Asianet News MalayalamAsianet News Malayalam

'ടൂറിസം വേണം; പക്ഷേ അത് കര്‍ഷകന്‍റെ അന്നം മുട്ടിച്ചിട്ടാകരുത്'; കടമക്കുടിയിലെ കര്‍ഷകര്‍ പറയുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സര്‍ക്കാര്‍ ടൂറിസത്തില്‍ നിന്നും വരുമാനം കണ്ടെത്താനായി ആഭ്യന്തരവും വൈദേശികവുമായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, അത് തദ്ദേശീയ ജനതയ്ക്ക് മേല്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു. 

Farmers of Kadamakudy says that We need tourism But it should not spoil farmers food BKG
Author
First Published Jun 28, 2023, 1:23 PM IST


ഗ്രാമീണ ഇന്ത്യയുടെ ലോക പ്രതീകമാണ് ഇന്ന് കടമക്കുടി ഗ്രാമം. ലോക ടൂറിസം ഭൂപടത്തില്‍ ഇതിനകം ഈ പ്രദേശം ഇടം നേടി. കടമക്കുടിയിലെ നീണ്ട നാല് - അഞ്ച് കിലോമീറ്റര്‍ റോഡിന് ഇരുപുറവും കോള്‍പ്പാടമാണ്. ഈ കോള്‍പ്പാടത്താണ് ഇന്ന് അന്യം നില്‍ക്കുന്ന കേരളീയ തനത് കൃഷി രീതികളില്‍ ഒന്നായ പൊക്കാളിക്കൃഷി നടക്കുന്നത്. കേരളത്തിന്‍റെ വര്‍ത്തമാനകാല സാമൂഹികാവസ്ഥയില്‍ നെല്‍കൃഷി തന്നെ ഇന്ന് നഷ്ടകരമായി മാറിയിരിക്കുന്നു. ഇതിനിടെയിലും കൃഷിയെ സ്നേഹിക്കുന്ന ഒരു ജനത അവരുടെ അറിവുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് കോള്‍പ്പാടങ്ങളിലെ പൊക്കാളിക്കൃഷിക്കായി ഇറങ്ങുന്നത്. വിശാലമായ പൊക്കാളിപ്പാടത്ത് കൃഷി, തീര്‍ക്കുന്ന കാഴ്ചയാണ് ആ ദേശത്തിന്‍റെ സൗന്ദര്യവും. എന്നാല്‍ കാഴ്ചകാണാനെത്തുന്നവര്‍ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികള്‍ ഇന്ന് കര്‍ഷകരുടെ അവസാന ശ്രമത്തെയും തല്ലിക്കെടുത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. 

വൈകുന്നേരങ്ങളിലെ കടമക്കുടിയുടെ സൗന്ദര്യം ആസ്വദിക്കാനായി ഇന്ന് നിരവധി പേരെത്തുന്നു. അതില്‍ സ്വദേശികളും വിദേശികളുമുണ്ട്. എന്നാല്‍, എത്തുന്നവരില്‍ ചിലര്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് കുപ്പികള്‍, അതിലേറെയും ബിയര്‍ കുപ്പികള്‍ കടമക്കുടിയുടെ കോള്‍പ്പാടത്തിന് സമീപം ഉപേക്ഷിച്ച് പോകുന്നു. പിന്നീട് പാടത്തെ വെള്ളം ഇറങ്ങി കൃഷിക്കായി നിലമൊരുക്കേണ്ട കാലമാകുമ്പോഴേക്കും ഇവയെല്ലാം ഒഴുകി പാടത്തെത്തും. നിലമൊരുക്കാന്‍ കര്‍ഷകര്‍ പാടത്തിറങ്ങുമ്പോള്‍ ഈ കുപ്പികളില്‍ പലതും പൊട്ടിക്കിടക്കുകയാവും ഇവ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കാലുകളില്‍ തറച്ച് മുറിവുണ്ടാകുന്നു. പിന്നെ മുറിവ് ഉണങ്ങുന്നത് വരെ ഇവര്‍ക്ക് പാടത്തിറങ്ങാന്‍ കഴിയില്ല. അത്രയും തൊഴില്‍ ദിനങ്ങളും നഷ്ടം. 

