ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വിമാനയാത്രയ്ക്ക് മുൻപ് പൈലറ്റുമാർ നിര്‍ബന്ധമായും ബ്രെത്തലൈസർ പരിശോധനയ്ക്ക് വിധേയരാകണം. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്.
പൈലറ്റുമാർ വിമാനയാത്രയ്ക്ക് തൊട്ടുമുമ്പ് പെർഫ്യൂം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ വിമാനയാത്രയ്ക്ക് മുൻപും പൈലറ്റുമാർ മദ്യം, അഥവാ ആൽക്കഹോളിന്റെ സ്വാധീനത്തിലല്ലെന്ന് ഉറപ്പാക്കാൻ നിർബമായും ബ്രെത്തലൈസർ പരിശോധനയ്ക്ക് വിധേയരാകണം. സാനിറ്റൈസറുകൾ, മൗത്ത് വാഷ്, പെർഫ്യൂമുകൾ എന്നിവയിൽ എഥൈൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് കാരണം.
‘പരിശോധനയ്ക്ക് തൊട്ടുമുമ്പ് ഒരു പൈലറ്റ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ പെർഫ്യൂം സ്പ്രേ ചെയ്യുകയോ ചെയ്താൽ, വായിലോ അന്തരീക്ഷത്തിലോ ആൽക്കഹോളിന്റെ നേരിയ അംശമെങ്കിലും ഉണ്ടെങ്കിൽ, അത് റീഡിംഗിൽ പ്രതിഫലിക്കും. ഇത് തെറ്റായ റിസൾട്ടിന് കാരണമായേക്കാം’. എഎൽപിഎ ഇന്ത്യയുടെ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ അനിൽ റാവു പറഞ്ഞു. പല പെർഫ്യൂമുകളും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ളവയാണ്. അതിനാൽ, അവ റിസൾട്ടുകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
'ബ്രെത്തലൈസർ ഉപകരണം വളരെ സെൻസിറ്റീവ് ആണ്. ഇതിന് 0.0001 ശതമാനം ആൽക്കഹോൾ പോലും കണ്ടെത്താൻ കഴിയും. അതിനാൽ പൈലറ്റുമാർ മദ്യം ഉപയോഗിച്ചിട്ടില്ലെങ്കിൽ പോലും പെർഫ്യൂം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ പെർഫ്യൂമിലെ ആൽക്കഹോൾ കണ്ടെത്തുകയും പോസിറ്റീവ് റിസൾട്ട് കാണിക്കുകയും ചെയ്തേക്കാം. ഇത്തരം റിസൾട്ടുകൾ വിമാനങ്ങൾ വൈകാൻ കാരണമാവുകയും പൈലറ്റുമാർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും". ഗോൾഡൻ എപ്പലറ്റ്സ് ഏവിയേഷൻ ഡയറക്‌ടർ ക്യാപ്റ്റൻ തോമർ അവധേഷ് പറഞ്ഞു.
മിക്ക വിമാനക്കമ്പനികളിലും, പരിശോധനയ്ക്ക് തൊട്ടുമുമ്പ് ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന റീഡിംഗ് കണ്ടെത്തിയാൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്തും. ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയാൽ അത് വിമാനം വൈകാനും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കാനും കാരണമാകും. അതിനാൽ, പെർഫ്യൂമോ സാനിറ്റൈസറോ ഉപയോഗിക്കാൻ പോലും പൈലറ്റുമാർക്ക് പരിശോധന കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും. ബ്രെത്തലൈസർ പരിശോധന കഴിഞ്ഞാൽ അവർക്ക് പെർഫ്യൂം ഉപയോഗിക്കാം. ഇത് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെയും ഒരു നടപടിക്രമമാണ്.


