Asianet News MalayalamAsianet News Malayalam

എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് കർഷകരുടെ കൈപിടിച്ചു, കർഷകർക്ക് ലാഭം ഇരട്ടി...

ഇന്ന്, അദ്ദേഹത്തിന്റെ സംരംഭം ബസ്തർ, കാങ്കർ, നാരായൺപൂർ എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചു, 6,100 കർഷകർക്ക് പ്രയോജനം ലഭിക്കുന്നു. 

engineer quit job and helps farmers
Author
Čhattísgarh, First Published Mar 1, 2022, 7:00 AM IST

പലരെയും പോലെ, ഛത്തീസ്ഗഢി(Chhattisgarh)ലെ ദീനനാഥ് രജ്പുത്തും(Deenanath Rajput) വരുന്നത് തങ്ങളുടെ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള മാർ​ഗം മകനെ എഞ്ചിനീയറിം​ഗിനോ മെഡിസിനോ വിടുക എന്നതാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു കുടുംബത്തിൽ നിന്നാണ്. അങ്ങനെ 12 -ാം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവന്റെ ആഗ്രഹത്തിന് വിരുദ്ധമായി അവനെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കാനും അയച്ചു. 2013 -ൽ എഞ്ചിനീയറിം​ഗിൽ ബിരുദം നേടി ഒരു കമ്പനിയിൽ ജോലിക്ക് ചേർന്നു. എന്നാൽ മൂന്നുമാസം ആയപ്പോഴേക്കും ഈ ജോലി തനിക്ക് സംതൃപ്തി തരുന്നില്ല എന്ന് ദീനനാഥ് മനസിലാക്കി. 

താഴേത്തട്ടിലുള്ള ആളുകളുമായി ബന്ധം പുലർത്താനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതായി ദീനനാഥ് പറയുന്നു. താൻ ഒരു കർഷക കുടുംബത്തിൽ പെട്ടയാളാണ്, ആദിവാസി മേഖലയായ ബസ്തറിലാണ് താമസിച്ചിരുന്നത്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ 31 -കാരനായ അയാൾ ജോലി ഉപേക്ഷിച്ച് ഗ്രാമങ്ങളിൽ സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ പ്രവർത്തിക്കുന്ന ഒരു എൻജിഒയിൽ ചേർന്നു. സിവിൽ സർവീസിന് തയ്യാറെടുക്കുന്നതിനിടെ ദീനനാഥ് റൂറൽ ഡെവലപ്മെന്റിലും സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദവും നേടി. എന്നാൽ, സിവിൽ സർവീസ് പരീക്ഷയ്ക്ക് യോഗ്യത നേടാനായില്ല. 

സ്വച്ഛ് ഭാരത് മിഷന്റെ സന്നദ്ധപ്രവർത്തകനായി മുംഗേലി ജില്ലയിൽ എൻജിഒ ദീനനാഥിനെ നിയമിച്ചു. എൻജിഒയുമായുള്ള തന്റെ പ്രവർത്തനത്തിനിടെ, ആദിവാസി സമൂഹങ്ങൾ തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ പാടുപെടുന്നത് എങ്ങനെയെന്ന് ദീനനാഥ് മനസ്സിലാക്കി. ശാസ്ത്രീയമായ രീതികൾ നടപ്പിലാക്കാത്തതിനാൽ ഗുണനിലവാരമുള്ള വിളവെടുപ്പ് നടത്താൻ അവർ ബുദ്ധിമുട്ടുന്നതായും നിരീക്ഷിച്ചു. മാർക്കറ്റിം​ഗിനെ കുറിച്ച് അവർക്ക് ഒന്നും അറിയുമായിരുന്നില്ല. കുറഞ്ഞ വില നൽകി കച്ചവടക്കാരും അവരെ പറ്റിച്ചു എന്ന് അദ്ദേഹം പറയുന്നു.

തുടർന്ന് സമൂഹത്തെ സഹായിക്കുന്നതിനായി ഒരു ഫാർമർ പ്രൊഡ്യൂസർ കമ്പനി (എഫ്പിഒ) രൂപീകരിക്കാൻ ദീനനാഥ് തീരുമാനിച്ചു. "ഞാൻ 2018 -ൽ ഭുംഗഡി എഫ്‌പിഒ സ്ഥാപിച്ചു, 337 ആദിവാസി സ്ത്രീകളിൽ നിന്നുമാണ് തുടങ്ങിയത്. അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും വിപണനം ചെയ്യാനും അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അത് തുടങ്ങിയത്" അദ്ദേഹം പറയുന്നു. കാര്യക്ഷമമായ കൃഷിരീതികൾ, ആവശ്യമായ അളവിൽ രാസവളങ്ങൾ എങ്ങനെ ഉപയോഗിക്കണം, കാലാവസ്ഥ മനസ്സിലാക്കൽ, കർഷകർക്കുള്ള സർക്കാർ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ താൻ സമൂഹത്തിലെ അംഗങ്ങളെ പഠിപ്പിച്ചുവെന്ന് ദീനനാഥ് പറയുന്നു.

ഇന്ന്, അദ്ദേഹത്തിന്റെ സംരംഭം ബസ്തർ, കാങ്കർ, നാരായൺപൂർ എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചു, 6,100 കർഷകർക്ക് പ്രയോജനം ലഭിക്കുന്നു. എല്ലാ കർഷകരും കമ്പനിയുടെ ഓഹരി ഉടമകളാണ്, അവർക്ക് 25 മുതൽ 30 ശതമാനം വരെ ലാഭം ലഭിക്കുന്നു.

പപ്പായ, പേരക്ക, വാഴപ്പഴം തുടങ്ങിയ പഴങ്ങളും ഗോതമ്പ്, ചോളം, ഉഴുന്ന് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും എഫ്‍പിഒ വാഗ്ദാനം ചെയ്യുന്നു. പുളി സോസ്, ഉണങ്ങിയ മാങ്ങാപ്പൊടി, ഭക്ഷ്യ സംസ്കരണത്തിലൂടെ ഉണ്ടാക്കിയ മറ്റ് വസ്തുക്കൾ എന്നിവയും അവർ വിൽക്കുന്നു. എല്ലാ ഉൽപ്പന്നങ്ങളും ഛത്തീസ്ഗഢിലെ പ്രാദേശിക വിപണികളിലും ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം, റായ്പൂർ തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉപഭോക്താക്കളെ കണ്ടെത്തുന്നു, ദീനനാഥ് പറയുന്നു.

ആദ്യമാദ്യം കർഷകർക്ക് ദീനനാഥിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസം തോന്നിയിരുന്നില്ല എങ്കിലും പിന്നീട് കർഷകർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇപ്പോൾ, അവർക്ക് മെച്ചപ്പെട്ട ലാഭവും ജീവിതവും നേടാനായിരിക്കുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios