സ്പെയിനിൽ നിന്നെത്തിയ ആൻഡ്രിയ പാസ്പർ എന്ന വിനോദസഞ്ചാരി വന്ദേ ഭാരത് ട്രെയിനിലെ തന്റെ യാത്രാനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. 

വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ ഇന്ത്യൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്നതും കൗതുകക്കാഴ്ചകളാണ്. ഇന്ത്യൻ ട്രെയിനുകളിലെ, പ്രത്യേകിച്ച് വന്ദേ ഭാരതിലെ സൗകര്യങ്ങളും യാത്രാ സുഖവുമെല്ലാം വിദേശ ടൂറിസ്റ്റുകൾ പുകഴ്ത്തുന്നത് അടുത്തിടെയായി പല തവണ കണ്ടുകഴിഞ്ഞു. ഇപ്പോൾ ഇതാ വീണ്ടും വന്ദേ ഭാരതിലെ സുഖസൗകര്യങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുകയാണ് സ്പെയിനിൽ നിന്ന് എത്തിയ വനിതാ വിനോദസഞ്ചാരി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്പാനിഷ് യുവതിയായ ആൻഡ്രിയ പാസ്പറാണ് ഇൻസ്റ്റാഗ്രാമിലൂടെ വന്ദേ ഭാരതിലെ തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ലക്ഷ്യസ്ഥാനമോ ബോർഡിംഗ് സ്റ്റേഷനോ വെളിപ്പെടുത്താതെ ട്രെയിനിലെ വിശേഷങ്ങൾ മാത്രമാണ് ആൻഡ്രിയ പങ്കുവെച്ചിരിക്കുന്നത്. വന്ദേ ഭാരത് ചെയർ കാറിലായിരുന്നു ആൻഡ്രിയയുടെ യാത്ര. അവിശ്വസനീയം എന്നായിരുന്നു ആൻഡ്രിയയുടെ ഫസ്റ്റ് ഇംപ്രഷൻ. കമ്പാർട്ടുമെന്റുകളും ഓവർഹെഡ് ബിന്നുകളും എത്ര വിശാലമാണെന്ന് ആൻഡ്രിയ അത്ഭുതപ്പെടുന്നുണ്ട്.

ട്രേ ടേബിൾ, പ്ലഗ് പോയിന്റുകൾ, സീറ്റുകളിലെ വാട്ടർ ബോട്ടിൽ ഹോൾഡർ എന്നിവ വീഡിയോയിൽ എടുത്തുകാണിക്കുന്നുണ്ട്. ഓൺബോർഡ് ഭക്ഷണത്തിന്റെ കാഴ്ചകളും വീഡിയോയിലുണ്ട്. കാരമലൈസ് ചെയ്ത പോപ്‌കോൺ, ഒരു മാംഗോ ഡ്രിങ്ക് ഒരു കോഫി പ്രീമിക്സ് തുടങ്ങിയ ചിലത് സ്നാക്സ് ട്രേയിൽ കാണാം. ഭക്ഷണം ആൻഡ്രിയയ്ക്ക് വളരെ ഇഷ്ടപ്പെട്ടെന്നാണ് മുഖഭാവങ്ങൾ വ്യക്തമാക്കുന്നത്. ട്രെയിനിലെ സുരക്ഷ ഉറപ്പാക്കാൻ ടിക്കറ്റ് ചെക്കർ എത്തുന്നതും ആൻഡ്രിയ ചിത്രീകരിച്ചിട്ടുണ്ട്.

View post on Instagram

വന്ദേ ഭാരതിലെ വാഷ്‌റൂമിലേയ്ക്കാണ് ആൻഡ്രിയ പിന്നീട് പോകുന്നത്. എത്ര വലുതും വിശാലവുമായ വാഷ്റൂമാണ് ട്രെയിനിലുള്ളതെന്ന് ആൻഡ്രിയ അതിശയത്തോടെയാണ് കാണുന്നത്. ഇതിനുള്ളിലെ സൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച ശേഷം മൊത്തത്തിൽ 10/10 റേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. പിന്നീട്, ട്രെയിനിലെ തന്റെ ഭക്ഷണത്തിന്റെ വിശേഷങ്ങളാണ് വ്ലോ​ഗർ പങ്കുവെയ്ക്കുന്നത്. ദാൽ, കറി, ചപ്പാത്തി, സബ്സി, റൈസ് എന്നിവ ഉൾപ്പെടുന്ന ഭക്ഷണം കഴിച്ച ശേഷം ആൻഡ്രിയ അതിനെ പ്രശംസിക്കുകയും തന്റെ വയർ പൂർണ്ണമായും നിറഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. ഭക്ഷണത്തിനൊപ്പം നൽകിയ ഐസ്ക്രീം കൂടി കഴിച്ചാണ് ആൻഡ്രിയ വീ‍ഡിയോ അവസാനിപ്പിക്കുന്നത്.