Asianet News MalayalamAsianet News Malayalam

താരാ, നമുക്കിടയിലെ ഈ  അകലം കുറയാതിരിക്കട്ടേ...

  • ഒരുവള്‍ നടന്ന വഴികള്‍.
  • ആമി അലവിയുടെ കോളം.
Aami Alavi column on Thara

പൊള്ളലേറ്റപോലെ ഞാന്‍ ചൂളി. തലയ്ക്കുള്ളില്‍ ഒരായിരം കടന്നലുകള്‍ മൂളുന്ന പോലൊരു അസ്വസ്ഥത. 

'No, താരാ ....  '-എന്റെ സ്വരം നേര്‍ത്തുപോയിരുന്നു.

ഞെട്ടിവിറച്ചു പിന്മാറിയ എന്നെയവള്‍ വീണ്ടും ചേര്‍ത്തുപിടിച്ചു. 

' I Dont want to miss u...Ur mine'

Aami Alavi column on Thara

ചില സൗഹൃദത്തിന്റെ വിത്തുകള്‍ കാറ്റിനോടൊപ്പം ആകസ്മികമായി തേടിയെത്തുന്നതാണ്. അവ നമ്മുടെ നെഞ്ചില്‍ പറ്റിച്ചേരുകയും ഉള്ളടരുകളിലേക്കു വേരുകളാഴ്ത്തി പടര്‍ന്നു പന്തലിക്കുകയും ചെയ്യും. അങ്ങിനെ അപ്രതീക്ഷിതമായി കടന്നുവന്ന ഒരുവള്‍. അതായിരുന്നു എനിക്കു താര. 

അക്കാലത്ത്  ഞാന്‍  ഡിഗ്രി ഒന്നാംവര്‍ഷക്കാരിയായിരുന്നു. ഭാര്യയും ഉമ്മയുമായിരുന്നു. ആറുമാസക്കാരിയെ കയ്യില്‍ വെച്ചു ജീവിതം എങ്ങോട്ട് തുഴയണമെന്ന് നിശ്ചയമില്ലാത്തവളായിരുന്നു. ഭാര്യ, ഉമ്മ,  വിദ്യാര്‍ത്ഥിനി, വീട്ടമ്മ എന്നീ റോളുകള്‍ പകലുകളില്‍ മാറിമാറി ചെയ്തു രാത്രി ഏറെ വൈകി പഠിക്കാനിരിക്കുക എന്നത് പലപ്പോഴും സാധ്യമായിരുന്നില്ല. 

കൃത്യസമയത്ത് പ്രൊജക്റ്റ് സമര്‍പ്പിക്കാന്‍ കഴിയാതിരുന്നൊരു ദിവസം.... 

'താനൊക്കെ എന്തിനാണ് ക്ലാസില്‍ ചമഞ്ഞൊരുങ്ങി വരുന്നത്? വൃത്തിയായി കാര്യങ്ങള്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍  നാളെ മുതല്‍ ഇങ്ങോട്ട് എഴുന്നള്ളേണ്ട. ഇത് കംപ്ലീറ്റ് ചെയ്യാതെ പരീക്ഷ എഴുതാമെന്നും കരുതേണ്ട..'-  ടീച്ചര്‍ എന്നെ ചീത്തവിളിച്ചു നിന്നു വിറയ്ക്കുകയാണ്. 

തീര്‍ത്തും അപമാനിതയായി നിന്നു അവര്‍ പറഞ്ഞതൊക്കെ  കേട്ടുകൊണ്ടിരിക്കേ എന്റെ തൊണ്ടയില്‍ കനലുകളെരിഞ്ഞു. അവരിറങ്ങിപ്പോയുടനെ എന്തിനെന്നറിയാതെ വലുതായ ഒരാധിയില്‍ കരഞ്ഞുകൊണ്ട് ഞാന്‍ നീളന്‍ മേശമേല്‍ കമിഴ്ന്നടിച്ചു വീണുകരഞ്ഞു.  

