പഴങ്ങള്‍ വീട്ടിനകത്ത് വളര്‍ത്തിയിട്ടുണ്ടോ? എല്ലാ തരത്തില്‍പ്പെട്ട പഴച്ചെടികളും വീട്ടിനകത്ത് വളര്‍ത്താവുന്നതല്ല. മിക്കവാറും കുള്ളന്‍ പഴച്ചെടികളാണ് വീട്ടിനകത്ത് വളര്‍ത്തി വിളവെടുക്കാന്‍ യോജിച്ചത്.

വീട്ടിനകത്ത് പഴച്ചെടികള്‍ വളര്‍ത്തുമ്പോള്‍ പുറത്ത് തോട്ടത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന പഴങ്ങളുടെ ഗുണവും അതേ അളവും പ്രതീക്ഷിക്കരുത്. പക്ഷേ, നല്ല മാനസികോല്ലാസം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും. മറ്റുള്ള ചെടികള്‍ പരിചരിക്കുന്ന പോലെത്തന്നെ പഴച്ചെടികളെയും ശ്രദ്ധിച്ചാല്‍ മതി. നല്ല സൂര്യപ്രകാശവും യോജിച്ച മണ്ണും ആവശ്യമാണ്. വളപ്രയോഗം നടത്താനും മറക്കരുത്.

നാരങ്ങയുടെ വര്‍ഗത്തില്‍പ്പെട്ട പഴച്ചെടികളെല്ലാം തന്നെ വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. കുള്ളന്‍ ഇനങ്ങള്‍ വലിയ പാത്രങ്ങളില്‍ വളര്‍ത്തി ഏകദേശം ആറ് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം നല്‍കുന്ന രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ പഴങ്ങള്‍ ലഭിക്കും. ചെറിയ ഓറഞ്ചുകളുടെ ഇനങ്ങളും വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയതാണ്.

ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മാക്രട്ട് ലൈം എന്നയിനം വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. സിട്രസ് ഹിസ്ട്രിക്‌സ് എന്നും കാഫിര്‍ ലൈം എന്നും ഈ ഇനം അറിയപ്പെടുന്നു. സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികില്‍ ചെടിച്ചട്ടി വെച്ചാല്‍ അനുയോജ്യമായ അന്തരീക്ഷം ലഭിക്കും. സിട്രസ് റെറ്റിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മന്ദാരിന്‍ ഓറഞ്ചും വീട്ടിനുള്ളില്‍ വളര്‍ത്താം.

സിട്രസ് വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനമാണ് കലമോന്‍ഡിന്‍ (Calamondin). ബോണ്‍സായ് രൂപത്തിലുള്ള ചെടിയില്‍ ഓറഞ്ചിന്റെ സുഗന്ധമുള്ള പൂക്കള്‍ വിരിയും. അലങ്കാരത്തിനായും ഈ ഇനം വളര്‍ത്താറുണ്ട്. നല്ല സൂര്യപ്രകാശത്തില്‍ ധാരാളം പഴങ്ങള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണലുള്ള സ്ഥലത്തും വളരും. അതുപോലെ വരള്‍ച്ചയെ അതിജീവിച്ച വളരാനും കഴിയും. ക്രോസ് പോളിനേഷന്‍ നടത്താതെ തന്നെ രണ്ടുവര്‍ഷം പ്രായമുള്ള ചെടിയില്‍ പഴങ്ങളുണ്ടാകാന്‍ തുടങ്ങും.

അത്തിപ്പഴം, പീച്ച്, ആപ്രിക്കോട്ട് എന്നിവയുടെയെല്ലാം കുള്ളന്‍ ഇനങ്ങള്‍ വീട്ടിനകത്ത് വളര്‍ത്താവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശം നല്‍കിയാലേ വിചാരിച്ച രീതിയില്‍ പഴങ്ങള്‍ വിളവെടുക്കാന്‍ പറ്റുകയുള്ളു.