യാത്ര ചെയ്യുന്ന വിമാനത്തിലെ പൈലറ്റ് സ്വന്തം ഭർത്താവാണെങ്കിൽ എങ്ങനെയുണ്ടാകും? വിമാനത്തിൽ യാത്രക്കാരിയായിരുന്ന ഭാര്യയെക്കുറിച്ച് ഒരു പൈലറ്റ് നടത്തിയ അനൗൺസ്മെന്റാണ് ഇപ്പോൾ വൈറലാകുന്നത്.
പ്രിയപ്പെട്ട ഒരാളോടൊപ്പം വിമാനയാത്ര നടത്തുകയെന്നത് പലരുടെയും ഒരു ആഗ്രഹമായിരിക്കും. ബോർഡിംഗ് പാസുകളുടെ മനോഹരമായ ചിത്രങ്ങൾ, വിൻഡോ സീറ്റിൽ നിന്നുള്ള വിമാനച്ചിറകുകളുടെ ദൃശ്യങ്ങൾ, മേഘങ്ങൾ... അങ്ങനെ മനസിലും ക്യാമറയിലും പകർത്താൻ ഒരുപാട് കാഴ്ചകളും അനുഭവങ്ങളുമായിരിക്കും അത്തരത്തിലൊരു വിമാനയാത്ര നിങ്ങൾക്ക് സമ്മാനിക്കുക. എന്നാൽ നിങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തിലെ പൈലറ്റ് നിങ്ങളുടെ പങ്കാളി തന്നെയാണെങ്കിലോ?
വിമാനത്തിലെ യാത്രക്കാരിയായ തന്റെ ഭാര്യയെക്കുറിച്ചുള്ള ഒരു പൈലറ്റിന്റെ വിമാനത്തിനുള്ളിലെ അനൗൺസ്മെന്റ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിൻഡോ സീറ്റിലിരിക്കുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണാനാകുക. താമസിയാതെ, പൈലറ്റ് മനോഹരമായ ഒരു പ്രീ-ഫ്ലൈറ്റ് അനൗൺസ്മെന്റ് നടത്തി. ‘ഞങ്ങൾക്ക് ഒരു വിശിഷ്ടാതിഥിയുണ്ട്. ഒമ്പതാം നിരയിലെ സീറ്റായ എയിൽ ഇരിക്കുന്നത് എന്റെ ഭാര്യയാണ്. അവളെ ഒന്ന് നാണിപ്പിക്കാൻ ദയവായി അവൾക്ക് ഒരു കൈയ്യടി നൽകുക’. എന്നായിരുന്നു പൈലറ്റിന്റെ അനൗൺസ്മെന്റ്. ഇത് കേട്ടതോടെ യുവതി നാണം കൊണ്ട് മുഖം മറയ്ക്കുന്നത് വീഡിയോയിൽ കാണാം. യാത്രക്കാർ പൈലറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വേണ്ടി കൈയടിക്കുകയും ചെയ്തു.
പൈലറ്റ് തന്റെ സിഗ്നേച്ചർ ശൈലിയിൽ പ്രഖ്യാപനം തുടർന്നു. ‘നന്ദി. ബർമിംഗ്ഹാമിൽ ഇറങ്ങിയതിനുശേഷം എനിക്ക് ഇത് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. എന്തായാലും, യാത്രയ്ക്ക് ഞാൻ ഏകദേശം ഒരു മണിക്കൂറും 14 മിനിറ്റും എടുക്കും’ അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ പൈലറ്റ് തന്നെ നിങ്ങളുടെ ഭർത്താവും ആകുമ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് തനിക്ക് മറക്കാനാകാത്ത ഒരു അനുഭവമാണെന്നും കാരണം ഇത് ഭർത്താവിനോടൊപ്പമുള്ള തന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നുവെന്നും യുവതി കുറിച്ചു.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ അതിവേഗം വൈറലായി മാറി. നിരവധിയാളുകളാണ് പൈലറ്റിനെയും ഭാര്യയെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്. പെൺകുട്ടി ജീവിതത്തിൽ വിജയിച്ചുവെന്നായിരുന്നു ഒരാളുടെ കമന്റ്. സൂപ്പർ ഡ്യൂപ്പർ മെഗാ ക്യൂട്ട് എന്നാണ് മറ്റൊരാൾ വീഡിയോയെ വിശേഷിപ്പിച്ചത്. എല്ലാ യാത്രക്കാർക്കും ഏറ്റവും സുരക്ഷിതമായ വിമാന യാത്രയായിരിക്കും ഇതെന്ന് ഉറപ്പാണെന്ന കമന്റും ശ്രദ്ധേയമായി.


