Asianet News MalayalamAsianet News Malayalam

ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...

my teacher Joy Daniel
Author
Thiruvananthapuram, First Published Nov 23, 2017, 4:22 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

my teacher Joy Daniel

എനിക്ക് എന്നെ  തന്നെ ശപിക്കാന്‍ തോന്നി. ഭാസ്‌കരന്‍നായര്‍ സാറിനെ ഒന്നല്ല ഒത്തിരിവട്ടം മനസ്സില്‍ ചീത്തവിളിച്ചു. 
ജോയ് ഡാനിയേല്‍ എഴുതുന്നു

എന്നോടുതന്നെ വെറുപ്പുതോന്നിയ നിമിഷമായിരുന്നു അത്.  ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു. ആരെങ്കിലും കണ്ടാല്‍?  വീട്ടില്‍ ചെന്ന് പറഞ്ഞാല്‍?  ഇതില്‍പരം ഒരു നാണക്കേട് ഇനി ഉണ്ടാകാനില്ല.  ഇതുവരെ വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ടെങ്കിലും, സാറന്മാരെക്കൊണ്ട് പറയിപ്പിച്ചിട്ടില്ല. ആ പതിവിന് അന്ത്യമാകുമോ?

ഞാന്‍ ചുറ്റുപാടും നെഞ്ചിടിപ്പോടെ നോക്കി.  ആരെങ്കിലും എന്നെ കാണുന്നുണ്ടോ?  ചെറിയ ക്ലാസ്സിലെ ഒന്നുരണ്ട് പിള്ളേര്‍ എന്നെനോക്കി ഒരുമാതിരി വളിച്ച ചിരി ചിരിച്ചുകൊണ്ടുപോയി.  ഭാഗ്യം, എന്നെ അറിയാവുന്ന പിള്ളേരല്ല.  അങ്ങ് ദൂരെക്കൂടി പെണ്‍പിള്ളാരുടെ ബ്ലോക്കിലേക്ക് നടന്നുപോകുന്ന വിദ്യാധരന്‍ സാര്‍  സൂക്ഷിച്ച്, സൂക്ഷിച്ച് നോക്കുന്നുണ്ടോ? എങ്കില്‍ പെട്ടു, ചെവിക്കുപിടി ഉറപ്പാ.

ജീവിതത്തില്‍ ആദ്യമായി ക്‌ളാസ്സിനു പുറത്താക്കപ്പെട്ട ദിവസമായിരുന്നു അന്ന്. അതും പത്താംക്ലാസില്‍ പഠനത്തിന്റെ അവസാന ദിവസങ്ങളില്‍! 

ചെയ്തുപോയ പാപത്തിന് ഭാസ്‌കരന്‍നായര്‍ സാര്‍ ശിക്ഷ തന്നതാണ്. ഒന്നല്ല പല പ്രാവശ്യം വാണിങ് തന്നിട്ടുള്ളതാണ്, ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ബഹളം വയ്ക്കരുതെന്ന്.  ഇന്ന് പലവട്ടം പറഞ്ഞിട്ടും അനുസരിച്ചില്ല. അവസാനം ആരും അറിയാത്തപോലെ പൂച്ചയുടെ ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി.  പക്ഷേ ക്ലാസില്‍ അത്തരം വികൃതി കാണിക്കുന്നത് ഞാനല്ലാതെ വേറാരുമല്ലെന്ന് സാറിനറിയാമായിരുന്നു.  ഓരോ കുസൃതി കാണിക്കുമ്പോഴും കൂട്ടുകാരുടെ ചിരിയില്‍നിന്നുംകിട്ടുന്ന സംതൃപ്തിക്കുവേണ്ടി മാത്രമാണ് സാര്‍ ശാസിച്ചിട്ടും ആ അനുസരണക്കേട് കാട്ടിയത്.

പക്ഷേ, എന്നത്തേയും പോലെ ഇന്ന് സാര്‍ ക്ഷമിച്ചില്ല.  കൈവെള്ളയില്‍ രണ്ട് അടിയും, നല്ലൊരു ചെവിക്ക് പിടിയും തന്ന്. ക്ലാസ് കഴിയുംവരെ  വെളിയില്‍ നില്‍ക്കാന്‍ ആജ്ഞാപിച്ചു.

