Asianet News MalayalamAsianet News Malayalam

ഈ പാക്കിസ്ഥാനി അയക്കുന്ന  ചില്ലിക്കാശിനാലാണ് ഒരു  മലയാളി കുടുംബം  ജീവിക്കുന്നത്

  • റാസല്‍ ഖൈമയിലെ ആ നല്ല മനുഷ്യന്‍
  • ആമി അലവി എഴുതുന്നു
Aami Alavi column on good man in Ras Al khaimah

ജാതിയുടെ, മതത്തിന്റെ, വര്‍ണ്ണത്തിന്റെ,  പണത്തിന്റെ  ഒക്കെ പേരില്‍  അതിരുകളുണ്ടാക്കി  ജീവിക്കുന്ന  അനേകായിരം  മനുഷ്യര്‍ക്കിടയില്‍  ഇങ്ങിനേം  ഒരാള്‍. ആരുമില്ലാത്ത  ഒരുവള്‍ക്കു വേണ്ടി ആയുസ് ഹോമിക്കാന്‍ ഭ്രാന്താണോ എന്നൊരു  ചോദ്യം നിങ്ങളോടിതിനകം പലരും  ചോദിച്ചിരിക്കുമെന്ന്  എനിക്കറിയാം. 

Aami Alavi column on good man in Ras Al khaimah

സുബഹി നമസ്‌ക്കരിക്കാന്‍ റാസല്‍ഖൈമയിലെ പൊടിപടര്‍ന്ന റോഡരികിലേക്ക്  വണ്ടിയൊതുക്കി   ഞങ്ങള്‍   ഇറങ്ങിയതൊരു  ഹജ്ജ്  പെരുന്നാളിനായിരുന്നു.  

പെരുന്നാളിന്റെ നാലഞ്ച് ദിവസത്തെ അവധി  ആഘോഷിക്കാനുള്ള  യാത്ര. മറ്റുള്ളവര്‍  പള്ളിയിലേക്ക്  കയറിയപ്പോള്‍  ഞാന്‍ പുറത്ത്  പാതയിലേക്കിറങ്ങി. നേരം  പരപരാ വെളുക്കുന്നേയുള്ളൂ.  അപ്പോഴാണ്  ചെടികളോടും  പൂക്കളോടും മിണ്ടിക്കൊണ്ടൊരാള്‍ റോഡരികിലെ  ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത്  കണ്ടത്. 

ഞാന്‍  അയാള്‍ക്കരികിലേക്ക്  നടന്നു. 

അറുപത്തഞ്ചിനോട്  അടുത്ത പ്രായം. അലസമായ് നെറ്റിയിലേയ്ക്ക് വീണു കിടക്കുന്ന  എണ്ണ  മിനുപ്പില്ലാത്ത മുടിയിഴകള്‍. നരകയറിയ നീണ്ട താടിയില്‍ അരിക് പിടിച്ച് പടര്‍ന്ന ചെമ്പന്‍ രോമങ്ങള്‍.  വെയിലേറ്റ് പൊള്ളിയെന്നപോല്‍  ചുവന്ന് അയാളുടെ നെറ്റിത്തടം. മുഷിഞ്ഞു  തുടങ്ങിയ  പച്ചകളറിലുള്ള ബലദിയയുടെ യൂണിഫോം. 

ഞാനദ്ദേഹത്തോട് സലാം പറഞ്ഞു. അയാളെന്നെ  തല ചെരിച്ചു നോക്കി. പാതയരികില്‍  മുട്ടുകുത്തിയിരുന്നു ചെടികമ്പുകള്‍  പരിശോധിക്കാന്‍  തുടങ്ങി.  അതിനിടയില്‍ സലാം  മടക്കി. 

'പെരുന്നാളായിട്ട്  ഇന്നും ജോലിയാണോ... ?' -ഞാനൊട്ടൊരു  അത്ഭുതത്തോടെ  ചോദിച്ചു. 

അയാള്‍  ചതഞ്ഞൊരു  ചെടിക്കമ്പ് ശ്രദ്ധയോടെ മുറിച്ചു  നീക്കി. ആളുകള്‍ക്ക് പാതയിലൂടെ ശ്രദ്ധിച്ചു  നടന്നുകൂടെ എന്നരിശപ്പെട്ടു.  

പിന്നെയെന്നോട് സാവധാനം ചോദിച്ചു: 'എല്ലാവരും അവധിയില്‍ പോയാല്‍ ഈ ചെടികള്‍ക്കാര് വെള്ളമൊഴിക്കും? റോഡുകളെല്ലാം ആരു വൃത്തിയാക്കും?  നഗരം വൃത്തിഹീനമായാല്‍ നിങ്ങള്‍ എങ്ങനെ സഞ്ചരിക്കും?' 