ക്ലാസ് കഴിയുമ്പോഴേക്കും നിശ്ശബ്ദതയുടെ ചെറുതുരുത്തായി എല്ലാവരും വിഘടിച്ചു കഴിഞ്ഞിരുന്നു.  ആരും പരസ്പരം ഒന്നും സംസാരിച്ചില്ല.  ആശ്വാസത്തിനായി ഞാനെന്റെ യോഗ ക്ളാസ്സിലേക്കു പതിയേ നടന്നു. അന്നാണ് ഞാനാദ്യമായി താരയെ കാണുന്നത്.  

ഇരുപതിലേറെ പ്രായം തോന്നാത്ത ചെറുപ്പക്കാരി. അവള്‍ സുന്ദരിയായിരുന്നു. സൗന്ദര്യത്തിന്റ ഏതു മാനദണ്ഡം വെച്ചു നോക്കിയാലും. അവള്‍ക്കു സാധാരണയില്‍ കവിഞ്ഞ ഉയരമുണ്ടായിരുന്നു. കളര്‍ ചെയ്തു തോളൊപ്പം മുറിച്ച തലമുടിയ്ക്കും വെളുത്തുരുണ്ട ശരീരത്തിനും നേര്‍ത്ത മേല്‍മീശപോലുള്ള ചെമ്പന്‍ രോമങ്ങള്‍ക്കും അപ്പുറം കേരളീയമായൊരു ചന്തം ആ രൂപത്തില്‍ എനിക്ക് കണ്ടെത്താനായി. 

അമേരിക്കയില്‍ മെഡിസിന് പഠിക്കുകയായിരുന്നു താര. അവധിക്കാലത്ത് യോഗയുമായി ബന്ധപ്പെട്ടൊരു ഷോട്ട് ടെം കോഴ്‌സ് ചെയ്യാനാണ് അവളിവിടെ വന്നത്. 


താരയുടെ ശരീരം യോഗയുടെ ആസനങ്ങള്‍ക്ക് വഴങ്ങുന്നതായിരുന്നില്ല. ചെറുതായൊരു നിരാശ അവള്‍ക്കതിലുണ്ടായിരുന്നു.  'എന്നെയൊന്ന് സഹായിക്കാമോ?  സൗഹൃദത്തിന്റെ  വിരലാല്‍ പതിയെ അവളെന്റെ വലതു കയ്യില്‍ തൊട്ടു. ആ വിരലുകള്‍ നല്‍കിയ ആശ്വാസത്തില്‍ എന്റെ ഏകാന്തതയും വ്യസനവും ഒരുവേള മാറിനിന്നു. തെളിഞ്ഞ ഇംഗ്ലീഷില്‍ അവള്‍ താര എന്ന് സ്വയം പരിചയപ്പെടുത്തി.  

അതിഗാഢമായൊരു സൗഹൃദത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു അന്ന്. താര ദിവസവും എന്നെ കാണാന്‍ വന്നു. രാപകല്‍ഭേദമന്യേ ഞങ്ങള്‍ സംസാരിച്ചു കൊണ്ടേയിരുന്നു.

എന്റെ പ്രതീക്ഷകള്‍, പാതിവഴിയില്‍ ഞാനുപേക്ഷിച്ച കിനാവുകള്‍, എന്റെ മാത്രം ഭ്രാന്തുകള്‍ എല്ലാം ക്ഷമയോടെ അവള്‍ കേട്ടു. ചില ചങ്ക് പിടച്ചിലുകളില്‍, ആത്മവിശ്വാസക്കുറവുകളില്‍ എല്ലാം എനിക്ക് ചായാന്‍ അവളുടെ തോളുണ്ടായിരുന്നു.