പാപബോധവും പശ്ചാത്താപവും എന്നെ വന്നു മൂടി.  ആരെങ്കിലും അറിയാവുന്ന പിള്ളേര്‍ കണ്ട് വീട്ടില്‍ പാട്ടായാല്‍ അഭിമാനബോധം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴും. എനിക്ക് എന്നെ  തന്നെ ശപിക്കാന്‍ തോന്നി. ഭാസ്‌കരന്‍നായര്‍ സാറിനെ ഒന്നല്ല ഒത്തിരിവട്ടം മനസ്സില്‍ ചീത്തവിളിച്ചു.  കഷ്ടം!  ഭിത്തിയില്‍ ഞാന്‍ കൈകൊണ്ട് ആഞ്ഞിടിച്ചു. തറയില്‍ ചവിട്ടി ദേഷ്യം തീര്‍ക്കാന്‍ ശ്രമിച്ചു.  എന്റെ കലി അടങ്ങുന്നില്ല.

ഏകദേശം അരമണിക്കൂര്‍ ഞാന്‍ ആ നില്‍പ് നിന്നിട്ടുണ്ടാകും.  ഇനി ഏതു നിമിഷവും പിരീഡ് കഴിയാനുള്ള ബെല്‍ അടിക്കാം.  താഴെ ഓഫീസിനടുത്ത് തൂക്കിയിട്ടിരിക്കുന്ന ദോശക്കല്ലുരൂപത്തിലുള്ള മണിയിലും അതിലടിക്കാന്‍ അടുത്തുവച്ചിരിക്കുന്ന കൊട്ടുവടിയിലും സൂചിയില്‍ നൂല്‍കോര്‍ക്കുന്ന സൂക്ഷ്മതയോടെ ഞാന്‍ നോക്കി.  പ്യൂണ്‍ എപ്പോള്‍ വരും? ഇപ്പോള്‍ വരുമോ? ഭാഗ്യത്തിന് ഇതുവരെ ചാരന്മാരാരും എന്നെ കണ്ടട്ടില്ല.  ആപത്തില്‍ നിന്നും രക്ഷപെടാന്‍ ഇനി ഏതാനം നിമിഷങ്ങള്‍ കൂടി മാത്രം.

അവസാനം പ്യൂണ്‍ അമ്മാവന്‍  വന്ന് മണിയടിച്ചു.  ഈച്ചക്കൂടുപോട്ടുംപോലെ എവിടെന്നൊക്കെയോ  ശബ്ദം കാതില്‍ വന്നലക്കാന്‍ തുടങ്ങി.  ഞാന്‍ കള്ളനെപ്പോലെ അകത്തേക്കൊന്നു നോക്കി.  ഈശ്വരാ! ഭാസ്‌കരന്‍നായര്‍ സാര്‍ പെട്ടെന്ന് പുറത്തുവന്നെങ്കില്‍. എന്റെ ജീവപര്യന്തം അവസാനിപ്പിച്ചുതന്നിരുന്നെങ്കില്‍.

സാര്‍ പുറത്തിറങ്ങി.  തന്റെ വലിയ ഫ്രേമുള്ള കണ്ണട പിടിച്ചുനേരെയാക്കി എന്റെ അടുത്തേക്ക്.  കുട്ടിക്യൂറ പൗഡറിന്റെ മണം മൂക്കിന്റെ തുമ്പത്ത് വന്ന് നൃത്തംവച്ചു. സാര്‍ തൊട്ടടുത്തെത്തി, എന്റെ തോളില്‍ കൈവച്ചു.  ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരധ്യാപകന്‍  ഇങ്ങനെ പിടിക്കുന്നത്.  ആദ്യമായിട്ടാണ് ഇത്ര അടുത്ത് വന്ന് നില്‍ക്കുന്നത്.

ശിക്ഷാ കാലാവധി കഴിഞ്ഞ ഞാന്‍ ക്ലാസിനകത്തേക്ക് കയറി. കൂട്ടുകാര്‍ എന്നെ പൊതിഞ്ഞു

'താന്‍ സ്റ്റാഫ് റൂം വരെ ഒന്നുവരണം..'-എന്റെ  തോളില്‍ ചെറുതായി തട്ടിയിട്ട്  സാര്‍ സ്റ്റാഫ് റൂമിലേക്ക് നടന്നുപോയി.

