Asianet News MalayalamAsianet News Malayalam

ഷമീമയും മാലതിയും; ഉരുളക്കിഴങ്ങ് കൃഷിയിലൂടെ ജീവിതം തന്നെ മാറിയ രണ്ട് സ്ത്രീകൾ!

പരിശീലനപരിപാടി കഴിഞ്ഞപ്പോള്‍ 30,000 രൂപ ലോണെടുത്ത് ഒരു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു. ആദ്യസീസണില്‍ -2019 ഒക്ടോബറില്‍ വിജയകരമായി ഷമീമ 12 ടണ്‍ ഉരുളക്കിഴങ്ങ് വിളവെടുത്തു. 

potato farming made these women independent
Author
West Bengal, First Published Dec 20, 2020, 1:58 PM IST

ജീവിതത്തിലെ ഭൂരിഭാഗം കാലവും ഷമീമ ബീഗം ജീവിച്ചത് മകളെന്നും ഭാര്യയെന്നുമുള്ള വ്യക്തിത്വത്തിലാണ്. എന്നാലിപ്പോള്‍ വെസ്റ്റ് ബംഗാളിലുള്ള ഷമീമ കര്‍ഷകയെന്ന് അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. അടുത്തിടെയാണ് പെപ്സികോ ഇന്ത്യക്ക് 12 ടണ്‍ ഉരുളക്കിഴങ്ങ് ഷമീമ വിറ്റത്. അതില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് അവര്‍ ഭര്‍ത്താവിന്‍റെ കടങ്ങള്‍ വീട്ടി. വീട്ടിലേക്ക് ഫ്രിഡ്ജ്, ഗ്യാസ് തുടങ്ങിയവയെല്ലാം വാങ്ങി. കുറച്ചുപണം മകളുടെ മെഡിക്കല്‍ കരീറിനുവേണ്ടി മാറ്റിയും വെച്ചു. 

ഷമീമ താമസിക്കുന്നതിന് 200 കിലോമീറ്റര്‍ അകലെയായിട്ടാണ് കര്‍ഷകയായ മാലതി താമസിക്കുന്നത്. അവര്‍ക്കും ഇതുപോലെയുള്ള വിജയകഥയാണ് പറയാനുള്ളത്. ഹരിശ്ചന്ദ്രപൂരിലുള്ള മാലതി കൃഷിയില്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാത്രമാണ് അവര്‍ സ്വതന്ത്രയായി ഉരുളക്കിഴങ്ങ് കൃഷി തുടങ്ങിയത്. മാലതിയും അതില്‍ നിന്നും കിട്ടിയ തുക കൊണ്ട് അവരുടെ ആവശ്യങ്ങള്‍ നടത്തുന്നതിന് ഉപയോഗിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ ഒരു ടോയ്ലെറ്റും പാടത്തേക്ക് വെള്ളമെടുക്കുന്നതിനായി ഒരു കുഴല്‍ക്കിണറും മാലതി അതില്‍ നിന്നും നിര്‍മ്മിച്ചു. 

potato farming made these women independent

തങ്ങളുടെ പ്രദേശത്ത് ഉരുളക്കിഴങ്ങ് വളർത്തുന്നത് എളുപ്പമല്ല എന്നറിഞ്ഞിട്ടും അവരിരുവരും രണ്ടാമതും അത് തന്നെ കൃഷി ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ്. അതിന് കാരണം ആദ്യത്തെ തവണത്തെ വിജയം തന്നെയാണ്. ഹൂഗ്ലിയിലടക്കം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് പശ്ചിമ ബംഗാൾ. എന്നിരുന്നാലും, ഈ പ്രദേശത്ത് വിലയിലെ ഏറ്റക്കുറച്ചിലുകൾ, പ്രതീക്ഷിക്കാതെയെത്തുന്ന മഴ, ഉയർന്ന കാർഷിക ഉൽ‌പാദനച്ചെലവ് എന്നിവ കര്‍ഷകരെ ബാധിച്ചിരിക്കുന്നു. പലപ്പോഴും നഷ്ടമാണ് അതിനാല്‍ ഇവരെ തേടിയെത്താറ്. എന്നാല്‍, സാമ്പത്തികമായി സ്വതന്ത്രരാകാനുള്ള ആഗ്രഹം 2019 -ൽ വന്ന ഒരു പൊതു അവസരം ഉപയോഗിക്കാന്‍ ഷമീമയെയും മാലതിയെയും പ്രേരിപ്പിച്ചു.

