പ്രതിസന്ധികളെ തരണം ചെയ്ത് പ്രണയിനിയെ ജീവിതസഖിയാക്കാൻ സഹായിച്ചത് ഗോവ യാത്ര. കുറിപ്പ് ചിത്രങ്ങളും - ബിജേഷ് കെ.എം
പ്രണയം എന്ന വാക്ക് കേട്ടാല്‍ ഓര്‍മ്മവരുന്ന യാത്രകള്‍ നിങ്ങള്‍ക്കുണ്ടോ? അത് പ്രണയകാലത്തെ യാത്രയാവാം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രയാവാം. പ്രണയനഷ്ടത്തിനു ശേഷം ആ ഓര്‍മ്മയില്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാവാം. മറക്കാനാവാത്ത ആ യാത്രാനുഭവങ്ങള്‍ എഴുതി അയക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. വിലാസം: webteam@asianetnews.in. നിങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദവിലാസവും ഫോട്ടോയും യാത്രാ ഫോട്ടോകളുണ്ടെങ്കില്‍ അവയും ഒപ്പം അയക്കണം. സബ്ജക്ട് ലൈനിൽ 'പ്രണയയാത്ര' എന്നെഴുതാൻ മറക്കരുത്.
എല്ലായ്പ്പോഴും എല്ലാ മനുഷ്യരും നല്ലവരാവണം എന്നില്ലല്ലോ? അതുപോലെ, പലപ്പോഴും എനിക്കും ഒരു നല്ല മനുഷ്യൻ ആവാൻ കഴിയാതെ വന്നിട്ടുണ്ട്.
ഈ കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു എന്റെയും ദിവ്യയുടെയും കല്യാണം. കല്യാണത്തിന് അടുത്ത ദിവസങ്ങളിൽ ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് 'ഈ കല്യാണം വേണ്ട' എന്നുള്ള കടുത്ത തീരുമാനത്തിലേക്ക് പോലും ചിന്തകളെ എത്തിച്ച നിമിഷങ്ങളുണ്ടായിരുന്നു എനിക്കും അവൾക്കും ഇടയിൽ. കല്യാണത്തിന്റെ ടെൻഷൻ എന്നതിനേക്കാൾ മാനസികമായി തളർന്നുപോയ ദിവസങ്ങളായിരുന്നു അത്.
ഒരുപക്ഷേ, 'അതുവരെ ഞാൻ അവളോട് കാണിച്ചതിനൊക്കെ കിട്ടി' എന്നൊക്കെ പറയില്ലേ, അതുപോലെ... ഞാൻ ദിവ്യയെ പ്രകടമായിത്തന്നെ പ്രണയിക്കുന്നുണ്ട് എന്ന എന്റെ തോന്നലുകൾ വളരെ തെറ്റായിരുന്നു എന്നതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം മൂലാധാരം. പക്ഷേ, ഞങ്ങൾക്ക് രണ്ടുപേർക്കും അങ്ങനെ വിട്ടുപോവാൻ കഴിയാത്തത് കൊണ്ടാവണം വീണ്ടും ഞങ്ങൾ ഒരുമിച്ചു, വിവാഹം കഴിച്ചു.
ഞങ്ങൾക്ക് വേണ്ടിയിരുന്നത് ഞങ്ങളുടേത് മാത്രമായി കുറച്ച് സമയം ആയിരുന്നു. അതിനു ഏറ്റവും നല്ലത് ഒരു യാത്രയാണെന്ന് അങ്ങനെയാണ് ഞങ്ങൾ തീരുമാനിക്കുന്നത്. എന്റെ ഒരു സുഹൃത്തിനെ വിളിച്ച് ഗോവയിൽ സമാധാനമായി ഇരിക്കാനും, നടക്കാനും പറ്റുന്ന ഒരു സ്ഥലത്ത് റൂമടക്കം എല്ലാം റെഡി ആക്കിവെച്ചോളാൻ പറഞ്ഞു. ഞങ്ങൾ യാത്ര തിരിച്ചു. 'ഗോവയിൽ യോഗക്ക് പോവുന്ന കപ്പിൾസ്' എന്ന് എപ്പോഴും ആ സുഹൃത്ത് ഞങ്ങളെ കുറിച്ച് പറയും.
യാത്ര തുടങ്ങി. ട്രെയിനിൽ വിൻഡോ സീറ്റിനരികിൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാൽപിണച്ചിരുന്നു കാഴ്ചകൾ കണ്ടു. ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഒരുപാട് ഒരുപാട്. അങ്ങനെ ഗോവയിൽ ഞങ്ങൾ കറങ്ങി, ആസ്വദിച്ചു നടന്നു. കഴിഞ്ഞ കാലത്തെ മുഴുവൻ മറന്നുകളയാൻ പുതിയൊരു തുടക്കമായിരുന്നു അത്.
തിരികെ വരുമ്പോൾ നല്ല മഴയായിരുന്നു. മഴയിൽ സകല വിഷമങ്ങളും കഴുകിക്കളഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു. ട്രെയിനിൽ ഞങ്ങൾ ഞങ്ങളുടെ കഴിഞ്ഞുപോയ ദിവസങ്ങളെ കുറിച്ച്, ഞങ്ങൾക്കിടയിൽ പറ്റിപ്പോയ ഒരോ തെറ്റുകളെയും കുറിച്ച് സംസാരിച്ചു. ആ യാത്രയിൽ ഞങ്ങൾ മിക്കവാറും നേരം കെട്ടിപ്പിടിച്ചിരുന്നു, ഞങ്ങൾ രണ്ടുപേരും പലപ്പോഴും കണ്ണീരണിഞ്ഞിരുന്നു. പിന്നെയും എന്തെങ്കിലുമൊക്കെ കുസൃതി പറഞ്ഞ് ആ കണ്ണീരിനെ ഇല്ലാതാക്കിയിരുന്നു.
ഈ യാത്ര എന്റെയും ദിവ്യയുടെയും മുന്നോട്ടുള്ള ജീവിതത്തെ കളങ്കമില്ലാതെ ആക്കിത്തീർക്കാൻ സഹായിച്ച ഒന്നാണ്. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുപറഞ്ഞ് ഞങ്ങളെ ഞങ്ങൾ തന്നെ തിരികെയെടുത്ത ഞങ്ങളുടെ പ്രണയയാത്രയായിരുന്നു അത്. അതിനാൽ ഇന്നും ഞങ്ങൾ പ്രണയത്തിൽ തന്നെയായിരിക്കുന്നു.
READ MORE: കാവേരി നദിയുടെ ഉത്ഭവം തേടിയൊരു യാത്ര; തലക്കാവേരിയിൽ പ്രണയം പൂത്ത ദിനം!
