ബോട്ടിംഗ് മുതൽ ആകാശയാത്ര വരെ; വൺ ഡേ ട്രിപ്പിന് ഈ ഡെസ്റ്റിനേഷൻ ബെസ്റ്റാ!

തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തെന്മലയിലേത്.

Thenmala is a best destination for a one day trip in Kollam

കൊല്ലം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തെന്മല. രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണിത്. കൊല്ലം - ചെങ്കോട്ട റോഡും, തിരുവനന്തപുരം - ചെങ്കോട്ട റോഡും സന്ധിക്കുന്നത് തെന്മലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

തേന്‍മല എന്നതാണ് പിന്നീട് തെന്മല ആയി മാറിയത്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതിയാണ് ഇവിടുത്തെ സവിശേഷത. തെന്മല ജലസംഭരണി ബോട്ടിംഗിനും ഉപയോഗിക്കുന്നുണ്ട്. കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ അകലെയാണ് തെന്മല സ്ഥിതി ചെയ്യുന്നത്. ആകാശയാത്ര തെന്മലയിലെ പ്രധാന ആകര്‍ഷണമാണ്. ഒട്ടേറെ ശിൽപ്പങ്ങളാല്‍ സമ്പന്നമായ കുട്ടികളുടെ പൂന്തോട്ടവും വൈകുന്നേരം ഉല്ലാസ നടത്തത്തിനുള്ള തറയോടു പാകിയ വഴികളും തെന്മലയെ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. നിര്‍മ്മിതമായ സൗകര്യങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ വന്യാനുഭൂതി നുകരാന്‍ കാടിനുള്ളില്‍ ഏറുമാടങ്ങളും ഒരുക്കിയിട്ടുണ്ട്.

തെന്മലയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്ര വനം മറ്റൊരു കൗതുക കാഴ്ചയാണ്. മലയാളം പഞ്ചാംഗം അനുസരിച്ച് ദിവസങ്ങളെ 27 നക്ഷത്രങ്ങളായി തിരിച്ചിട്ടുണ്ട്. ഈ ജന്മനക്ഷത്രങ്ങള്‍ക്ക് ഓരോന്നിനും ഓരോ വൃക്ഷവും പക്ഷിയും മൃഗവും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 27 ജന്മ നക്ഷത്രങ്ങളുടെയും വനമാണ് നക്ഷത്രവനം. ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തിനോടും ചേര്‍ന്ന വൃക്ഷത്തിന്റെ തൈ വാങ്ങാനും സൗകര്യമുണ്ട്. തെന്മലയില്‍ തന്നെ ഒരു മാന്‍ പുനരധിവാസ കേന്ദ്രവുമുണ്ട്. പരിക്കേറ്റതും, ഉപേക്ഷിക്കപ്പെട്ടതുമായ മാന്‍കുഞ്ഞുങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്ക് വിടുന്ന കേന്ദ്രമാണിത്. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് ബോട്ട് യാത്രയും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.

READ MORE: ഈ രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് മതി!

Latest Videos
Follow Us:
Download App:
  • android
  • ios