'ഒറ്റ മണിക്കൂറില്‍ ഒരു ചെറിയ പ്രദേശത്ത് നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത് 500 ഓളം കുപ്പികളാണ്. അതില്‍ ഏറെയും ബിയര്‍ കുപ്പികള്‍. കുറച്ച് മദ്യക്കുപ്പികളും പിന്നെ പ്ലാസ്റ്റിക് കുപ്പികളും ലഭിച്ചു.' കൃഷിക്കായി നിലമൊരുക്കും മുമ്പ് കര്‍ഷകരുടെ ജോലി ഭാരം ലഘൂകരിക്കാനായി യുവാക്കളെ ചേര്‍ത്ത് പ്രദേശത്തെ കുപ്പികള്‍ ശേഖരിക്കാന്‍ ഇറങ്ങിയ ഫാ. മെര്‍ട്ടിന്‍ ഡിസല്‍വ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 'റോഡിന്‍റെ വശം തന്നെ അഞ്ച് കിലോമീറ്ററോളമുണ്ട്. ഇരുപുറവുമാകുമ്പോള്‍ 10 കിലോമീറ്റര്‍ വരും. ഇത്രയും ദൂരത്ത് ചിതറിക്കിടക്കുന്ന കുപ്പികള്‍ എല്ലാം ശേഖരിക്കുകയെന്നാല്‍ അത് അസാധ്യമാണ്. ഞങ്ങളെ കൊണ്ട് കഴിയുന്നത് ചെയ്യുകയെന്ന ഉദ്ദേശത്തിലാണ് കൃഷിക്ക് മുമ്പ് സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് കുപ്പി ശേഖരിക്കാന്‍ ഇറങ്ങിയത്. ഞങ്ങളുടെ ശ്രമം കണ്ട ചില നാട്ടുകാരും ഞങ്ങളോടൊപ്പം ചേര്‍ന്നു. മറ്റ് ചിലര്‍ ഇതില്‍ കാര്യമില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ഒടുവില്‍ 500 കുപ്പി എടുക്കുമ്പോഴേക്കും മൂന്നാല് പേരുടെ കാലില്‍ കുപ്പി ചില്ല് തറച്ച് മുറിവേറ്റു. പിന്നെ, ഇങ്ങനെ പെറുക്കി കൂട്ടുന്ന കുപ്പികള്‍ ഒരു ബാധ്യതയാണ്. പിന്നീട് ഇത് അവിടെ നിന്ന് മാറ്റാനുള്ള സംവിധാനമില്ല. പ്ലാസ്റ്റിക് കുപ്പികള്‍ ചിലര്‍ കൊണ്ടുപോയി. ബിയര്‍ കുപ്പികള്‍ ഇപ്പോഴും പാടത്തിന്‍റെ സമീപത്ത് റോഡില്‍ തന്നെയാണ്. അത് കണ്ടിട്ടെങ്കിലും ഇനി ഇത് ആരും ആവര്‍ത്തിക്കില്ലെന്നാണ് കരുതിയത്. പക്ഷേ. ആളുകള്‍ ഇപ്പോള്‍ ഇങ്ങനെ പെറുക്കിക്കൂട്ടിയ കുപ്പിയോടൊപ്പം പുതിയ കുപ്പികള്‍ കൂടി വച്ചിട്ട് പോവുകയാണ് ചെയ്യുന്നത്. നിലവില്‍ അങ്ങോട്ട് കാശ് കൊടുത്ത് ഇത് മാറ്റേണ്ട ഗതികേടിലാണ് നാട്ടുകാരും കൃഷിക്കാരും' ഫാ. മെര്‍ട്ടിന്‍ ഡിസല്‍വ കൂട്ടിചേര്‍ത്തു. 

5 മണിക്കൂര്‍ ഓടിയിട്ട് കിട്ടിയത് 40 രൂപ; വരുമാനക്കുറവിനെ തുടര്‍ന്ന് കരയുന്ന ഓട്ടോക്കാരന്‍റെ വീഡിയോ വൈറല്‍ !

