ജപ്പാനുമായുള്ള ചരിത്രപരമായ സംഘർഷങ്ങൾ ശക്തമായി നിലനിൽക്കുന്ന ചൈനയിൽ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. 

ചൈനയിലെ വൻമതിലിൽ ന​ഗ്നതാ പ്രദർശനം നടത്തുകയും ചിത്രങ്ങൾ പക‍ർത്തുകയും ചെയ്ത രണ്ട് ജാപ്പനീസ് വിനോദ സഞ്ചാരികളെ തടവിലാക്കി ചൈന. രണ്ടാഴ്ച തടവിൽ പാ‍ർപ്പിച്ച ശേഷം ഇരുവരെയും നാടുകടത്തി. ഒരു പുരുഷൻ തന്റെ നിതംബം പരസ്യമായി പ്രദർശിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ അയാളുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 3നാണ് സംഭവം നടന്നത്. ചൈനയിലെ ജാപ്പനീസ് എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്ക് യാത്രാ നിയന്ത്രണങ്ങളോ പിഴകളോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമോ എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ എംബസി തയ്യാറായിട്ടില്ല. 

യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ട വൻ മതിലിൽ കർശന സുരക്ഷയാണ് ഏ‍ർപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നാലെ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് തന്നെ തടഞ്ഞുവെച്ചിരുന്നു. ഇതിന് ശേഷമാണ് രണ്ടാഴ്ചയോളം തടവിൽ പാ‍ർപ്പിച്ച ശേഷം തിരിച്ചയച്ചത്. ചൈനയിൽ പൊതുസ്ഥലത്ത് അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, തങ്ങൾ ഇത് മനപൂർവം ചെയ്തതായിരുന്നില്ലെന്നും തമാശ മാത്രമായിരുന്നുവെന്നും വിനോദ സഞ്ചാരികൾ പിന്നീട് ജാപ്പനീസ് എംബസിയോട് പറഞ്ഞു. 

ജപ്പാനുമായുള്ള ചരിത്രപരമായ സംഘർഷങ്ങൾ ശക്തമായി നിലനിൽക്കുന്നതിനാൽ ചൈനയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ഹാഷ്ടാ​ഗുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലർ സംഭവത്തെ ശക്തമായി അപലപിച്ചപ്പോൾ മറ്റ് ചിലർ ജാപ്പനീസ് ജനതയോടുള്ള വിദ്വേഷം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ 7 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചൈനീസ് നടൻ ചെൻ യിതിയൻ ഉൾപ്പെടെ ജാപ്പനീസ് വിനോദ സഞ്ചാരികൾക്ക് എതിരെ രം​ഗത്തെത്തി. അവരുടെ പ്രവൃത്തികൾ ലജ്ജാകരവും വൻമതിലിനോടുള്ള അനാദരവുമാണെന്നായിരുന്നു ചെൻ യിതിയന്റെ വിമർശനം. 

READ MORE: അറബിക്കടലിൽ കപ്പൽ യാത്ര, ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര; മാർച്ച് മാസം ആഘോഷമാക്കാൻ കെഎസ്ആർടിസി