Asianet News MalayalamAsianet News Malayalam

കർഷക ആത്മഹത്യ കണ്ട് മനം മടുത്തു, അധ്യാപകൻ ​ഗ്രാമത്തിലെ കർഷകർക്ക് വേണ്ടി ചെയ്തത്...

ദുഃഖിതരായ കുടുംബങ്ങൾക്ക് മാനസികവും സാമ്പത്തികവുമായ സഹായം നൽകുന്നതിനായി രാജു ഇതുവരെ സംസ്ഥാനത്തുടനീളമുള്ള 2,500 വീടുകളിൽ എത്തിയിട്ടുണ്ട്. 

Puli Raju teacher helping  families of farmer suicide victims
Author
Telangana, First Published Nov 2, 2021, 2:43 PM IST
  • Facebook
  • Twitter
  • Whatsapp

തെലങ്കാനയിലെ സിദ്ദിപേട്ട്(Siddipet district of Telangana) ജില്ലയിൽ നിന്നുള്ള 48 -കാരനായ പുലി രാജു(puli raju) സർക്കാർ സ്കൂൾ അധ്യാപകനാണ്. ഒരു കാർഷിക കുടുംബത്തിൽ നിന്ന് വരുന്ന അദ്ദേഹം, കഴിഞ്ഞ 40 വർഷമായി, തന്റെ കുടുംബവും സുഹൃത്തുക്കളും അനുഭവിക്കുന്ന ജലപ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മിനിമം താങ്ങുവിലയ്‌ക്കായുള്ള സമരം തുടങ്ങിയ കഷ്ടപ്പാടുകള്‍ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് 17 ഏക്കർ ഭൂമിയുണ്ട്, വർഷങ്ങളായി ഈ വിഷയങ്ങള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. 1997 -ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഈ സാഹചര്യങ്ങള്‍ അദ്ദേഹം കൃത്യമായി നിരീക്ഷിച്ച് മനസിലാക്കിയത്. 

യെതിഗദ്ദ കിസ്താപൂർ ഗ്രാമവാസിയായ രാജു 2000 -ൽ ഒരു പ്രാദേശിക പത്രത്തിൽ ജോലി ചെയ്തിരുന്ന തന്റെ പത്രപ്രവർത്തകനായ സുഹൃത്ത് അശോകിനെ സന്ദർശിച്ചു. “കർഷക ആത്മഹത്യയെക്കുറിച്ച് അദ്ദേഹം എഴുതിയ റിപ്പോർട്ടുകൾ ഞാൻ വായിച്ചിരുന്നു. ഈ സാഹചര്യത്തെക്കുറിച്ചും കർഷകരെ സഹായിക്കാൻ നടപടിയെടുക്കാനുള്ള സാധ്യതയെക്കുറിച്ചും ഞങ്ങൾ ഇരുവരും ചർച്ച ചെയ്തു” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കർഷകർ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയാൻ രേഖ തയ്യാറാക്കാൻ അശോകൻ നിർദ്ദേശിച്ചു. 2002 -ൽ ജോലി തുടങ്ങിയ രാജു, തന്റെ പ്രദേശത്തെ ഇത്തരം സംഭവങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തി. ഇരകളെ കണ്ടെത്തുകയും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സന്ദർശിക്കുകയും തനിക്ക് കഴിയുന്ന വിധത്തിൽ അവർക്ക് പിന്തുണ നൽകുകയും ചെയ്തു. 

“കുടുംബങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ ഞാൻ അവരെ സമീപിക്കാൻ തുടങ്ങി, എങ്ങനെ കർഷകൻ തന്റെ ജീവനെടുക്കാൻ നിർബന്ധിതനായി. അവരുടെ പ്രശ്നങ്ങൾ, അതിന്‍റെ പിന്നിലെ കാരണങ്ങൾ, അവരുടെ കുടുംബ പശ്ചാത്തലം, മറ്റ് വശങ്ങൾ എന്നിവ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു” അദ്ദേഹം പറയുന്നു.

“ഗ്രാമപ്രദേശങ്ങളിൽ, 18 -നും 25 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും വിവാഹിതരാകുന്നു. കുടുംബനാഥനോ കർഷകനോ ആത്മഹത്യ ചെയ്തുകഴിഞ്ഞാൽ, സ്ഥിതി മാറുന്നു. സ്ത്രീ ചെറുപ്പത്തിൽ തന്നെ വിധവയാകുന്നു. കുട്ടികൾ പലപ്പോഴും സ്‌കൂൾ ഉപേക്ഷിക്കാന്‍ നിർബന്ധിതരാകുന്നു. കുടുംബവും സാമ്പത്തികവും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ ഭാരം സ്ത്രീയുടെ മേൽ വരുന്നു. അവരുടെ ദുരിതങ്ങൾ വർധിപ്പിക്കാൻ, പണമിടപാടുകാരും ബാങ്കുകളും പലപ്പോഴും തിരിച്ചടവിന് സ്ത്രീയെ സമ്മർദ്ദത്തിലാക്കുന്നു. ഓരോ കുടുംബാംഗങ്ങളുടെയും ജീവിതം ദുരിതപൂർണമാകും" അദ്ദേഹം പറയുന്നു.