പിന്നെ  പതിയെ  പുഞ്ചിരിച്ചു . 

ഞങ്ങള്‍ കുറേപേര്‍   മുഷിയുമ്പോള്‍ നഗരം മനോഹരമാകും. ഈ രാജ്യം മനോഹരമാകും.  കുറെ പേര്‍ മുഷിയാന്‍ തയ്യാറാകുമ്പോള്‍ ഈ ലോകം തന്നെ മനോഹരമാകില്ലേ മാഡം? -അയാളുടെ  കണ്ണുകളില്‍  തെളിച്ചമുണ്ടായിരുന്നു. വാക്കുകള്‍ക്ക് മൂര്‍ച്ചയും. 

'വലിയ ഫിലോസഫറാണല്ലോ'-ഞാനും  ചിരിച്ചു. ഞാനന്നേരം   തകഴിയുടെ തോട്ടിയുടെ മകന്‍ വായിച്ചതോര്‍ത്തു . 

എത്ര വയസായി എന്ന് ചോദിച്ചപ്പോള്‍ അറുപത്  കഴിഞ്ഞെന്നു പറഞ്ഞു. 

'എല്ലാവരും അവധിയില്‍ പോയാല്‍ ഈ ചെടികള്‍ക്കാര് വെള്ളമൊഴിക്കും?

'മാഡം  മലബാറി ആണല്ലേ?' ഞാനതെയെന്ന്  തലകുലുക്കി.  അയാളെന്റെ  കുടുബത്തെ  കുറിച്ചന്വേഷിച്ചു. ഞാനയാളുടേം.. 

'ബന്ധുക്കളായിട്ട്  എനിക്കാരുമില്ല. പണ്ട് പാക് ഇന്ത്യാ വിഭജന കാലത്ത്, ഇന്ത്യാക്കാരനായ എന്റെ  പിതാമഹന്‍   കലാപത്തില്‍ സ്വത്തും ധനവുമെല്ലാം നഷ്ടമായി പാക്സ്ഥാനിലേക്ക് കുടുംബത്തോടൊപ്പം  അഭയാര്‍ഥികളായി ഓടിപ്പോയതാണ്. അങ്ങനെ പോയില്ലായിരുന്നെങ്കില്‍  ഞാനും നിങ്ങളെ പോലെ ഇന്ത്യയില്‍ കഴിയുമായിരുന്നു. എന്റെ മുത്തച്ഛന്റെ സമ്പാദ്യം മാത്രം മതിയാകുമായിരുന്നു എനിക്കവിടെ  ധനികനായി ജീവിക്കാന്‍. അങ്ങനെയായിരുന്നെങ്കില്‍  എനിക്കൊരു  വിലാസം ഉണ്ടാകുമായിരുന്നു. കുടുംബം  ഉണ്ടാകുമായിരുന്നു'.  

'വിധി!' 

'ഇന്നിതാ ഞാന്‍ അനാഥനായി ഈ നഗരത്തിന് ഭംഗി പകരുന്നൊരു ഉദ്യാനപാലകനായി കഴിയുന്നു. എല്ലാം  ദൈവത്തിന്റെ  ഓരോ തമാശകളല്ലേ. അവന്റെ അറിവില്ലല്ലാതെ ആര്‍ക്കെന്താണ് ചലിപ്പിക്കാനാവുക.  അതു പറഞ്ഞപ്പോളുള്ള  ചിരിയില്‍  കണ്ണീരുണ്ടായിരുന്നു. 

'ഇതു  നിങ്ങള്‍ക്കുള്ള  പെരുന്നാള്‍  ഭക്ഷണത്തിന്'-ഞാനദ്ദേഹത്തിന് അല്‍പം ദര്‍ഹം കൊടുത്തു . 

'അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. മാഡം,  കരുതുന്നത് പോലെ  എനിക്ക്  പണത്തോട്  ഭ്രമമൊന്നുമില്ല.  എങ്കിലും  നിങ്ങള്‍  തന്നത്  ഞാന്‍  നിഷേധിക്കാത്തതു  എന്തുകൊണ്ടെന്നറിയാമോ?' 

ഞാനില്ലെന്ന്  കണ്ണുറുക്കി.  

മാഡം ഞാനെന്റെ  ചിലവുകളെല്ലാം ചുരുക്കി പണം മിച്ചം പിടിക്കും'

'സമ്പാദ്യമായി മുതല്‍കൂട്ടുകയാണോ?' 

'ഹഹഹ.. സമ്പാദ്യമോ? എനിക്കോ.. ?' 

'കുടുംബമില്ലല്ലോ! പിന്നെയീ   പണമൊക്കെ  എന്തു ചെയ്യുന്നു?' 