ഇന്ത്യക്ക് വെളിയില്‍ വളര്‍ന്നു പഠിച്ച അവള്‍ക്ക് എല്ലാം കൊണ്ടും സര്‍വ്വസ്വതന്ത്രമായിരുന്നു ജീവിതം. പറക്കാന്‍ ഭയക്കുന്ന പക്ഷിക്കുഞ്ഞിന്റെ മനസ്സായിരുന്നു എന്‍േറത്. എന്നിട്ടും എന്നെപ്പോലൊരാളെ അവള്‍ ചേര്‍ത്തുപിടിച്ചതെന്തിനാണെന്നു എനിക്ക് മനസ്സിലായതേയില്ല. 

താര നര്‍മ്മത്തിന്റെ കുലപതിയായിരുന്നു. സന്തോഷത്തിന്റെ ചീളുകള്‍ അവളെന്നിലേക്കു എപ്പോളും കുടഞ്ഞിട്ടു. പതിയെ ഞാനും മാറുകയായിരുന്നു. 
തോന്നുമ്പോഴൊക്കെ ഞാനവളോടൊപ്പം ബൈക്കിന്റെ പുറകിലിരുന്നു സിനിമയ്ക്കു പോയി. അവളുടെ ഇഷ്ടങ്ങള്‍ പലപ്പോളും എന്‍േറതിലേക്ക് വഴിമാറി. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണമുണ്ടാക്കി. എന്റെ കുഞ്ഞിനെ ഏറ്റവും കരുതലോടെ അവള്‍ ലാളിച്ചു. 

താര വരുമ്പോളെല്ലാം, 'ദാ... വരുന്നു  നിന്റെ കാമുകനെന്ന്' എന്റെ ഭര്‍ത്താവ് എന്നെ കളിയാക്കി. 

ഞാനൊരിക്കലും ആവശ്യപ്പെടാതെ അവളെനിക്ക് ചുറ്റും സംരക്ഷണത്തിന്റെ കനമുള്ള ഭിത്തി തീര്‍ത്തു. എനിക്ക് നേരെ നീളുന്ന അനാവശ്യനോട്ടങ്ങളെയും ചോദ്യങ്ങളേയും പരിഹാസങ്ങളെയുമെല്ലാം തക്കതായ മറുപടിയാല്‍ അവള്‍ നേരിട്ടു. ജീവിതത്തെ ധൈര്യമായി നേരിടാന്‍ അവളെന്നെ പ്രാപ്തയാക്കി. ദിവസത്തിലെ ഏറിയ പങ്കും അവളെന്നോടൊപ്പം ഉണ്ടായിരുന്നു. 

പാതിരാകഴിഞ്ഞ നേരങ്ങളില്‍ ഫോണില്‍  ഞങ്ങള്‍ പങ്കുവെച്ചിരുന്ന വിഹ്വലതകള്‍ എന്തെല്ലമായിരുന്നെന്ന് ഇന്നോര്‍ത്തെടുക്കാനാവുന്നില്ല. മൂന്ന് മാസങ്ങള്‍ അങ്ങിനെ കഴിഞ്ഞു പോയി. താരയ്ക്ക് തിരിച്ചു പോകാനുള്ള സമയമായിരുന്നു.  

പോകുന്നതിന്റെ തലേന്ന് അവളുടെ വീട്ടില്‍ എനിക്കവളൊരു വിരുന്നൊരുക്കി. ഭക്ഷണത്തിനു ശേഷം യാത്രപറയാന്‍ ഞാനവളുടെ മുറിയില്‍ ചെന്നു. 
'താരാ... ഇനിയെന്നാണ് നമ്മള്‍ കാണുക?' ശബ്ദം താഴ്ത്തി ഞാന്‍ ചോദിച്ചു. 

അവള്‍ സ്‌നേഹത്തിന്റെ ആള്‍രൂപമായി എന്നെ ചേര്‍ത്തുപിടിച്ചു അഞ്ചെട്ടു നിമിഷങ്ങള്‍ നിശ്ചലയായി നിന്നു. അപ്പോളും കണ്ണുകള്‍ ഞങ്ങള്‍ പരസ്പരം കൊരുത്തുവെച്ചു. ആ കണ്ണുകളില്‍ വിഷാദത്തിന്റെ ലാഞ്ഛന ഞാന്‍ കണ്ടു. 

