Asianet News MalayalamAsianet News Malayalam

എള്ള് വേനലിലും മഴയിലും കൃഷി ചെയ്യാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

എള്ള് കൃഷി ചെയ്യുമ്പോള്‍ മൂന്ന് പ്രധാന സീസണുകളില്‍ ജലസേചനം നടത്തണം. പൂവിടുന്നതിന് തൊട്ടുമുമ്പാണ് ആദ്യത്തെ ജലസേചനം. വിത്ത് വിതച്ച് 45 ദിവസം കഴിഞ്ഞ് പൂക്കളുണ്ടാകുന്ന അവസ്ഥയിലാണ് രണ്ടാമത് ജലസേചനം നടത്തേണ്ടത്. വിത്ത് ഉണ്ടാകുന്ന അറ നിര്‍മ്മിക്കപ്പെടുന്ന അവസ്ഥയിലാണ് അവസാനത്തെ ജലസേചനം നടത്തുന്നത്. 

how to grow Sesame
Author
Thiruvananthapuram, First Published Mar 13, 2022, 7:00 AM IST

നാല്‍പ്പത് ശതമാനം മുതല്‍ അന്‍പത് ശതമാനം വരെ എണ്ണ അടങ്ങിയിട്ടുള്ള എള്ള്(Sesame) പ്രധാനമായും എണ്ണക്കുരുവായിത്തന്നെയാണ് പരിഗണിക്കപ്പെടുന്നത്. അതുപോലെ പാചകാവശ്യങ്ങള്‍ക്ക് നേരിട്ടും എള്ള് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഖാരിഫ് വിളയായി കൃഷി ചെയ്യുന്ന എള്ള് ഭാഗികമായ റാബി വിളയായും പരിഗണിക്കാറുണ്ട്. വിത്തുകളിലെ വ്യത്യസ്‍തതയനുസരിച്ച് വെള്ള, മഞ്ഞ, കറുപ്പ്, ചുവപ്പ് എന്നീ വ്യത്യസ്‍തയിനങ്ങളില്‍ എള്ള് കാണപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന എള്ള് 75 ശതമാനത്തോളവും ഖാരിഫ് വിള തന്നെയാണ്. മാംസ്യത്തിന്റെ കലവറയും പ്രമേഹം പ്രതിരോധിക്കാനുള്ള ശേഷിയുള്ളതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ഔഷധമായും എള്ളിനെ പരിഗണിക്കാവുന്നതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കാനും എള്ള് നല്ലതാണ്.

ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് എള്ള് നന്നായി വളരുന്നത്. പശ്ചിമ ബംഗാള്‍, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് എള്ള് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.

കോ-1, ടി.എം.വി-4, ടി.എം.വി-5, ടി.എം.വി-6, ടി.എം.വി-7, എസ്.വി.പി.ആര്‍-1 എന്നിവയാണ് എള്ളിലെ പ്രധാന ഹൈബ്രിഡ് ഇനങ്ങള്‍. അല്‍പം അസിഡിക് ആയ മണ്ണിലാണ് എള്ള് വളരുന്നത്. അതുപോലെ വെള്ളം കെട്ടിക്കിടക്കാനും പാടില്ല. മണ്ണിലെ പി.എച്ച് മൂല്യം 5.5 നും 8.0 നും ഇടയിലായിരിക്കണം.

ഉപ്പ് കലര്‍ന്ന മണ്ണും അമിതമായ മണല്‍ കലര്‍ന്ന മണ്ണും എള്ള് കൃഷിക്ക് യോജിച്ചതല്ല. സമുദ്രനിരപ്പില്‍ നിന്നും 1250 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ എള്ള് വളര്‍ത്താവുന്നതാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന വിളയാണിത്. എള്ള് കൃഷി ചെയ്യുന്ന സ്ഥലത്തുള്ള യഥാര്‍ഥ താപനില 25 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കണം. വളരെ കൂടിയ ചൂടും അമിതമായ തണുപ്പും കൃഷിക്ക് അനുയോജ്യമല്ല.

