Asianet News MalayalamAsianet News Malayalam

ഒരു വിളയല്ല, പലതരത്തിലുള്ള വിളകള്‍; ഇത് വേറിട്ട കൃഷിരീതി, കര്‍ഷകരെ വ്യത്യസ്തമായ കൃഷിപാഠം പഠിപ്പിക്കാന്‍ വിജയ്

 ചില കര്‍ഷകരുടെ സ്ഥലത്ത് ചില വിളകള്‍ നന്നാവില്ല. അപ്പോള്‍ ആ വിത്ത് കൈമാറി പകരം അവിടെ നടാനുതകുന്ന വിത്തുകള്‍ വാങ്ങും. അതുപോലെ തന്നെയാണ് കര്‍ഷകര്‍ക്കിടയിലെ സ്നേഹവും വിശ്വാസവുമെല്ലാം. ആഘോഷമായിട്ടാണ് അവരുടെ വിത്തിടീലും വിളവെടുക്കലുമെല്ലാം. 

Beej Bachao Andolan and working of Vijay Jardhari
Author
Uttarakhand, First Published Sep 23, 2020, 3:56 PM IST

ഉത്തരാഖണ്ഡിലെ ബീജ് ബചാവോ ആന്ദോളന്‍റെ (ave Seeds) സ്ഥാപകനാണ് വിജയ് ജര്‍ധാരി. ഒറ്റയിനത്തില്‍ മാത്രമുള്ള വിളകള്‍ കൃഷി ചെയ്യുന്നതില്‍ നിന്നും മാറി പലതരത്തിലുള്ള വിളകള്‍ കൃഷി ചെയ്യുന്നതിനെ കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ അദ്ദേഹം ബോധവല്‍ക്കരണം നടത്തി. തലമുറകളായി അദ്ദേഹത്തിന്‍റെ കുടുംബം വ്യത്യസ്‍തമായ വിളകള്‍ കൃഷി ചെയ്തുപോരുന്നവരായിരുന്നു. വ്യത്യസ്തങ്ങളായ വിളകള്‍ കൃഷി ചെയ്യുന്നത് എങ്ങനെയാണ് കര്‍ഷകര്‍ക്ക് ഗുണകരമാവുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യവുമുണ്ടായിരുന്നു. 

രാസവളങ്ങളും മറ്റും സര്‍ക്കാര്‍ നല്‍കുമ്പോള്‍ വിജയ്‍യെ സംബന്ധിച്ച് അതത്ര നല്ല കാര്യമായിത്തോന്നിയില്ല. അതിനാല്‍ത്തന്നെ അദ്ദേഹം തന്‍റെ ബീജ് ബചാവോ ആന്ദോളന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. സംസ്ഥാനത്തുടനീളം വിത്ത് ശേഖരിക്കുന്നതിനായി അദ്ദേഹവും സുഹൃത്തുക്കളും ദണ്ഡിമാര്‍ച്ച് തന്നെ നടത്തി. മുന്നൂറ്റിയമ്പതോളം വിത്തുകളാണ് അന്ന് അവര്‍ ശേഖരിച്ചത്. തീര്‍ന്നില്ല, ഓരോ കര്‍ഷകരുടെയും വാതിലില്‍ മുട്ടി അദ്ദേഹമവര്‍ക്ക് Baranaj എന്ന കൃഷിരീതിയെ കുറിച്ച് ക്സാസും നല്‍കി. 

പന്ത്രണ്ടോ അതിലധികമോ വിളകളുടെ ഒരു വിളവെടുപ്പ് രീതിയാണിത്. മഴ പെയ്യുന്ന തെഹ്രി-ഗർവാൾ പ്രദേശങ്ങളിലാണ് ഇത് സാധാരണയായി നടക്കുന്നത്. പയർ, ധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ പരസ്പരം യോജിപ്പിച്ച് വളര്‍ത്തുന്ന രീതിയാണിത്. ഇത് കൃഷിക്കാരന് ഭക്ഷ്യസുരക്ഷ നൽകുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഈ രീതിയുടെ പ്രത്യേകത, ചില വിളകള്‍ കീടങ്ങളെ അതിജീവിക്കുന്നതായിരിക്കും, ചിലത് വേനലിനെ അതിജീവിക്കുന്നതായിരിക്കും, ചിലത് പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതായിരിക്കും. അങ്ങനെയാകുമ്പോള്‍ ഒരു വിളയില്‍ നിന്നും വിളവ് കിട്ടിയില്ലെങ്കിലും അടുത്ത വിളവില്‍ നിന്നും അത് കിട്ടും. പച്ചക്കറി, ധാന്യവിളകള്‍ എന്നിവയില്‍ കൃത്യമായ അനുപാതമോ അളവോ ഒന്നുമില്ല വളര്‍ത്താനെന്ന് വിജയ് പറയുന്നു. മണിച്ചോളം പോലെയുള്ള വിളകള്‍ മണ്ണില്‍ വേരാഴ്ത്തുകയും മണ്ണൊലിപ്പ് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍, കടല പോലെയുള്ള വിളകള്‍ മറ്റ് പച്ചക്കറികള്‍ക്ക് നൈട്രജന്‍ പ്രദാനം ചെയ്യുന്നു. അങ്ങനെ വിവിധ വിളകള്‍ കൃഷി ചെയ്യുമ്പോഴുള്ള ഗുണങ്ങള്‍ പലതാണ് എന്നാണ് വിജയ് പറയുന്നത്. 

കഴിഞ്ഞ 30 വര്‍ഷങ്ങളായി ബജറ്റിലൊതുങ്ങുന്ന ടിപ്പുകള്‍ പറഞ്ഞുകൊടുത്തും ഈ കൃഷിരീതി പരിചയപ്പെടുത്തിയും വിജയ് കര്‍ഷകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ തവണ വിത്ത് വാങ്ങേണ്ടി വന്നേക്കാം. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കുറച്ച് കുറച്ച് വിത്തെടുത്ത് മാറ്റിവെക്കണം. അതുപോലെ ബാര്‍ട്ടര്‍ സമ്പ്രദായവും അവിടെ നിലനില്‍ക്കുന്നു. ചില കര്‍ഷകരുടെ സ്ഥലത്ത് ചില വിളകള്‍ നന്നാവില്ല. അപ്പോള്‍ ആ വിത്ത് കൈമാറി പകരം അവിടെ നടാനുതകുന്ന വിത്തുകള്‍ വാങ്ങും. അതുപോലെ തന്നെയാണ് കര്‍ഷകര്‍ക്കിടയിലെ സ്നേഹവും വിശ്വാസവുമെല്ലാം. ആഘോഷമായിട്ടാണ് അവരുടെ വിത്തിടീലും വിളവെടുക്കലുമെല്ലാം. 

ബീജ് ബചാവോ ആന്ദോളനുമായി ചേര്‍ന്ന് അപൂര്‍വങ്ങളായ വിത്തുകള്‍ സംരക്ഷിച്ചതിന് ഇന്ദിരാഗാന്ധി പര്യവരണ്‍ പുരസ്കാരം വിജയ്‍യെ തേടിയെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios