Asianet News MalayalamAsianet News Malayalam

മുട്ടപ്പഴത്തിന്റെ വിശേഷങ്ങള്‍; മണ്ണില്‍ പോഷകം കുറഞ്ഞാലും മരം കായ്ക്കും

ഇന്ത്യയില്‍ ഈ പഴത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി വളരെ പരിമിതമാണ്. മില്‍ക്ക് ഷേക്കില്‍ ചേര്‍ക്കാന്‍ ഈ പഴത്തിന്റെ പള്‍പ്പ് ഉപയോഗിക്കാറുണ്ട്. 

egg fruit farming tips
Author
Thiruvananthapuram, First Published Jul 21, 2020, 4:12 PM IST

ആപ്പിളിന്റെ വലുപ്പത്തിലുള്ളതും ഏകദേശം മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ളതുമായ പഴത്തിന് മുട്ടയുടെ മഞ്ഞക്കരുവിനോടുള്ള സാമ്യത്താല്‍ മുട്ടപ്പഴമെന്ന പേര് തന്നെ ലഭിച്ചു. സാപ്പോട്ടേസിയ സസ്യകുടുംബത്തിലെ അംഗമായ മുട്ടപ്പഴം പ്രധാനമായും വളരുന്നത് മലേഷ്യയിലാണ്. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലും തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഉപോഷ്‍ണമേഖലാ പ്രദേശങ്ങളിലും ഈ ചെടി നന്നായി വളരുന്നു. 20 മുതല്‍ 30 അടി വരെ ഉയരത്തില്‍ വളരാറുണ്ട്.

egg fruit farming tips

പ്രധാനമായും രണ്ടുതരത്തിലുള്ള മുട്ടപ്പഴമാണ് കാണപ്പെടുന്നത്. രണ്ടോ മൂന്നോ വിത്തുകള്‍ അടങ്ങിയ വൃത്താകൃതിയിലുള്ള പഴവും ഒറ്റ വിത്ത് മാത്രമുള്ള നീളമുള്ള പഴവും. നട്ടുവളര്‍ത്തിയാല്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ് വിളവെടുപ്പ് നടത്തുന്നത്. പശ്ചിമഘട്ടത്തില്‍ ജൂലായ് മാസത്തിലാണ് പഴങ്ങളുണ്ടാകുന്നത്. മണ്ണിന്റെയും കാലാവസ്ഥയുടെയും കൃഷിരീതിയുടെയും അടിസ്ഥാനത്തിലാണ് വിളവും ലഭിക്കുന്നത്. സാധാരണയായി നല്ല രീതിയില്‍ പരിപാലിക്കുന്ന കൃഷിയിടത്തില്‍ ഒരു മരത്തില്‍ നിന്ന് 350 മുതല്‍ 400 വരെ പഴങ്ങള്‍ ലഭിക്കും.

ഇന്ത്യയില്‍ ഈ പഴത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി വളരെ പരിമിതമാണ്. മില്‍ക്ക് ഷേക്കില്‍ ചേര്‍ക്കാന്‍ ഈ പഴത്തിന്റെ പള്‍പ്പ് ഉപയോഗിക്കാറുണ്ട്. നിയാസിന്‍, നാരുകള്‍, കരോട്ടിന്‍, അസ്‌കോര്‍ബിക് ആസിഡ്, അയേണ്‍ എന്നിവയെല്ലാം അടങ്ങിയ മുട്ടപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വിളര്‍ച്ച തടയാനും സഹായിക്കും.

മിതമായ മഴലഭ്യതയും അല്‍പം വരണ്ട കാലാവസ്ഥയുമാണ് ഈ ചെടിക്ക് വളരാന്‍ അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുള്ളതും മണല്‍ കലര്‍ന്നതുമായ മണ്ണില്‍ നന്നായി വളരും. മണ്ണില്‍ പോഷകങ്ങളുടെ അഭാവമുണ്ടായാലും വളരുന്ന മരമാണിത്. പി.എച്ച് അളവ് 4.5 മുതല്‍ 7.5 വരെയുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം.

വിത്ത് മുളപ്പിച്ചാണ് മുട്ടപ്പഴം കൃഷിചെയ്യാറുള്ളത്. വിത്ത് പഴത്തില്‍ നിന്ന് വേര്‍പെടുത്തി വൃത്തിയാക്കി അല്‍പം തണലുള്ള സ്ഥലത്ത് വെച്ച് ഉണക്കി നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവളം ചേര്‍ത്തതുമായ മണ്ണില്‍ നടണം. വിത്തുകള്‍ രണ്ടാഴ്ച കഴിഞ്ഞാലാണ് സാധാരണ മുളയ്ക്കുന്നത്. മൂന്നോ നാലോ ഇലകള്‍ വന്ന് കഴിഞ്ഞാല്‍ പോളിത്തീന്‍ ബാഗുകളിലേക്ക് മാറ്റി നടാം. കൃഷിയിടത്തിലേക്ക് പറിച്ചുമാറ്റി നടുന്നത് ആറുമാസങ്ങള്‍ക്ക് ശേഷമായിരിക്കണം. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് വഴിയും ഇത് കൃഷി ചെയ്യാം.

egg fruit farming tips

രണ്ടോ മൂന്നോ പ്രാവശ്യം ഉഴുതുമറിച്ചശേഷം കളകള്‍ മാറ്റി ജൈവവളം ചേര്‍ത്തായിരിക്കണം കൃഷി ചെയ്യേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 160 ചെടികള്‍ കൃഷി ചെയ്യുന്ന രീതിയാണ് നല്ലത്. പ്രധാന കൃഷിഭൂമിയിലേക്ക് മാറ്റിനട്ട ഉടനെ ജലസേചനം നടത്തണം. നന്നായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ നനയ്‌ക്കേണ്ട ആവശ്യമില്ല. അവൊക്കാഡോ കൃഷി ചെയ്യുമ്പോള്‍ നല്‍കുന്ന എല്ലാ വളങ്ങളും ഈ മരത്തിനും നല്‍കാം. ഒരു വര്‍ത്തില്‍ ഒരു മരത്തിന് 250 ഗ്രാം നൈട്രജന്‍ നല്‍കാറുണ്ട്. ഏകദേശം 25 കി.ഗ്രാം ചാണകപ്പൊടിയും കമ്പോസ്റ്റും നല്‍കാം. ചെടിയുടെ വളര്‍ച്ചയുടെ തുടക്കത്തില്‍ ചെറുതായി കൊമ്പുകോതല്‍ നടത്തുന്നത് നല്ലതാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേടായ ശാഖകള്‍ വെട്ടിമാറ്റിയാല്‍ മതി.

Follow Us:
Download App:
  • android
  • ios