മരിക്കുന്നതിന് മുന്നേ  അവളെ  ഒരിക്കലെങ്കിലും  എനിക്കൊന്നു കാണണം

അയാള്‍ അവിടെ  നിന്നും ചിരിച്ചു കൊണ്ട് എഴുന്നേറ്റു. പതിയെ  പറയാന്‍  തുടങ്ങി.  

'എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു, ഹമീദ്. അവന്‍ നിങ്ങളുടെ നാട്ടുകാരനാണ്. റോഡ് വൃത്തിയാക്കുന്ന ജോലിയായിരുന്നു അവന്. 

അവനൊരിക്കല്‍ ജോലിക്കിടയില്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. അവന് ഭാര്യയും ഒരു  മകളുമുണ്ട് .  എനിക്ക് കിട്ടുന്ന ചെറിയ ശമ്പളത്തില്‍ നിന്നും ഒരു തുക അവര്‍ക്ക് അയക്കും. അവരെനിക്ക് മലയാളത്തില്‍ കത്തുകള്‍ അയക്കും. ഞാന്‍ ഇവിടെയുള്ള മലയാളികളെ കൊണ്ട് വായിപ്പിക്കും. അവരെ കൊണ്ട് മറുപടി അയപ്പിക്കും. അവള്‍ ഉമ്മു സല്‍മ, എന്നെ വല്ല്യുപ്പ എന്നാണ് വിളിക്കുന്നത്. ആരുമില്ലാത്ത എനിക്ക്  ആ വിളി സ്‌നേഹത്തിന്റെ കടല്‍ പോലെയാണ് ...! അവളെത്ര  മിടുക്കി  ആരാണെന്നറിയാമോ? വല്ല്യുപ്പ ,  ആരോഗ്യം നോക്കണമെന്നൊക്കെ  ഓരോ കത്തിലും ഓര്‍മിപ്പിക്കും. അവള്  വന്നതില്‍  പിന്നേ  ഞാന്‍  പുകവലി നിര്‍ത്തി. അവളെന്റെ  ജീവനാണിപ്പോ.  

അയാള്‍  പോക്കെറ്റില്‍  നിന്നൊരു  കത്തെടുത്തു  കാണിച്ചു.  

'ഇതിങ്ങനെ  നെഞ്ചോട്  ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഞാന്‍  അനാഥനല്ലെന്ന്  തോന്നും'-കരുതലില്‍ പൊതിഞ്ഞ സ്‌നേഹത്തിന്റെയിരമ്പം.

'എന്റെ ഭാഷയിലല്ലാഞ്ഞിട്ടും ഓരോ കത്തും എനിക്ക് പ്രിയപ്പെട്ടതാണ്. എന്റെ ഏകാന്തതയെ അതെന്നില്‍ നിന്നുമകറ്റി, ഉള്ളില്‍ കാത്തിരിപ്പിന്റെ സുഖവും സന്തോഷവും നല്‍കി. ഞാനിപ്പോള്‍  ജീവിക്കുന്നത്  അവള്‍ക്ക് വേണ്ടിയാണ്. എനിക്കവളെ ധാരാളം   പഠിപ്പിക്കണം. അതിന് പണം  വേണം.  അതിനാണ്  അനാരോഗ്യം  വകവെയ്ക്കാതെ  ഞാനിങ്ങനെ  അലയുന്നത്. 

ഞാന്‍  സ്തബ്ധയായി. 

എന്തിനാണീ സ്‌നേഹമെന്ന വികാരം  കൊണ്ട്  ചില  മനുഷ്യര്‍  മനസ്സിനെ ഇങ്ങനെ തച്ചുതകര്‍ക്കുന്നത്. മരിക്കുന്നതിന് മുന്നേ  അവളെ  ഒരിക്കലെങ്കിലും  എനിക്കൊന്നു കാണണം. തൊട്ടരികിലിരുന്നു  വല്യുപ്പ  എന്നൊന്ന്  വിളിക്കുന്നത്  കേള്‍ക്കണം. നെറ്റിയിലൊരുമ്മ  കൊടുക്കണം. ദൈവം  അതുവരെയെന്റെ  ആയുസ്സ്  നീട്ടിതരുമായിരികുമല്ലേ? 

എന്റെ  ഉള്ള് തുടുത്തു.  

'ഉറപ്പായും...' ഞാനയാള്‍ക്കു  കൈ കൊടുത്തു. പ്രതീക്ഷയുടെ  ഒരു തുള്ളി  കണ്ണീര്‍  അയാളുടെ  കണ്ണില്‍  തിളങ്ങി.  