എത്ര അകലെയായിരുന്നാലും കൂട്ടിന് ഞാനുണ്ടല്ലോ എന്ന കരുതല്‍ നോട്ടം കൊണ്ടു ഞാന്‍ പങ്കിട്ടു. ആ നിമിഷത്തിന്റെ അനിയന്ത്രിതപ്രേരണയാലാവണം പെട്ടെന്ന് അവളെന്നെ ഒന്നുകൂടെ ചേര്‍ത്തണച്ചു, ചുണ്ടുകളില്‍ ഗാഢമായി ചുംബിച്ചു.

പൊള്ളലേറ്റപോലെ ഞാന്‍ ചൂളി. തലയ്ക്കുള്ളില്‍ ഒരായിരം കടന്നലുകള്‍ മൂളുന്ന പോലൊരു അസ്വസ്ഥത. 

'No, താരാ ....  '-എന്റെ സ്വരം നേര്‍ത്തുപോയിരുന്നു.

ഞെട്ടിവിറച്ചു പിന്മാറിയ എന്നെയവള്‍ വീണ്ടും ചേര്‍ത്തുപിടിച്ചു. 

' I Dont want to miss u...Ur mine'

ആ ഒരു നിമിഷംകൊണ്ടു തകര്‍ന്നുപോയ എന്റെ കപടസദാചാരബോധം തുടര്‍ന്നുള്ള നിമിഷങ്ങളില്‍ എന്നെ നിശ്ശബ്ദയാക്കി. അതു മനസ്സിലായിട്ടാവണം,താര ഒന്നും സംഭവിക്കാത്തത് പോലെ മുറിയ്ക്കു പുറത്തിറങ്ങി.

തകര്‍ക്കപ്പെട്ട കണ്ണാടിയിലെന്നവണ്ണം താര ചിതറികിടക്കുകയാണ്. ഓരോ  കഷ്ണങ്ങളില്‍ അവള്‍ക്കോരോ  മുഖം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും  ആരാധനയുടെയും  നിരവധി രൂപങ്ങളില്‍ അവള്‍ മിന്നുകയും മറയുകയും  ചെയ്യുന്നു. ചിലപ്പോള്‍ മധുരമായി, ലഹരിയായി, ആശ്വാസമായി ഒടുവില്‍ എത്ര ശ്രമിച്ചിട്ടും  ഇറക്കാനാവാത്ത കയ്പ്പായി...

അവള്‍-എന്നെ സന്തോഷിപ്പിച്ചത്, ചിരിപ്പിച്ചത്, സ്‌നേഹത്താല്‍  മുക്കിക്കൊന്നത്. അങ്ങനെ ജീവിതത്തില്‍ സൗഹൃദത്തിന്റെ  വലിയ തരംഗങ്ങള്‍ ഞാനനുഭവിച്ചിട്ടുണ്ട്. ലോകവുമായി എന്നെ ഗാഢമായി ഇണക്കിനിര്‍ത്തി ജീവിതം മനോഹരമല്ലാതെ മറ്റൊന്നുമല്ലെന്നു എല്ലായ്പ്പോഴും എന്നെക്കൊണ്ട് പറയിപ്പിച്ചിരുന്നത് അവളാണ്. അതേ അവളാണിപ്പോള്‍ സൗഹൃദത്തിന് പ്രണയത്തിന്റെ മാനം നല്‍കിയത്. 

പ്രണയമെന്ന വാക്കിന്റെ പ്രലോഭനീയത....ഓര്‍ക്കുന്തോറും നെഞ്ചു വിങ്ങി. അല്ലെങ്കില്‍ തന്നെ പ്രണയം എന്നു പറയാന്‍ പറ്റുമോയെന്നറിയില്ല. ഇങ്ങോട്ട് പ്രണയമാണ്, എനിക്ക് തിരിച്ചങ്ങോട്ടും സ്നേഹമുണ്ട്. എന്നെ സംബന്ധിച്ച്  പ്രണയം എന്നു പറയുമ്പോള്‍ അതൊരു പുരുഷനോടല്ലാതെ സാധ്യമല്ല. കൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥ.