ഞാന്‍ അനങ്ങാതെ  ഒരുനിമിഷം  നിന്നുപോയി. സാറിന്റെ സ്പര്‍ശനം. മൃദുവാക്കുകള്‍. ഇനി വലിയ കഠിന ശിക്ഷ വല്ലതും ആണോ?  അപ്പനെ വിളിച്ചുകൊണ്ട് വന്നിട്ട് ക്‌ളാസിയില്‍ കയറിയാല്‍ മതി എന്നുവല്ലതും? ദൈവമേ...തല കറങ്ങാന്‍ തുടങ്ങി. അപ്പന്റെ അടി, അമ്മയുടെ പഴി, സഹോദരങ്ങളുടെ ഇളി. ആദ്യമായി ഭൂമി കറങ്ങുന്നുണ്ടെന്ന്  ഞാന്‍ മനസ്സിലാക്കി.

ശിക്ഷാ കാലാവധി കഴിഞ്ഞ ഞാന്‍ ക്ലാസിനകത്തേക്ക് കയറി. കൂട്ടുകാര്‍ എന്നെ പൊതിഞ്ഞു.  നമുക്കുള്ള ഏതാപത്തും, അതിന്റെ താപവും, കാഠിന്യവും നാം തന്നെ ഏറ്റുവാങ്ങണമെന്ന്  പില്‍ക്കാലത്ത് മനസ്സിലാക്കിയത് അവിടെനിന്നായിരുന്നു.  ഇത്തിരിനേരം കുനിഞ്ഞ ശിരസ്സുമായ് സീറ്റില്‍തന്നെയിരുന്നിട്ട്  പെട്ടെന്ന് ആലോചിച്ചുറച്ചപ്പോലെ എണീറ്റ് നടന്നു സ്്റ്റാഫ് റൂമിലേക്ക്.

അവിടെ പീരീഡ് കഴിഞ്ഞെത്തിയ അധ്യാപകന്മാര്‍ വരുന്നു. അടുത്ത പിരീഡിലേക്കുള്ളവര്‍ പോകുന്നു.  ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ ആദ്യം കണ്ടത് വിദ്യാധരന്‍ സാറിനെയാണ്.  പ്രതീക്ഷിക്കാത്ത ഒരിടത്ത് എന്നെകണ്ടപ്പോള്‍ ആ കണ്ണുകള്‍ എന്നെ തുറിച്ചുനോക്കിയോ? പിന്നെ ഒരു ചെറുചിരിയോടെ ചോദിച്ചു.

'നീ എന്തിനാടാ ക്‌ളാസ്സിനുവെളിയില്‍ നിന്നത്?'

ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ വരവ് പ്രതീക്ഷിച്ചെന്നപോലെയിരിക്കുന്ന ഭാസ്‌കരന്‍നായര്‍ സാറിന്റെ അടുത്തേക്ക് കുനിഞ്ഞ ശിരസ്സുമായി  ചുവടുവച്ചു.   എന്നെക്കണ്ടതും സാര്‍ ഒരു പുഞ്ചിരിനല്‍കി   'വാ' എന്ന് തലയിളക്കി.  പക്ഷേ എനിക്ക് ചിരിക്കാനാവുമായിരുന്നില്ലല്ലോ.  ഞാന്‍ അതേക ുനിഞ്ഞ ശിരസ്സോടെ സാറിന്റെ ടേബിളിന്റെ മുന്നില്‍ നിന്നു. എന്താണ് ആ മനസ്സില്‍ എന്ന് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല. എന്ത് ശിക്ഷയാണ് എന്നെ കാത്തിരിക്കുന്നത്?

'എടോ, താനിങ്ങടുത്തുവാ... 'എതിര്‍വശത്ത് നിന്ന എന്നെ സാര്‍ എണീറ്റ് തന്റെ ചാരത്തേക്ക് ചേര്‍ത്ത് നിര്‍ത്തി. ഹൈ പവറുള്ള തടിയന്‍ കണ്ണട ഊരി മേശപ്പുറത്ത് വച്ച്,  ചിമ്മുന്ന മിഴികളോടെ എന്റെ തോളില്‍ മൃദുവായ് ആ വലതുകരം വച്ചു.  അപ്പോള്‍ എന്റെ മുഖം കാണാന്‍  കാഴ്ച്ച നന്നേ കുറവുള്ള സാറിന് കണ്ണട വേണ്ടായിരുന്നുവെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നു.

'നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാ.  ആ ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് നിന്നെ ഞാന്‍ ശിക്ഷിച്ചത്'

'ഉം..'പശ്ചാത്താപത്തിന്റെ മൂളല്‍ മാത്രം എന്നില്‍നിന്നും ഉയര്‍ന്നു.