കാർഷികോൽപ്പന്നങ്ങളുടെ ഗുണനിലവാരമില്ലാത്തതാണ് കടങ്ങൾ പെരുകാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി. കാർഷിക നഷ്ടവും മോശം വരുമാനവും സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാന്‍ അവരെ അനുവദിച്ചില്ല. 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ കടങ്ങൾ കുമിഞ്ഞുകൂടി. 2004 -ൽ ജില്ലാ ഭരണകൂടത്തിൽ രജിസ്റ്റർ ചെയ്ത രേഖകളിൽ ചില അപാകതകൾ കണ്ടെത്തി. "പത്രങ്ങളിൽ കാണുന്ന കർഷക ആത്മഹത്യകളുടെ എണ്ണം സർക്കാർ വകുപ്പിന്റെ രേഖകൾക്ക് വിരുദ്ധമാണ്" അദ്ദേഹം പറയുന്നു. 

രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചു, മരിച്ചവരിൽ പലരെയും കർഷകരായി കണക്കാക്കുന്നില്ല. “ഭൂമിയുടെ ഉടമസ്ഥാവകാശം പിതാവിനോ മറ്റ് അംഗങ്ങൾക്കോ ​​ആയിരുന്നു എന്നതാണ് കാരണം. മരണപ്പെട്ടയാളെ, സർക്കാർ രേഖകൾ പ്രകാരം ഒരു കർഷകനായി അംഗീകരിക്കപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ഉടമയ്ക്ക് മാത്രമായിരുന്നു അല്ലാതെ ഒരു കുടുംബാംഗത്തിനല്ല. കുടുംബത്തിന്റെ ഭൂമിയിൽ കൃഷിയിറക്കിയത് മകനോ മറ്റൊരാളോ ആയിരുന്നിട്ടും ഈ ക്രമീകരണം തുടർന്നു” അദ്ദേഹം വിശദീകരിക്കുന്നു.

കർഷകനായി അംഗീകരിക്കപ്പെടാതിരിക്കുകയോ മരിച്ചയാളുടെ മരണം കർഷക ആത്മഹത്യയായി രജിസ്റ്റർ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിന്‍റെ അർത്ഥം, സംസ്ഥാന സർക്കാർ നൽകിയ 1.5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഇരയായയാൾ അർഹനല്ല എന്നാണ്. പിന്നീട് 2014 -ൽ, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിൽ ഈ മേഖലയിൽ 27,000 കർഷകരുടെ മരണങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7,000 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ വിവരാവകാശ (ആർടിഐ) അന്വേഷണത്തിൽ കണ്ടെത്തി. 

ഈ വെളിപ്പെടുത്തലിൽ അസ്വസ്ഥനായ രാജു കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. "2014-2018 -ൽ, ജുഡീഷ്യറിക്ക് മുമ്പാകെ വാദിച്ച 400 കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു" അദ്ദേഹം പറയുന്നു. “സർക്കാർ നഷ്ടപരിഹാര പദ്ധതിയിലൂടെ പലരെയും സഹായിക്കാൻ കഴിഞ്ഞില്ല. അതിനാൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കാൻ എൻ‌ജി‌ഒകളെയും കോർപ്പറേറ്റുകളെയും മറ്റ് സ്വകാര്യ വ്യക്തികളെയും സമീപിക്കാൻ ഞാൻ തീരുമാനിച്ചു” അദ്ദേഹം പറയുന്നു. 

ദുഃഖിതരായ കുടുംബങ്ങൾക്ക് മാനസികവും സാമ്പത്തികവുമായ സഹായം നൽകുന്നതിനായി രാജു ഇതുവരെ സംസ്ഥാനത്തുടനീളമുള്ള 2,500 വീടുകളിൽ എത്തിയിട്ടുണ്ട്. സ്‌കൂൾ ഫീസ് അടക്കുന്ന ഒരു സ്വകാര്യ കമ്പനി 40 കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. ചില വ്യക്തികളും ഇതേ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായം ലഭിക്കാത്ത 2,281 കർഷകരുടെ പട്ടിക ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവർക്ക് റേഷൻ, സാമ്പത്തിക സഹായം, കുട്ടികൾക്കുള്ള വിദ്യാഭ്യാസ സാമഗ്രികൾ, മറ്റ് സഹായങ്ങൾ എന്നിവ നൽകാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇതുവരെ, രാജു തന്റെ ജില്ലയിലെ 15 ബ്ലോക്കുകളിലുടനീളമുള്ള കർഷകരെ സമീപിക്കുകയും 100 കർഷകരെ പ്രകൃതിദത്തമായ കൃഷി രീതിയിലേക്ക് മാറാൻ സഹായിക്കുകയും ചെയ്തു. പ്രാദേശിക വിത്തുകള്‍ ഉപയോഗിക്കാനും അദ്ദേഹം കര്‍ഷകരെ പ്രേരിപ്പിക്കുന്നു. 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios