പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്‌പോർട്ടിനോ എമർജൻസി സർട്ടിഫിക്കറ്റിനോ അപേക്ഷിക്കുകയും വേണം.
യാത്രയ്ക്കിടെ പാസ്‌പോർട്ടോ ഫോണോ നഷ്ടപ്പെടുന്നത് ആ യാത്രയുടെ മുഴുവൻ സന്തോഷവും തകർക്കുന്ന കാര്യമായിരിക്കാം. സ്വാഭാവികമായും സമ്മർദ്ദം അനുഭവപ്പെടും. എന്നാൽ, നിങ്ങൾ ശാന്തത പാലിക്കുകയും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയുകയും ചെയ്താൽ നിങ്ങൾക്ക് അധികം ബുദ്ധിമുട്ടില്ലാതെ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയും. നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
നഷ്ടം റിപ്പോർട്ട് ചെയ്യുക
നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടുവെന്ന് ഉറപ്പാണെങ്കിൽ, ഉടൻ തന്നെ അത് റിപ്പോർട്ട് ചെയ്യുക. ഒരു റിപ്പോർട്ട് ഫയൽ ചെയ്യാൻ പ്രാദേശിക പൊലീസുമായി ബന്ധപ്പെടുക. എംബസികളുമായും അധികാരികളുമായും ഇടപെടുമ്പോൾ ഇത് സഹായകരമാകും. കൂടാതെ, നഷ്ടത്തെക്കുറിച്ച് നിങ്ങളുടെ രാജ്യത്തെ എംബസിയെയോ കോൺസുലേറ്റിനെയോ അറിയിക്കുകയും വേണം. പുതിയൊരെണ്ണം ലഭിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് അവർ നിങ്ങളോട് വിവരങ്ങൾ പങ്കുവെയ്ക്കും.
ഏറ്റവും അടുത്തുള്ള എംബസി / കോൺസുലേറ്റ് സന്ദർശിക്കുക
പൊലീസിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം നിങ്ങളുടെ മാതൃരാജ്യത്തിന്റെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ പോകുക. പൊലീസ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് കൈവശം വെയ്ക്കുന്നത് നന്നായിരിക്കും. കൂടാതെ, നിങ്ങളുടെ തിരിച്ചറിയൽ രേഖകളും കൈവശമുണ്ടായിരിക്കണം. എമർജൻസി ട്രാവൽ ഡോക്യുമെന്റോ പകരം പാസ്‌പോർട്ടോ നേടുന്നതിനുള്ള പ്രക്രിയകൾക്ക് ഇക്കാര്യങ്ങൾ ആവശ്യമാണ്.
പൗരത്വ, തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുക
ഒരു പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ആ വ്യക്തിയ്ക്ക് പുതിയ പാസ്‌പോർട്ട് നൽകുന്നതിന് എംബസികൾക്കും കോൺസുലേറ്റുകൾക്കും പൗരത്വത്തിന്റെയും തിരിച്ചറിയൽ രേഖയുടെയും തെളിവ് ആവശ്യമാണ്. നിങ്ങളുടെ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പികൾ അല്ലെങ്കിൽ ഡിജിറ്റൽ പകർപ്പുകൾ, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് പോലെയുള്ള ഏതെങ്കിലും രേഖകൾ കൈവശം ഉണ്ടായിരിക്കണം.
പുതിയ പാസ്‌പോർട്ടിനോ എമർജൻസി സർട്ടിഫിക്കറ്റിനോ അപേക്ഷിക്കുക
പാസ്പോർട്ട് നഷ്ടമായാൽ യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. നിങ്ങൾക്ക് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാം. എന്നാൽ, പ്രക്രിയകൾ പൂർത്തിയാക്കി പുതിയ പാസ്പോർട്ട് ലഭിക്കാൻ കുറഞ്ഞത് ഒരു ആഴ്ച സമയം എടുക്കും. നാട്ടിലേക്ക് മടങ്ങാനോ യാത്ര തുടരാനോ അനുവദിക്കുന്ന ഒരു എമർജൻസി സർട്ടിഫിക്കറ്റ് നേടുക എന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. എമർജൻസി സർട്ടിഫിക്കറ്റ് ഒരു താൽക്കാലിക രേഖ മാത്രമാണ്. പുതിയ പാസ്പോർട്ട് ലഭിക്കുന്നത് വരെ ഇത് ഉപയോഗിക്കാം.
പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
- ഇപ്പോഴത്തെ വിലാസത്തിന്റെ തെളിവ്
- ജനനത്തീയതി തെളിയിക്കുന്ന രേഖ
- പാസ്‌പോർട്ട് എങ്ങനെ, എവിടെയാണ് നഷ്ടപ്പെട്ടത്/കേടുവന്നതെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം
- പൊലീസ് റിപ്പോർട്ടിന്റെ ഒറിജിനൽ
- പഴയ പാസ്‌പോർട്ടിന്റെ ECR/Non-ECR പേജ് ഉൾപ്പെടെ, ആദ്യത്തെ രണ്ട് പേജുകളുടെയും അവസാന രണ്ട് പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി.
- പാസ്‌പോർട്ട് നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ എല്ലാ വിസ വിശദാംശങ്ങളും നഷ്ടപ്പെടും. നിങ്ങളുടെ വിസ വീണ്ടെടുക്കാൻ, ആദ്യം വിസ നൽകിയ രാജ്യത്തെ എംബസി സന്ദർശിക്കുക. നിങ്ങളുടെ മുൻ വിസയുടെ പകർപ്പും ഫയൽ ചെയ്ത പൊലീസ് റിപ്പോർട്ടും കൈവശമുണ്ടാകണം.