ഓരോ  മനുഷ്യരും സ്വയം നിര്‍മ്മിച്ചെടുക്കുന്ന ആമത്തോടുകള്‍ക്കുള്ളിലാണ്-ആര്‍ക്കും വേണ്ടിയല്ലാതെ ഉരുകുന്നു.. 

പോകും മുമ്പേ താര നിരന്തരമായി വിളിച്ചുകൊണ്ടിരുന്നു.  ഫോണ്‍ എടുക്കാനോ സംസാരിക്കാനോ ഞാന്‍  മിനക്കെട്ടില്ല. 

അതികാല്‍പനികത എന്നൊക്കെ തോന്നാവുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ അപൂര്‍വമായെങ്കിലും ജീവിതത്തിലുണ്ടാകും. അതു നല്‍കുന്ന മുറിവും നോവും മാത്രം ബാക്കിയാവുമ്പോള്‍ അനിവാര്യമായ പിന്മടക്കമാണ് പ്രതിവിധി. 

പിറ്റേന്നത്തെ പനിപ്പകലിനൊടുവില്‍ ജീവിതത്തിന്റെ സ്വസ്ഥത ഞാന്‍ വീണ്ടെടുത്തു. 

എന്നിട്ടും എത്ര ശ്രമിച്ചിട്ടും ഉള്ളിലൊതുക്കാന്‍ കഴിയാത്തൊരു സ്വകാര്യ നഷ്ടബോധം എന്നെ പിന്തുടര്‍ന്നു. അവള്‍ തിരികെപ്പോയി മൂന്നാഴ്ചയോളം  കഴിഞ്ഞപ്പോള്‍ എനിക്ക് താരയുടെ കത്ത് കിട്ടി. മനോഹരമായ കൈപ്പടയില്‍ ഉള്ള് തൊടുന്ന  ഭാഷയില്‍ എഴുതിയ കത്ത് വായിച്ചു ഞാനാകെ പരിഭ്രമിച്ചു

 മറുപടി അയക്കാനോ അതു വീണ്ടുമൊരിക്കല്‍ വായിക്കാനോ ഉള്ള ധൈര്യം എനിക്കൊരിക്കലുമുണ്ടായില്ല.തീര്‍ത്തും സ്വകാര്യമായൊരു രഹസ്യമായി ഞാനതിനെ സൂക്ഷിച്ചു. അവളുടെ വാക്കുകള്‍ക്കു പിന്നിലെ സത്യസന്ധത അത്രമേലെനിക്കു ബോധ്യമുണ്ടായിരുന്നു. എന്നിട്ടും ഞാനൊരു ഭീരുവായി തുടര്‍ന്നു. 

കുറ്റബോധത്തിന്റെയും ഉന്മാദത്തിന്റെയും അതിരുകളിലൂടെ ഉഴറിനടന്ന ദിനങ്ങളായിരുന്നു പിന്നീട്.  കാട്ടുതീ പോലെ പടരുന്ന വന്യമായ  പ്രണയം നിറച്ചു വെച്ച്  നിരന്തരമായി വന്നുകൊണ്ടിരുന്ന കത്തുകള്‍ക്ക് മറുപടി എഴുതാതിരിക്കുക എന്നത് അത്രമേല്‍ ശ്രമകരമായിരുന്നു. 

നിന്റെ വരികളില്‍ ഞാന്‍ നിന്നെ കാണുന്നുണ്ട്. തീര്‍ച്ചയായും കാണുന്നുണ്ട്.  ഞാനെല്ലാം അറിയുന്നുണ്ട്. ഒറ്റപ്പെടല്‍ വേദന ആണെന്ന് മനസ്സിലാക്കാനാവുന്നുണ്ട്. എന്നിട്ടും ഈ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഞാനൊരിക്കലും  സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു മറുപടി അയച്ചിട്ടില്ല. 