മഴയുള്ള കാലാവസ്ഥയില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ആറ് കി.ഗ്രാം വിത്ത് വിതയ്ക്കാം. ജലസേചനത്തെ ആശ്രയിച്ചാണ് കൃഷിയെങ്കില്‍ ഒരു ഹെക്ടറില്‍ അഞ്ച് കിലോ വിത്ത് വിതയ്ക്കാം. എള്ള് ഇടവിളയായി കൃഷി ചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടറില്‍ ഒരു കിലോഗ്രാം വിത്ത് വിതയ്ക്കാം. വിതയ്ക്കുന്നതിന് മുമ്പായി വിത്തുകള്‍ ലീഫ് സ്‌പോട്ട് അസുഖം ഇല്ലാതാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.

വിത്ത് വിതയ്ക്കാന്‍ മൂന്ന് സെ.മീ ആഴത്തിലുള്ള കുഴി മതിയാകും. വിതച്ചശേഷം മണ്ണ് കൊണ്ട് മൂടണം. വരികള്‍ തമ്മിലുള്ള അകലം 25 സെ.മീ മുതല്‍ 35 സെ.മീ വരെയും ഓരോ ചെടിയും തമ്മില്‍ 10 സെ.മീ മുതല്‍ 20 സെ.മീ വരെയും അകലം ആവശ്യമാണ്.

വിത്ത് വിതച്ച ശേഷമുള്ള ആദ്യത്തെ 15 മുതല്‍ 25 ദിവസം വരെ കളകള്‍ പറിച്ചുമാറ്റേണ്ടത് അത്യാവശ്യമാണ്. വിത്ത് വിതച്ച് രണ്ടാഴ്ചയാകുമ്പോള്‍ കളകള്‍ പറിച്ചെടുത്ത് വൃത്തിയാക്കണം. മുപ്പത് ദിവസമായാല്‍ രണ്ടാമതും പറിച്ചെടുക്കണം.

എള്ള് കൃഷി ചെയ്യുമ്പോള്‍ മൂന്ന് പ്രധാന സീസണുകളില്‍ ജലസേചനം നടത്തണം. പൂവിടുന്നതിന് തൊട്ടുമുമ്പാണ് ആദ്യത്തെ ജലസേചനം. വിത്ത് വിതച്ച് 45 ദിവസം കഴിഞ്ഞ് പൂക്കളുണ്ടാകുന്ന അവസ്ഥയിലാണ് രണ്ടാമത് ജലസേചനം നടത്തേണ്ടത്. വിത്ത് ഉണ്ടാകുന്ന അറ നിര്‍മ്മിക്കപ്പെടുന്ന അവസ്ഥയിലാണ് അവസാനത്തെ ജലസേചനം നടത്തുന്നത്. വിത്ത് പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഈര്‍പ്പം കൂടാന്‍ പാടില്ല. അതിനാല്‍ വിത്ത് വിതച്ച് കഴിഞ്ഞാല്‍ 65 മുതല്‍ 70 ദിവസങ്ങള്‍ കഴിയുമ്പോള്‍ ജലസേചനം നിര്‍ത്തണം.

മഴയെ ആശ്രയിച്ച് നടത്തുന്ന കൃഷിയാണെങ്കില്‍ ഒരു ഹെക്ടറില്‍ 40 കി.ഗ്രാം നൈട്രജനും 60 കി.ഗ്രാം ഫോസ്ഫറസും 40 കി.ഗ്രാം പൊട്ടാഷുമാണ് നല്‍കുന്നത്.

ജലസേചനത്തെ ആശ്രയിച്ചാണ് കൃഷിയെങ്കില്‍ ഒരു ഹെക്ടറില്‍ 61 കി.ഗ്രാം ഫോസ്ഫറസും 60 കി.ഗ്രാം നൈട്രജനും 40 കി.ഗ്രാം പൊട്ടാഷും നല്‍കും. ഇനങ്ങളെ ആശ്രയിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. ഏകദേശം മൂന്ന് മുതല്‍ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തും. ഇലകളും തണ്ടും മഞ്ഞനിറമാകുമ്പോള്‍ വിളവെടുപ്പ് നടത്താം.

ഖാരിഫ് വിളയായി എള്ള് നടുമ്പോള്‍ ഒരു ഹെക്ടറില്‍ നിന്ന് 200 മുതല്‍ 500 കി.ഗ്രാം വരെ വിളവെടുക്കാം. വേനല്‍ക്കാലത്ത് ജലസേചനത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ഭാഗികമായ റാബി വിളയാണെങ്കില്‍ ഒരു ഹെക്ടറില്‍ 300 മുതല്‍ 600 കി.ഗ്രാം വരെ വിളവെടുക്കാം.  

Follow Us:
Download App:
  • android
  • ios