംഗിയും അതിനോട് ചേർന്നുള്ള വെള്ളച്ചാട്ടവും നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും. എന്നാൽ, അതീവ ശ്രദ്ധയോടെ വേണം ഇവിടേയ്ക്കുള്ള യാത്ര. ഒരു വിനോദ സഞ്ചാരി അപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണാൽ, 'പോയ ആൾ പോയി, കൂടെ വന്നയാൾക്ക് തിരികെ പോകാം' എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതിനാലാണ് തിരച്ചിൽ ഇല്ലാത്ത വെള്ളച്ചാട്ടം എന്ന് ഇത് അറിയപ്പെടുന്നത്. 

നൂറ്റാണ്ടുകളാൽ വെള്ളം വീണ് ഇവിടെയുള്ള പാറക്കല്ലുകളിൽ ഉരലു പോലെ കുഴികളാണ്. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്ന പേര് ലഭിച്ചത്. ഈ കുഴിയ്ക്കുള്ളിൽപ്പെട്ടാലും ഒരിക്കലും രക്ഷപ്പെടുത്താനാകില്ല. വെള്ളച്ചാട്ടത്തിന്റെ മുഴുവൻ പ്രദേശവും കൊടുംകാടുകളാലും കൂറ്റൻ പാറകളാലും ചുറ്റപ്പെട്ടിരിക്കുന്നതാണ്. ഒരു പാലവും വെള്ളച്ചാട്ടത്തിന് വളരെ അടുത്തായി ഉണ്ട്. ഭൂരിഭാഗം ആളുകളും ഡെക്കിൽ നിന്നുകൊണ്ടാണ് വെള്ളച്ചാട്ടം കാണുന്നത്. വെള്ളച്ചാട്ടത്തിന് ചുറ്റും കൂറ്റൻ പാറകൾ ഉള്ളതിനാൽ നിങ്ങൾക്ക് അടുത്തെത്താനും കഴിയില്ല.

തട്ടുതട്ടായി വെള്ളം ചിതറി ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം നിങ്ങളുടെ കണ്ണുകളെ അമ്പരപ്പെടുത്തും. ഇവിടെയുളള്ള പ്രകൃതിദത്തവും ജൈവികവുമായ സൗന്ദര്യം പറഞ്ഞറിയിക്കാനാകില്ല. വെള്ളച്ചാട്ടത്തിന് പരിസരത്ത് കടകളൊന്നും ഇല്ലാത്തതിനാൽ ലഘുഭക്ഷണങ്ങളും കുടിവെള്ളവും നിങ്ങൾക്കൊപ്പം കരുതാൻ പ്രത്യേകം ഓർമ്മിക്കുക.

READ MORE:  ചീങ്കേരി മലയും കടുവാക്കുഴിയും വേറെ ലെവൽ! ഹിഡൻ സ്പോട്ടുകൾ തേടിയിറങ്ങാം