പെപ്സികോ ഇന്ത്യ കഴിഞ്ഞ വർഷം യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെൻറുമായി ചേര്‍ന്ന് വിമണ്‍ ഗ്ലോബല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് പ്രോസ്പെരിറ്റിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സംരംഭത്തിനുള്ള പരിശീലനം നല്‍കി. സ്ത്രീകളെ എങ്ങനെ നഷ്ടം വരാതെ കൃഷി ചെയ്യാമെന്നും അതിലൂടെ ഒരു സുസ്ഥിര ഭക്ഷണ സമ്പ്രദായത്തിലേക്കെത്താമെന്നും അവബോധമുണ്ടാക്കി. ഇതുവരെ 500 സ്ത്രീകൾക്ക് അവർ ഉരുളക്കിഴങ്ങ് ഉൽപാദന പരിശീലനം നൽകി. “വിളവുമായി ബന്ധപ്പെട്ട പരാജയങ്ങളെയും കടങ്ങളെയും കുറിച്ച് ഞാൻ അസ്വസ്ഥയായിരുന്നു. പക്ഷേ, കുടുംബത്തിന്റെ ക്ഷേമത്തിനായി ഞാൻ കൃഷി ചെയ്തുനോക്കാന്‍ തയ്യാറായിരുന്നു” ഷമീമ ദി ബെറ്റർ ഇന്ത്യയോട് പറഞ്ഞു.

ഹൈസ്കൂള്‍ വരെ പഠിച്ച ഷമീമയുടെ വിവാഹം 18 വയസായതോടെ കഴിഞ്ഞിരുന്നു. അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ അവര്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്തി തുടങ്ങി. പിന്നെ ഭര്‍ത്താവിന്‍റെ കൂടെ കൃഷിക്കാര്യങ്ങളില്‍ സഹായിക്കാനും തുടങ്ങി. കള പറിക്കുക, കീടങ്ങളെ അകറ്റാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് ഷമീമ ചെയ്തിരുന്നത്. ഭര്‍ത്താവിനെ സഹായിക്കുന്നത് ഇഷ്ടമാണെങ്കിലും കൃഷിയില്‍ കാര്യമായ താല്‍പര്യമൊന്നും ഷമീമ കാണിച്ചിരുന്നില്ല. തനിക്ക് കൃഷിയിലെ നഷ്ടങ്ങള്‍ താങ്ങാനുള്ള മാനസികാരോഗ്യമോ വിത്ത് നടാനും മറ്റുമുള്ള ശാരീരികാരോഗ്യമോ ഇല്ലായിരുന്നുവെന്ന് ഷമീമ പറയുന്നു. വീടും രണ്ട് മക്കളെയും നോക്കി ജീവിക്കുന്നതില്‍ തൃപ്തയായിരുന്നു അവര്‍. 

