ഇന്റർനാഷണൽ മാർക്കറ്റിംഗിലെ കരിയറാണ് യാത്രയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് കാരണമായത്.
54 വയസിനിടെ ബ്രിട്ടീഷുകാരി സന്ദർശിച്ചത് 60-ലധികം രാജ്യങ്ങൾ. വെസ്റ്റ് സസെക്സിൽ നിന്നുള്ള ജെറാൾഡിൻ ജോക്വിം ലോകത്തിലെ ഏറ്റവും മനോഹരമായ പല സ്ഥലങ്ങളും കണ്ടുകഴിഞ്ഞു. എന്നാൽ, താൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച ഒരു രാജ്യമുണ്ടെന്നാണ് ജെറാൾഡിൻ ജോവാക്വിം പറയുന്നത്.
ഇന്റർനാഷണൽ മാർക്കറ്റിംഗിലെ തന്റെ കരിയറാണ് ജൊവാക്വിമിനെ യാത്രകളിലേയ്ക്ക് നയിച്ചത്. പിന്നീട് അത് ഒരു അഭിനിവേശമായി മാറി. ഇന്ന് ഹിപ്നോതെറാപ്പിസ്റ്റും വെൽനസ് കോച്ചുമായ ജൊവാക്വിം യാത്രകൾ തുടരുകയാണ്. കഴിഞ്ഞ വർഷം മാത്രം, ജൊവാക്വിം അഞ്ച് അന്താരാഷ്ട്ര യാത്രകൾ നടത്തി. അൻഡോറ, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഈജിപ്ത്, ബെൽജിയം എന്നിവിടങ്ങളാണ് ജൊവാക്വിം സന്ദർശിച്ചത്. പുതിയതും വ്യത്യസ്തവുമായ സ്ഥലങ്ങൾ കാണുന്നത് തനിയ്ക്ക് വളരെ ഇഷ്ടമാണെന്നും ഓരോ സ്ഥലത്തെയും സംസ്കാരങ്ങൾ ഏറെ വ്യത്യസ്തമാണെന്നും ജൊവാക്വിം പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യാത്രകളിൽ സാഹസികതയ്ക്ക് പ്രാധാന്യം നൽകിയിട്ടും ഇനി ഒരിക്കൽക്കൂടി പോകാൻ ഇഷ്ടമില്ലാത്ത ഒരിടമുണ്ടെന്നാണ് ജൊവാക്വിം പറയുന്നത്. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ്. ഇത്രയധികം സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടും കാരക്കാസിലുണ്ടായത് പോലെ മോശമായ അനുഭവം തനിയ്ക്ക് മറ്റെവിടെയും വെച്ച് ഉണ്ടായിട്ടില്ലെന്ന് ജൊവാക്വിം പറഞ്ഞു. ഉറുഗ്വേയിലെ മോണ്ടെവീഡിയോയിൽ നിന്ന് ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് കാരക്കാസിലെത്തിയത്. വിമാനം രാത്രി വൈകിയാണ് എത്തിയത്. അടുത്ത ദിവസം ഇസ്ല മാർഗരിറ്റയിലേക്ക് പോകേണ്ടതിനാൽ അന്ന് രാത്രി ഒരു ഹോട്ടലിൽ തങ്ങാൻ തീരുമാനിച്ചു. ഇതിനായി ഒരു ടാക്സി ബുക്ക് ചെയ്തു. എന്നാൽ, കാരക്കാസ് വിമാനത്താവളത്തിൽ താൻ ഒറ്റയ്ക്കായിരുന്നുവെന്ന് ജൊവാക്വിം പറഞ്ഞു.
ഡ്രൈവർ ആണെന്ന് അവകാശപ്പെടുന്ന ഒരാൾ എത്തിയപ്പോൾ തനിയ്ക്ക് ആശ്വാസം ലഭിച്ചെന്ന് ജൊവാക്വിം പറഞ്ഞു. എന്നാൽ, കാറിൽ കയറിയപ്പോൾ, മുൻ സീറ്റിൽ മറ്റൊരാളെ കണ്ട് ഞെട്ടി. മറ്റ് മാർഗമില്ലാതെയാണ് ആ കാറിൽ കയറിയത്. സ്വയരക്ഷയുടെ ഭാഗമായി ബാഗിലുണ്ടായിരുന്ന പേന കത്തി കയ്യിലെടുത്താണ് യാത്ര ചെയ്തത്. 30 മിനിട്ടോളം സമയം കത്തി കയ്യിൽ തന്നെ സൂക്ഷിച്ചു. എന്നാൽ, മറ്റ് പ്രശ്നങ്ങളുണ്ടായില്ല. പക്ഷേ, പിറ്റേന്ന് രാവിലെ വിമാനത്താവളത്തിൽ വെച്ച് ഒരു യുവാവ് തന്റെ ലഗേജ് തട്ടിയെടുത്ത് ഓടിയെന്ന് ജൊവാക്വിം പറഞ്ഞു. പിന്തുടർന്നപ്പോഴാണ് അയാൾ ഒരു അനൗദ്യോഗിക "ചെക്ക്-ഇൻ സേവനം" നൽകുന്നുണ്ടെന്ന് മനസിലാക്കിയത്. അതിനാൽ മനസില്ലാ മനസോടെയാണെങ്കിലും പണം നൽകേണ്ടി വന്നെന്നും ജൊവാക്വിം കൂട്ടിച്ചേർത്തു. യുകെയിലേക്കുള്ള മടക്കയാത്രയ്ക്ക് കാരക്കാസിൽ ഒരു ചെറിയ താമസം മാത്രമേ വേണ്ടിവന്നുള്ളൂവെന്ന ആശ്വാസത്തിലാണ് യാത്ര തുടർന്നതെന്നും ജൊവാക്വിം പറഞ്ഞു.
READ MORE: വെറും ഒരു ലീവ്, മൊത്തം 3 ദിവസം, പോകാം കൊച്ചി - ഹൈദരാബാദ് ടൂർ; കിടിലൻ പാക്കേജുമായി ഐആർസിടിസി