'നിലവില്‍ ടൂറിസത്തിന്‍റെ പേരില്‍ പ്രദേശത്തേക്ക് നിരവധി സഞ്ചാരികള്‍ എത്തുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രധാനമായും സഞ്ചാരികള്‍ എത്തുന്നത്. ചിലര്‍ ജന്മദിനങ്ങള്‍ ആഘോഷിക്കാനും മറ്റുമായിട്ടാണ് എത്തുന്നത്. മാലിന്യം നിക്ഷേപിക്കാനായി ഒരു വേസ്റ്റ് ബിന്‍ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഭക്ഷ്യാവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ തന്നെ തിരികെ കൊണ്ടുപോകാറാണ് പതിവ്. പക്ഷേ, രാത്രികാലങ്ങളില്‍ മദ്യപാനത്തിനായി എത്തുന്നവരാണ് ഇത്തരത്തില്‍ നാടിനോട് ദ്രോഹം ചെയ്യുന്നത്.' കടമക്കുടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ബെഞ്ചമിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മാത്രമല്ല, ഉള്‍പ്രദേശമായതിനാല്‍ രാത്രിയിലെ പോലീസ് പട്രോളിംഗ് കുറവാണെന്നതും ഇത്തരക്കാര്‍ക്ക് സഹയകരമാണെന്നും ബെഞ്ചമിന്‍ കൂട്ടിച്ചേര്‍ത്തു. 

'ടൂറിസത്തിന് കടമക്കുട്ടിക്കാര്‍ എതിരല്ല. അത് നാടിന് വരുമാനം കണ്ടെത്തുമെങ്കില്‍ അത് നല്ലത് തന്നെ. പക്ഷേ, ടൂറിസം കേരളത്തിന്‍റെ തനത് കൃഷിയായ പൊക്കാളിക്ക് നാശം വരുത്തുകയാണെങ്കില്‍ അതിന് തടയിടേണ്ടത് സര്‍ക്കാറിന്‍റെ കടമയാണ്.' കടമക്കുടിയിലെ കര്‍ഷകനായ മുരളി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 'ആറ് മാസം പൊക്കാളിക്കൃഷിയും പിന്നീട് ആറ് മാസം ചെമ്മീന്‍ കൃഷിയുമാണ് ഇവിടെ പതിവ്. പൊക്കാളിക്കൃഷിക്കായി കര്‍ഷകത്തൊഴിലാളികള്‍ പാടത്തിറങ്ങി തൂമ്പകൊണ്ട് വെട്ടി മണ്ണ് കൂട്ടി വേണം പൊക്കാളി വിത്ത് വിതയ്ക്കാന്‍. എന്നാല്‍ ഇതിനായി പാടത്തിറങ്ങി കിളയ്ക്കുമ്പോള‍ാകും മദ്യ കുപ്പികള്‍ പോട്ടുന്നത്. നെല്‍ വിത്തിന്‍റെ വില, തൊഴിലാളികളുടെ കൂലി എന്നിങ്ങനെ ഓരോന്നിനും കാശ് വേണം. ഇതിനിടെ കുപ്പി ചില്ല് കേറി കാല് മുറിഞ്ഞാല്‍ ആശുപത്രിയില്‍ പോകാനും മരുന്നിനും വേണം പണം. മുറിവ് പറ്റിയാല്‍ പിന്നെ അത് ഉണങ്ങും വരെ പണിക്ക് പോകാനും പറ്റില്ല. മുറിവ് പറ്റിയാല്‍ അടുത്തെങ്ങും ആശുപത്രിയില്ല. അടുത്തിടെ സെന്‍റ് ജോസഫ് പള്ളിയിലെ വികാരി ഫാ. മെര്‍ട്ടിന്‍ ഡിസല്‍വയുടെ മുന്‍കൈയില്‍ ഒരു ആംബുലന്‍സ് വാങ്ങിയതാണ് ഏക ആശ്വാസം. കുപ്പി എറിയുന്നവരോട് പ്രതികരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല. കാരണം അങ്ങനെ ചെയ്യരുതെന്നത് നമ്മള്‍ സ്വയം അറിഞ്ഞ് ചെയ്യേണ്ട ഒന്നാണ്.' മുരളി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യക്കാരന്‍റെ ഉള്ളിലെ കുട്ടിക്ക് മഴ മടുക്കില്ലെന്ന് ആനന്ദ് മഹീന്ദ്ര; മഴ അനുഭവം പങ്കുവച്ച് നെറ്റസണ്‍സ് !

Follow Us:
Download App:
  • android
  • ios