'കുസൃതി ഒക്കെ നല്ലതാണ്. എന്നാല്‍ ഒന്ന് നീ മനസിലാക്കണം. നീ ഇപ്പോള്‍ കൊച്ചുകുട്ടിയല്ല.  ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ പത്താം തരം കഴിയും.  പിന്നെ വലിയൊരു ലോകത്തേക്കാണ് നീ കാലെടുത്ത് വയ്ക്കാന്‍ പോകുന്നത്...'

ഞാന്‍ നിശ്ശബ്ദനായി കേള്‍ക്കുകയാണ്.

'എനിക്കറിയാം നിനക്ക് എല്ലാവിഷയത്തിനേക്കാളും മലയാളത്തിനാണ് കൂടുതല്‍ മാര്‍ക്ക് കിട്ടുന്നതെന്ന്.  ഭാഷയോടുള്ള സ്‌നേഹം നീ കളഞ്ഞുകുളിക്കരുത്.   നിന്റെ ഉത്തരക്കടലാസുകളില്‍ ഒളിഞ്ഞിരിക്കുന്നതൊക്കെ കണ്ട്,  നിന്നില്‍നിന്നും ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ച് പോകുന്നു.  തമാശ കാട്ടിക്കോളൂ. പക്ഷേ ജീവിതത്തില്‍ ജോക്കറായി മാറരുത്.  നന്നായി പഠിക്കുക.  നല്ലവനായി ജീവിക്കുക... കേട്ടോ..?'

'സാര്‍...'എന്റെ  കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ സാറിന്റെ മേശയില്‍ വീണ് ചിതറിത്തെറിച്ചു.  ശില പോലെ നിന്നിരുന്ന എന്റെ കണ്ണുകളില്‍നിന്നുമാണ് ആ ഉപ്പുതുള്ളികള്‍ താഴേക്കൂര്‍ന്നുവീണത്.

'പോട്ടെ, കുഴപ്പമില്ല..  ഇനി കുസൃതി കാണിക്കുമ്പോള്‍ ഇതൊന്നോര്‍ത്താല്‍ മതി.. പൊയ്‌ക്കോളൂ'

എന്റെ കവിളില്‍ മെല്ലെയൊന്നു തട്ടി, സാര്‍ കസേരവലിച്ചിട്ട് ഇരുന്നു.  ഇതെല്ലാം കണ്ട് മറ്റ് അധ്യാപകരും, വിദ്യാധരന്‍സാറും ഒന്നും മനസ്സിലാകാത്തപോലെ എന്നെയും ഭാസ്‌കരന്‍നായര്‍ സാറിനെയും നോക്കികൊണ്ടേയിരുന്നു.

അന്ന് ഞാന്‍ ആ സ്റ്റാഫ്‌റൂം വിട്ടത് ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍നിന്ന് എണീറ്റുപോയതു പോലെയായിരുന്നു.

സാറിന്റെ വാക്കുകള്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ എനിക്ക് താങ്ങും തണലുമായി.  കൂട്ടുകാര്‍ എല്ലാവരും ഡിഗ്രിക്ക് രണ്ടാം ഭാഷ ഹിന്ദി എടുത്തിട്ടും,  മാര്‍ക്ക് കിട്ടാന്‍ പ്രയാസമാണെന്ന പഴിയുണ്ടായിട്ടും ഞാന്‍ മലയാളം തിരഞ്ഞെടുത്തു.  ബിരുദാവസാനം കിട്ടിയ മാര്‍ക്ക് ലിസ്റ്റില്‍ മലയാളത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയപ്പോള്‍ ഞാന്‍ ഓര്‍ത്ത ഒരുപാട് മുഖങ്ങളില്‍ ആദ്യത്തേത് ഭാസ്‌കരന്‍നായര്‍ സാറിന്‍േറതായിരുന്നു.

കാലം കടന്നുപോയി. സാര്‍ റിട്ടയേഡ് ആയി.   ജോലികിട്ടി ഒരിക്കല്‍ നാട്ടില്‍വന്ന സമയത്ത് പത്തനംതിട്ടയില്‍ നിന്നും എന്റെ ഗ്രാമമായ കൂടലിലേക്കുള്ള ഒരുമണിക്കൂര്‍  യാത്രയില്‍, നിന്നുതിരിയാന്‍ ഇടമില്ലാത്ത ബസ്സിനുള്ളില്‍ മുജ്ജന്മസുകൃതം പോലെ എനിക്കൊരു സീറ്റുകിട്ടി. ആശ്വാസ നിശ്വാസം പുറത്തേക്കുവിട്ട് ഞാന്‍ സീറ്റിലേക്കിരുന്നപ്പോള്‍ തൊട്ടുമുന്നില്‍ കമ്പിയില്‍ പിടിച്ച് ബാലന്‍സുകിട്ടാതെ ഒരു വൃദ്ധന്‍ നില്‍ക്കുന്നത് കണ്ടു.  ബസ്സിലെ തിരക്കില്‍ അയാള്‍ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.  കഷ്ടപ്പെട്ട് അധ്വാനിച്ച് കിട്ടിയതെന്തോ കൈവിട്ടുകളയാന്‍ ഇഷ്ടമില്ലാത്തപോലെ ആരും അയാളെ ഗൗനിക്കുന്നേയുണ്ടായിരുന്നില്ല.