സുന്ദരമായ സ്വപ്നങ്ങളില്‍, അടിച്ചേല്‍പ്പിക്കപ്പെട്ട  നിയമങ്ങളില്‍   മോഹങ്ങളും പ്രതീക്ഷകളും വേണ്ടെന്ന് വെച്ച്,  ജീവിതത്തെ  അനുഭവങ്ങള്‍ മാത്രം നിറഞ്ഞ, 
കാഴ്ചകളെ ഏറ്റു വാങ്ങിയ, വീണിടത്ത് ഉറങ്ങിയും മുന്നൊരുക്കമില്ലാതെ ദേശങ്ങളിലേക്കു ചരിക്കുകയും ചെയ്ത ആ കാലഘട്ടം നമുക്കിനി ഉണ്ടാവില്ലെന്ന പൂര്‍ണ്ണബോധ്യത്തിലേക്കു ഞാനിപ്പോള്‍ എത്തിച്ചേര്‍ന്നു. 

അതുകൊണ്ടുതന്നെ താര...അത്രമേല്‍ ഗൃഹാതുരതയോടെ ഞാനിപ്പോള്‍ നിന്നെ ഓര്‍ക്കാറില്ല.

നിനക്കറിയാമോ !  

എല്ലാ മനുഷ്യരും അവനവനില്‍ നില്‍ക്കാത്തതുകൊണ്ടുള്ള ഒരു തേടലിലാണ്. കണ്ടെത്തി എന്ന് കരുതുന്നതൊന്നുമാവില്ല അഭയ സങ്കേതം. ആ തേടല്‍ മാത്രമാണ് ജീവിതത്തിന്റെയും  പ്രണയത്തിന്റെയും ആഹ്ലാദവും സത്യവും. പ്രണയത്തിന്റെ വഴിക്കണക്കിനെ നിര്‍ദ്ധാരണം ചെയ്യുമ്പോള്‍ എല്ലാ പ്രണയങ്ങളും അവരവരുടെ സ്വാര്‍ത്ഥതയില്‍ കവിഞ്ഞൊന്നുമല്ല. 

താരാ... പരസ്പരം പൂര്‍ണ്ണമായും മനസ്സിലാവുന്ന ഒരേ കാലത്തിലാണ് നമ്മളിപ്പോഴുള്ളത് എന്നാണെന്റെ തോന്നല്‍. 

എങ്കിലും താരാ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,  നമുക്കിടയിലെ ഈ  അകലം കുറയാതിരിക്കട്ടേ...അതിലെ മഞ്ഞുമലകള്‍ ഒരിക്കലും ഉരുകാതെയുമിരിക്കട്ടേ...  

ആമി അലവി എഴുതിയ മറ്റ് കുറിപ്പുകള്‍

എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

ഞാന്‍ വീട്ടിലേക്ക് മടങ്ങി; അവള്‍ മരണത്തിലേക്കും!

തീ പോലൊരു രാജകുമാരന്‍; തീ കൊണ്ടൊരു രാജകുമാരി!

പ്രണയത്തിന്റെ ആദ്യപാഠം

എന്തിനാണ് നാമിങ്ങനെ  ശരീരത്തെ  ഭയക്കുന്നത്?

 മറിയം, എന്റെ വലിയ പൂമ്പാറ്റ!

കത്തിമുന പോലെ പിന്തുടരുന്ന മുഖമായിരുന്നു  ജീവിതത്തിലുടനീളം അയാള്‍!'നീ മരിച്ചാല്‍  ആ വിവരം  ഞാനറിയണമെന്നില്ല'

ഈ പാക്കിസ്ഥാനി അയക്കുന്ന  ചില്ലിക്കാശിനാലാണ് ഒരു  മലയാളി കുടുംബം  ജീവിക്കുന്നത്

ചാച്ചന്റെ അവസാനത്തെ ഗേള്‍ ഫ്രണ്ട്

Follow Us:
Download App:
  • android
  • ios