എല്ലാ വര്‍ഷവും ഷമീമയുടെ കുടുംബം മൂന്നുലക്ഷം രൂപ ലോണെടുക്കും. എന്നിട്ട് ഉരുളക്കിഴങ്ങ് കൃഷി ചെയ്യും. വിളവെടുത്ത് കഴിയുമ്പോള്‍ പണം തിരികെയടക്കും. അതില്‍ നിന്നും ലാഭമൊന്നും അങ്ങനെ കിട്ടിയിരുന്നില്ല. ആലിപ്പഴം വീഴുന്നതും രാസവളപ്രയോഗവുമെല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി. ഇതെല്ലാം വളരെ വില കുറച്ച് ഉരുളക്കിഴങ്ങ് വില്‍ക്കുന്നതിലേക്കാണ് നയിച്ചത്. 2015 -ല്‍ വെറും മൂന്നുരൂപയ്ക്കാണ് അവര്‍ ഒരു കിലോ ഉരുളക്കിഴങ്ങ് വിറ്റിരുന്നത്. ഇടനിലക്കാരും കച്ചവടക്കാരും ലാഭം കൊയ്യുമ്പോള്‍ പോലും കര്‍ഷകന് ഒന്നും കിട്ടാത്ത അവസ്ഥയായിരുന്നു. ഭര്‍ത്താവ് അനുഭവിക്കുന്ന കഷ്ടതകളെല്ലാം ഷമീമയും കാണുന്നുണ്ടായിരുന്നു. കൃഷി സ്വന്തമായി തുടങ്ങിയപ്പോള്‍ ഇടനിലക്കാര്‍ പേടിസ്വപ്നമായിരുന്നു. എന്നാല്‍, വിളകള്‍ പെപ്സികോ ഇന്ത്യക്ക് നേരിട്ട് നല്‍കാമെന്നത് ആശങ്ക കുറച്ചുവെന്നും ഷമീമ പറയുന്നു. വിത്ത് തെരഞ്ഞെടുക്കല്‍, വിളകള്‍ക്ക് ബാധിക്കുന്ന രോഗം കണ്ടെത്തല്‍, പാക്കേജിങ് എന്നിവയിലെല്ലാം ട്രെയിനിംഗും കിട്ടി. 

പരിശീലനപരിപാടി കഴിഞ്ഞപ്പോള്‍ 30,000 രൂപ ലോണെടുത്ത് ഒരു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു. ആദ്യസീസണില്‍ -2019 ഒക്ടോബറില്‍ വിജയകരമായി ഷമീമ 12 ടണ്‍ ഉരുളക്കിഴങ്ങ് വിളവെടുത്തു. കടം വീട്ടി, വീട്ടിലേക്ക് ആവശ്യമായ ചില സാധനങ്ങളും വാങ്ങി ബാക്കി വന്ന 14,000 രൂപ നീറ്റിനായി പരിശീലിക്കുന്ന മകളുടെ വിദ്യാഭ്യാസ ചെലവിലേക്കായുള്ള നിക്ഷേപത്തിലേക്കെടുത്തു. ഇന്ന് ഭര്‍ത്താവിനെ കൂടി കീടനിയന്ത്രണങ്ങളടക്കമുള്ള കാര്യത്തില്‍ അവര്‍ ശരിയായ കാര്യങ്ങള്‍ പറഞ്ഞുനല്‍കി സഹായിക്കുന്നു. 

മാലതിക്ക് പക്ഷേ ഷമീമയേക്കാളും കൃഷിയില്‍ പരിചയസമ്പത്തുണ്ടായിരുന്നു. കഴിഞ്ഞ് 20 വര്‍ഷങ്ങളായി 50 വയസുകാരിയായ മാലതി ഭര്‍ത്താവിനെ കൃഷിയില്‍ സഹായിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രശ്നം വിറ്റുപോവാത്ത ഉരുളക്കിഴങ്ങായിരുന്നു. എവിടെ എങ്ങനെ വില്‍ക്കും തുടങ്ങിയ വിവരമൊന്നും അധികമില്ലാതിരുന്നതും ഉരുളക്കിഴങ്ങ് വിറ്റുപോവാത്തതിന് കാരണമായി. 2019 ഒക്ടോബറില്‍ സ്വതന്ത്രമായി അവര്‍ കൃഷി ചെയ്യാന്‍ തുടങ്ങി. വിളയെല്ലാം വിറ്റത് പെപ്സിക്കോ ഇന്ത്യക്ക് നേരിട്ടാണ്. കിട്ടിയ ലാഭത്തില്‍ നിന്നും അവര്‍ ഒരു കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുകയും വീട്ടില്‍ ഒരു ടോയ്ലെറ്റ് നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നു. 

പുരുഷന്മാര്‍ക്ക് മാത്രം എന്ന് കരുതുന്ന ജോലികള്‍ സ്ത്രീകള്‍ക്ക് കൂടി പറ്റുമെന്ന് കൂടി ഇപ്പോള്‍ ഗ്രാമത്തിലുള്ളവര്‍ ഇവരിലൂടെ മനസിലായിരിക്കുകയാണ്.   

(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios