എല്ലാ വർഷവും സെപ്റ്റംബർ 27-ന് ആഘോഷിക്കുന്ന ലോക ടൂറിസം ദിനത്തിന്റെ ഈ വർഷത്തെ തീം ‘ടൂറിസം ആൻഡ് സസ്‌റ്റൈനബിൾ ട്രാൻസ്ഫോർമേഷൻ’ എന്നതാണ്. സുസ്ഥിര, ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാധാന്യമാണ് ഈ ദിനം വിളിച്ചോതുന്നത്.
കാത്തിരിപ്പിനൊടുവിൽ മറ്റൊരു ലോക ടൂറിസം കൂടി വന്നെത്തിയിരിക്കുകയാണ്. 1980-ൽ യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി സ്ഥാപിച്ച ലോക ടൂറിസം ദിനം എല്ലാ വർഷവും സെപ്റ്റംബർ 27-നാണ് ആഘോഷിക്കുന്നത്. സമൂഹത്തിൽ ടൂറിസത്തിന്റെ പങ്കിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. യാത്ര, സംസ്കാരം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ ദിനം ഓർമ്മിപ്പിക്കുന്നു. ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് കൂടുതലറിയാനുള്ള അവസരം കൂടിയാണ് ഈ ദിനം.
യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ചട്ടങ്ങൾ അംഗീകരിച്ചതിന്റെ വാർഷികം ആഘോഷിക്കുന്നതിനാണ് സെപ്റ്റംബർ 27 ലോക ടൂറിസം ദിനമായി തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര സമൂഹത്തിൽ ടൂറിസത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
2025 ലെ ലോക ടൂറിസം ദിനത്തിന്റെ തീം
എല്ലാ വർഷവും യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ തിരഞ്ഞെടുത്ത ഒരു പ്രത്യേക തീം അനുസരിച്ചാണ് ലോക ടൂറിസം ദിനം ആഘോഷിക്കുന്നത്. ‘ടൂറിസം ആൻഡ് സസ്‌റ്റൈനബിൾ ട്രാൻസ്ഫോർമേഷൻ’ എന്നതാണ് ഈ വർഷത്തെ തീം. വ്യത്യസ്ത സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും അഭിവൃദ്ധിപ്പെടുത്തുകയും ഒപ്പം ഭൂമിയെ സംരക്ഷിക്കാൻ സഹായിക്കുന്ന സുസ്ഥിര ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും പദ്ധതികളിലും നിക്ഷേപം നടത്തേണ്ടതിന്റെ അടിയന്തര ആവശ്യകതയുമാണ് ഈ പ്രമേയം അടിവരയിടുന്നത്.
ലോക ടൂറിസം ദിനം എന്നത് കേവലം യാത്രകളെ കുറിച്ച് മാത്രം ചർച്ച ചെയ്യേണ്ട ഒന്നല്ല, മറിച്ച് സമൂഹത്തിലും പരിസ്ഥിതിയിലും ടൂറിസം ചെലുത്തുന്ന ദൂരവ്യാപകമായ സ്വാധീനത്തെക്കുറിച്ചാണ് ഈ ദിനം ഓർമ്മപ്പെടുത്തത്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ നീലയാണ് ലോക ടൂറിസം ദിനത്തിന്റെ ഔദ്യോഗിക നിറം. നൈജീരിയയിലെ ഐ.എ. അതിഗ്ബിയാണ് ലോക ടൂറിസം ദിനത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്.
ടൂറിസത്തിന്റെ പ്രാധാന്യം
സാമ്പത്തിക വളർച്ച: ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആഗോളതലത്തിൽ പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ടൂറിസം.
സാംസ്കാരിക വിനിമയം: വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകൾക്കിടയിൽ പരസ്പര ധാരണയും ബഹുമാനവുമെല്ലാം വളർത്തുന്നതിൽ ടൂറിസത്തിന് വലിയ പങ്കുണ്ട്.
സാമൂഹിക ശാക്തീകരണം: വ്യത്യസ്ത സമൂഹങ്ങളെ അവരുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാൻ ഉത്തരവാദിത്ത ടൂറിസം സഹായിക്കുന്നു.
പരിസ്ഥിതി സംരക്ഷണം: സുസ്ഥിര യാത്രാ രീതികൾ ഭാവിയിലേക്ക് പ്രകൃതിയെയും വിഭവങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുന്നു.
വിദ്യാഭ്യാസം: എപ്പോഴും വ്യക്തികളുടെ കാഴ്ചപ്പാടുകളെ വിശാലമാക്കുന്ന ഒന്നാണ് യാത്രകൾ. ഭൂമിശാസ്ത്രം, ആഗോള പ്രശ്നങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനത്തിന് യാത്രകൾ പ്രചോദനം നൽകുകയും ചെയ്യുന്നു.


