യാത്രയ്ക്ക് മുമ്പ് പെട്ടി പാക്ക് ചെയ്യുമ്പോൾ സ്ഥലം തികയാതെ വരാറുണ്ടോ? ഇതിന് ലളിതമായ പരിഹാരം കാണിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

യാത്രകൾ എപ്പോഴും രസകരവും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നവയുമാണ്. പുതിയ സ്ഥലങ്ങൾ കാണാനും വ്യത്യസ്തമായ സംസ്കാരങ്ങൾ അനുഭവിച്ചറിയാനും മനോ​ഹരമായ പ്രകൃതിഭം​ഗി ആസ്വദിക്കാനുമെല്ലാം യാത്രകൾ സഹായിക്കും. യാത്രകൾക്ക് മുമ്പുള്ള തയ്യാറെടുപ്പും ആവേശമാണെങ്കിലും ബാ​ഗ് പായ്ക്ക് ചെയ്യുന്ന ഘട്ടം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്തൊക്കെ ബാ​ഗിലാക്കണം? അമിതഭാരമാകുമോ? തുടങ്ങിയ സംശയങ്ങളുമായാണ് പലരും ബാ​ഗ് പായ്ക്ക് ചെയ്യാറുള്ളത്. പലപ്പോഴും ബാ​ഗിലെ സ്ഥലം പോരാതെ വരാറുമുണ്ട്.

ഇപ്പോൾ ഇതാ ഒരു ബാ​ഗ് എങ്ങനെ സിമ്പിളായി പായ്ക്ക് ചെയ്യാം എന്ന് വ്യക്തമാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. സാമാന്യ ബുദ്ധി എന്നതിലുപരിയായി പായ്ക്ക് ചെയ്യുന്നതിൽ വലിയ ടെക്നിക്ക് ഒന്നും പ്രയോ​ഗിക്കുന്നില്ല എന്നതാണ് ഈ വീഡിയോയെ ആകർഷകമാക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വസ്ത്രങ്ങൾ എങ്ങനെ പായ്ക്ക് ചെയ്യാം എന്നതിനുള്ള എളുപ്പവഴിയാണ് കാണിക്കുന്നത്.

സാധാരണയായി മിക്കയാളുകളും ചെയ്യുന്നത് പോലെ സ്യൂട്ട്കേസ് തിരശ്ചീനമായി വെയ്ക്കുന്നതിനു പകരം അത് ലംബമായി വെച്ചാണ് സ്ത്രീ അവരുടെ വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും അടുക്കിവെയ്ക്കുന്നത്. തിരശ്ചീനമായി വെച്ചപ്പോൾ സ്യൂട്ട്കേസിൽ സ്ഥലം പോരാതെ വരികയും സിപ്പ് അടക്കാൻ പറ്റാതെ വരികയും ചെയ്തിരുന്നു. എന്നാൽ, അത് ലംബമായി വെച്ചപ്പോൾ അതിശയകരമായ രീതിയിൽ സ്യൂട്ട്കേസിൽ കൂടുതൽ സ്ഥലം സൃഷ്ടിക്കപ്പെട്ടതായി കാണാം. മടക്കിവെച്ച വസ്ത്രങ്ങൾ താഴെ നിന്ന് മുകളിലേക്ക് അടുക്കിവെച്ചപ്പോൾ ഒരു ഷെൽഫിൽ പുസ്തകങ്ങൾ അടുക്കി വെയ്ക്കുന്നതുപോലെയാണ് അത് കാണപ്പെട്ടത്.

View post on Instagram

വളരെ സിമ്പിളായ ആശയത്തെ സോഷ്യൽ മീഡിയ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. ‘ടെക്നളോജിയ’ എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ‘തീർച്ചയായും ഇത് ശ്രമിച്ച് നോക്കുമെന്ന്’ മറ്റൊരാൾ പറഞ്ഞു. ‘ശരിക്കും നല്ല ആശയമെന്നാണ്’ ഒരാൾ കുറിച്ചത്. ‘വെക്കേഷനിൽ നിന്ന് തിരിച്ചെത്തിയതേയുള്ളൂ. ഇത് മുമ്പ് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചെന്ന്’ ഒരു ഉപയോക്താവ് പറഞ്ഞപ്പോൾ നിരവധി ആളുകളാണ് ഒരേ സ്വരത്തിൽ വീഡിയോയ്ക്ക് നന്ദി പറഞ്ഞത്.