ആ മുഖത്തേക്ക് നോക്കിയാ ഞാന്‍ വൈദ്യതി പ്രവാഹമേറ്റപോലെയായിപ്പോയി. ഭാസ്‌കരന്‍നായര്‍ സാര്‍! കണ്ണിന് കാഴ്ചകുറവുള്ള സാറിന്റെ ആ പരിതാപകരമായ അവസ്ഥക ണ്ട് ഞാന്‍ സീറ്റില്‍ നിന്നും ചാടി എണീറ്റു.

'സാര്‍, ഇവിടെ ഇരുന്നോളൂ..'- ഇരുന്ന സീറ്റ് ചൂണ്ടിക്കാട്ടി ഞാന്‍ സാറിനെ തോണ്ടിവിളിച്ചു.  കണ്ണിമചിമ്മി സാര്‍ എന്നെ നോക്കി. എന്നെ മനസ്സിലായിട്ടുണ്ടാവില്ല.

'വേണ്ട... കുഴപ്പമില്ല. ഞാന്‍ നിന്നുകൊള്ളാം .'-പക്ഷേ എനിക്കതിന് കഴിയുമായിരുന്നില്ല. സാറിനെ ഞാന്‍ നിര്‍ബന്ധ പൂര്‍വ്വം പിടിച്ച് എന്റെ സീറ്റിലിരുത്തി.

സീറ്റിലിരുന്ന് എന്റെ മുഖത്ത് നോക്കി ഒന്നും മിണ്ടാതെ പുഞ്ചിരിച്ച ആ മുഖത്തുനിന്നും ചിതറിവീണത്  നന്ദിയുടെ സ്ഫുരണമായിരുന്നു.

'സാറിനെന്നെ മനസ്സിലായോ..?'-  ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.  എന്നെ വീണ്ടും, വീണ്ടും സൂക്ഷിച്ചുനോക്കിയ ആ മുഖം ഒരിക്കലും മായാത്ത ചിത്രംപോലെ എന്റെ മനസ്സിലിന്നും പതിഞ്ഞുകിടപ്പുണ്ട്.

എന്നെ ക്‌ളാസുമുറിക്ക് വെളിയില്‍ നിര്‍ത്തിയതും, സ്റ്റാഫ ്‌റൂമില്‍ ഉപദേശം തന്നതും പറഞ്ഞപ്പോള്‍ ആ മുഖം പ്രകാശിച്ചു.  പിന്നെ ചിരിച്ചു.  എന്നിട്ട്  പറഞ്ഞു.

'അന്ന് പുറത്തുനിര്‍ത്തി ഉപദേശം തന്നതുകൊണ്ടു ഇന്നെനിക്ക് ബസ്സിലൊരു സീറ്റുകിട്ടി.... അല്ലേ'

ഞാനും ആ നിഷ്‌കളങ്കമായ ചിരിയില്‍ പങ്കുചേര്‍ന്നു.  ഞങ്ങള്‍ യാത്രയുടെ അവസാനം വരെയും എന്തൊക്കെയോ സംസാരിച്ചു.  അപ്പോഴൊക്കെയും ആ വിറയാര്‍ന്ന കരങ്ങള്‍ എന്നെ മുറുകെപ്പിടിക്കുകയോ, തലോടുകയോ ചെയ്തിരുന്നു.

ഭാസ്‌കരന്‍നായര്‍സാര്‍ ഈ ലോകം വിട്ടുപോയെന്ന്  സാറിന്റെ അനന്തിരവന്‍ ബിനു പറഞ്ഞാണ് അടുത്തകാലത്ത് ഞാന്‍ അറിഞ്ഞത്.  മനസ്സില്‍ ഒരു വിങ്ങലായിരുന്നു.

 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!
 

Follow Us:
Download App:
  • android
  • ios