തെങ്ങിന്‍റെ വിളവ് വർദ്ധിപ്പിക്കാൻ ശാസ്ത്രീയ പരിചരണം അത്യാവശ്യമാണ്. കീടങ്ങളെ നിയന്ത്രിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും വിവിധ മാർഗങ്ങളുണ്ട്. വേപ്പിൻ പിണ്ണാക്ക്, കരിയുപ്പ്, കായം തുടങ്ങിയവ ഉപയോഗിച്ച് തെങ്ങിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം.

വിപണിയിൽ തേങ്ങയുടെ വില കുതിച്ചുയരുമ്പോൾ, ഓരോ തെങ്ങിനെയും പൊന്നു പോലെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാകുന്നു. രോഗങ്ങളും കീടാക്രമണങ്ങളും കാറ്റുവീഴ്ചയും നിയന്ത്രിച്ച്, ശാസ്ത്രീയമായ രീതിയിൽ തെങ്ങിനെ പരിപാലിച്ചാൽ വിളവും വരുമാനവും ഗണ്യമായി വർദ്ധിപ്പിക്കാം. കിട നിയന്ത്രണം സാധ്യമാക്കുന്ന ചില വഴികളെക്കുറിച്ച് അറിയാം.

കീടനാശിനി പ്രയോഗം

തെങ്ങിൻ തൈകളിൽ സാധാരണ കണ്ടുവരുന്ന വെള്ള നിറമുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, ചാരവും ഉപ്പും ചേർത്ത് പുരട്ടുന്നത് വളരെ ഫലപ്രദമാണ്. ചെല്ലികളുടെ ആക്രമണം തടയാൻ 25 മുതൽ 40 ഗ്രാം വരെ ഫുറഡാൻ തെങ്ങിന്‍റെ കൂമ്പിൽ ഇടാം. വേപ്പിൻ പിണ്ണാക്ക് മണ്ടയിൽ ഇടുന്നതും ചെല്ലി, ചുണ്ടൻ പോലുള്ള കീടങ്ങളെ അകറ്റാൻ സഹായിക്കും. മഴക്കാലത്ത് ഇത് വളമായും പ്രവർത്തിക്കുന്നതിനാൽ ഇരട്ട പ്രയോജനം ലഭിക്കും. കൂടാതെ, തേങ്ങിന്‍റെ കവിളിൽ കായം ഇടുന്നതും ചെമ്പൻ ചെല്ലി നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമാണ്.

ചുവന്ന ഉള്ളിയും കാരവും ചേർത്ത് അരച്ച് കൂമ്പിൽ പുരട്ടുന്നത് കാറ്റുവീഴ്ച തടയാൻ സഹായിക്കും. കൂമ്പ് ചീയൽ, ഓല കരിച്ചിൽ എന്നിവ തടയാൻ മൺസൂണിന് മുൻപ് ബോർഡോ മിശ്രിതം തെങ്ങിന്‍റെ കൂമ്പിൽ ഒഴിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. ചെന്നീരൊലിപ്പ്, തഞ്ചാവൂർ വിൽറ്റ് തുടങ്ങിയ രോഗങ്ങൾ വേപ്പിൻ പിണ്ണാക്ക് വളമായി നൽകുന്നതിലൂടെ നിയന്ത്രിക്കാനാകും. ചെന്നിരൊലിപ്പ് കാണുന്ന ഭാഗങ്ങളിൽ ടാർ പുരട്ടുന്നത് രോഗ വ്യാപനം കുറയ്ക്കും. അതുപോലെ തന്നെ കൂമ്പിലും മണ്ടയിലും ഉപ്പും ചാരവും ചേർത്ത് ഇടുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

വേനൽക്കാലത്ത് കുളങ്ങളിൽ നിന്നും ലഭിക്കുന്ന അടിച്ചേറ് തെങ്ങിനിടുന്നത് മികച്ച ജൈവവളമാണ്. കരിയുപ്പിന്‍റെ ഉപയോഗം തെങ്ങിന്‍റെ വളർച്ചക്കും വിളവിനും ഏറെ ഗുണം ചെയ്യും. മണ്ണിലെ പൊട്ടാഷിന്‍റെ കുറവ് നികയ്ക്കാനും വേരോട്ടം മെച്ചപ്പെടുത്താനും കരിയുപ്പ് സഹായിക്കുന്നു. കേടുവന്ന തെങ്ങുകളുടെ ചുവട്ടിലെ മണ്ണ് മാറ്റി പുതുമണ്ണ് നിറയ്ക്കുന്നത് മരത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. മൺകുടത്തിൽ വെള്ളം നിറച്ച് ചെറിയ ദ്വാരമിട്ട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിടുന്നത് ചെലവു കുറഞ്ഞ കണിക ജലസേചന രീതിയായി പരിഗണിക്കാം.

തേനിച്ച വളർത്തുന്നത് തേങ്ങിൻ തോട്ടങ്ങളിൽ പരാഗണം വർദ്ധിപ്പിച്ച് വിളവ് മെച്ചപ്പെടുത്തുന്നു. ചപ്പുചവറുകൾ കൂട്ടി തീയിടുന്നത് കാർബൺ ഡയോക്സൈഡ് ഉയർത്തി പ്രകാശ സംശ്ലേഷണം വർദ്ധിപ്പിക്കുന്നതിനാൽ ഉൽപാദനം മെച്ചപ്പെടും.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

തെങ്ങിന്‍റെ മണ്ട വൃത്തിയായി സൂക്ഷിക്കുക.

ചെമ്പൻ ചെല്ലിയെ പിടികൂടി നശിപ്പിക്കുക.

പേട് കായ്ക്കുന്ന തെങ്ങുകൾക്ക് തൊണ്ടുകൾ കെട്ടുന്നത് അതിന്‍റെ സ്വഭാവം മാറ്റും.

കുമ്മായവും ഉപ്പും ചേർത്ത് ചുവട്ടിൽ ഇടുന്നത് പേട്ടു തേങ്ങ ഉണ്ടാകുന്നത് തടയും.