ജാതിയുടെ, മതത്തിന്റെ, വര്‍ണ്ണത്തിന്റെ,  പണത്തിന്റെ  ഒക്കെ പേരില്‍  അതിരുകളുണ്ടാക്കി  ജീവിക്കുന്ന  അനേകായിരം  മനുഷ്യര്‍ക്കിടയില്‍  ഇങ്ങിനേം  ഒരാള്‍.

ആരുമില്ലാത്ത  ഒരുവള്‍ക്കു വേണ്ടി ആയുസ് ഹോമിക്കാന്‍ ഭ്രാന്താണോ എന്നൊരു  ചോദ്യം നിങ്ങളോടിതിനകം പലരും  ചോദിച്ചിരിക്കുമെന്ന്  എനിക്കറിയാം. 

അങ്ങനൊരു  മനുഷ്യനുണ്ട്. ദാ...  കണ്ടോളൂ... 

ഇതിന്റെ  പേര്  സ്‌നേഹം എന്നാണെന്നും  കുറേ ഏറെ  ചികയാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ  കര്‍മ്മം  ചെയ്യുന്നവര്‍  ഉണ്ടെന്നും സന്തോഷത്തിന്റെ പാത അവരുടേതാണെന്നും ആ  മനുഷ്യര്‍ക്ക്  മനസ്സിലാവുകയില്ല. 

അവര്‍  നിങ്ങള്‍ക്ക്  ഭ്രാന്താണെന്ന്  മാത്രം  പറയും.  

ഉമ്മൂ  സല്‍മാ! നീയെഴുതിയ  കത്തുകളില്‍ നിന്റെ ഹൃദയം  പതിഞ്ഞു കിടപ്പുണ്ടാവും.  അതുകൊണ്ടു തന്നെ  ഈയൊരു   കാത്തിരുപ്പിന്  അയാളുടെ  ആയുസ്സോളം  ദൈര്‍ഘ്യമുണ്ടാവും.  

ചില മനുഷ്യരുണ്ട്!  കര്‍മ്മകാണ്ഡത്തില്‍ ചിലതൊക്കെ അവശേഷിപ്പിച്ചേ അവര്‍ പ്രവാസത്തില്‍ നിന്നും, അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നും മടങ്ങുകയുള്ളൂ.  അതിനാല്‍  ഈ  കാത്തിരുപ്പ്  സഫലമാകുമെന്നു ഞാനുറച്ചു  വിശ്വസിക്കുന്നു. 

യാത്ര പറഞ്ഞു  തിരിഞ്ഞു  നടക്കുമ്പോള്‍ എനിക്ക്   കാരണമില്ലാതെ  കരച്ചില്‍  വന്നു. അയാളെയൊന്നു ചേര്‍ത്തു പിടിക്കാമായിരുന്നെന്നു  തോന്നി.  

കാറിലിരുന്ന്  ആരാണയാള്‍, കുറേ സംസാരിക്കുന്നുണ്ടായിരുന്നല്ലോ എന്ന്  ചോദിച്ച പങ്കാളിയോട്  മാലാഖയുടെ  പുല്ലിംഗം  എന്താണെന്ന്  ഞാന്‍  ചോദിച്ചു. 

അറിയില്ലെന്ന്  ചുമലിളക്കുമ്പോള്‍ ഞാനയാളെ  ചൂണ്ടി  കാണിച്ചു. അങ്ങനൊരു  പദം  ഉണ്ടായാലുമില്ലെങ്കിലും  അങ്ങനൊരു  മനുഷ്യനുണ്ട്. ദാ...  കണ്ടോളൂ... 

ദൂരേ...  റോഡരികില്‍  ഒരു   പൊട്ടുപോലെ  അയാളപ്പോഴും പൂക്കളോടു  മിണ്ടിക്കൊണ്ടിരിപ്പുണ്ടായിരുന്നു .  
 

ആമി അലവി എഴുതിയ മറ്റ് കുറിപ്പുകള്‍

എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

ഞാന്‍ വീട്ടിലേക്ക് മടങ്ങി; അവള്‍ മരണത്തിലേക്കും!

തീ പോലൊരു രാജകുമാരന്‍; തീ കൊണ്ടൊരു രാജകുമാരി!

പ്രണയത്തിന്റെ ആദ്യപാഠം

എന്തിനാണ് നാമിങ്ങനെ  ശരീരത്തെ  ഭയക്കുന്നത്?

 മറിയം, എന്റെ വലിയ പൂമ്പാറ്റ!

കത്തിമുന പോലെ പിന്തുടരുന്ന മുഖമായിരുന്നു  ജീവിതത്തിലുടനീളം അയാള്‍!'നീ മരിച്ചാല്‍  ആ വിവരം  ഞാനറിയണമെന്നില്ല'

Follow Us:
Download App:
  • android
  • ios