Asianet News MalayalamAsianet News Malayalam

ഓണക്കാലത്ത് ആയിരം പച്ചക്കറിസ്റ്റാളുകൾ ഒരുക്കാൻ ഹോർട്ടി കോർപ്, ചെയർമാൻ സംസാരിക്കുന്നു

ഹോർട്ടി കോർപ് ചെയർമാൻ അഡ്വ. എസ് വേണുഗോപാലുമായി അഞ്ജു തങ്കപ്പൻ നടത്തിയ അഭിമുഖം.

thousand vegetable stalls during Onam Horticorp chairman conversation
Author
Thiruvananthapuram, First Published Jul 27, 2022, 12:43 PM IST

ഹോർടികോർപ്പിന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് ആയിരം പച്ചക്കറി സ്റ്റാളുകൾ ഒരുങ്ങുകയാണ്. അതിന്റെ തയ്യാറെടുപ്പുകൾ, ഹോർടികോർപിന്റെ ഭാവി പ്രവർത്തനങ്ങൾ ഇവയെ കുറിച്ചെല്ലാം സംസാരിക്കുകയാണ് ഹോർടികോർപ് ചെയർമാൻ. 

ഓണക്കാലം മുന്നിൽ കണ്ട് ഹോർട്ടി കോർപിന്റെ തയ്യാറെടുപ്പുകൾ എന്തൊക്കെയാണ്?

എല്ലാ വർഷവും ഓണത്തിന് ഹോർട്ടികോർപും കൃഷിവകുപ്പും ചേർന്ന് നടത്താറുളള പച്ചക്കറി സ്റ്റാളുകൾ സാധാരണക്കാർക്ക് വലിയൊരു ആശ്രയമാണ്. കൊവിഡിന് ശേഷം ഓണാഘോഷം ഇക്കുറി കൂടുതൽ സജീവമാകും. അതുകൊണ്ട് ഹോർട്ടി കോർപും പ്രവർത്തനം വിപുലീകരിക്കുകയാണ്. ഓണക്കാലത്ത് ആയിരം പച്ചക്കറി സ്റ്റാളുകളായിരിക്കും ഇക്കുറി തുറക്കുക. സെപ്റ്റംബർ ഒന്ന് മുതൽ ഏഴു വരെയായിരിക്കും ഇത്. 30 ശതമാനം സബ്സിഡിയിലായിരിക്കും പച്ചക്കറി നൽകുക. പൊതുവിപണിയിലേതിൽ നിന്ന് 10 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരിക്കുകയും ചെയ്യും. 

ഹോ‍ർട്ടി കോർപിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായി സമീപഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

എല്ലാ പഞ്ചായത്തിലും ഹോർട്ടി കോർപിന്റെ സംഭരണ വിതരണ ശൃംഖല സ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 'ഗ്രാമശ്രീ സൂപ്പർ സ്റ്റോർ' എന്ന പേരിൽ പ‍ഞ്ചായത്തുകളിൽ ഒന്നും മുൻസിപ്പാലിറ്റികളിൽ മൂന്നും കോർപറേഷനുകളിൽ അ‍ഞ്ചും സ്റ്റാളുകൾ സ്ഥാപിക്കാനാണ് പദ്ധതി. പഴം, പച്ചക്കറി എന്നിവയ്ക്ക് പുറമേ മിൽമ, കേരഫെഡ്, കാപെക്സ്, കെപ്കോ തുടങ്ങിയവയുടെ ഉൽപന്നങ്ങളും സ്റ്റോറിലൂടെ വിൽപന നടത്താം. ആദ്യവർഷം 300, രണ്ടാം വർഷം 400, മൂന്നാം വർഷം 532 എന്നിങ്ങനെയായിരിക്കും തുടങ്ങുന്ന സ്റ്റാളുകളുടെ എണ്ണം. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഗ്രാമശ്രീ ഹോ‍ർട്ടി ബസാറും തുടങ്ങാൻ പദ്ധതിയുണ്ട്. നാടൻ വിഭവങ്ങളും കരകൗശല വസ്തുക്കളും അടക്കം ഇവിടെ വിപണനം നടത്തും. 

പഴം, പച്ചക്കറി എന്നിവയ്ക്ക് പുറമേ മറ്റ് ഏതെങ്കിലും മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

തേൻ ഉത്പാദന, വിതരണ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഹോട്ടലുകൾ, മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് ഹണി ബങ്കുകൾ സ്ഥാപിക്കാനാണ് പദ്ധതി. തേൻ, തേൻ ഉത്പന്നങ്ങൾ, ഹണി കോള എന്നിവയായിരിക്കും ഇവിടെ കിട്ടുക. തേനീച്ച വളർത്തൽ കേന്ദ്രം, തേൻ പരിപാലന ഉത്പന്നങ്ങളുടെ നിർമ്മാണം, അഗ്മാർക്ക് ടെസ്റ്റിംഗ് ലാബ് എന്നിവയാണ് ഈ മേഖലയിലെ മറ്റ് സാധ്യതകൾ. 

വിപണനത്തിന് പുറമേ കൃഷിയിൽ നേരിട്ടുള്ള ഇടപെടൽ എത്രത്തോളം സാധ്യമാണ്?

നിലവിൽ സംസ്ഥാനത്ത് മൊത്തം ഉത്പാദത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ഹോർട്ടി കോർപ് വഴി സംഭരിക്കുന്നത്. ഇത് 10 ശതമാനമാക്കുകയാണ് പ്രധാന ലക്ഷ്യം, ഉത്പാദനം കൂട്ടാൻ കൃഷിയിൽ നേരിട്ട് ഇടപെടാനോ കർഷകർക്ക് ധനസഹായം നൽകാനോ സാമ്പത്തിക പരിമിതി മൂലം ഹോ‍ർട്ടി കോർപിന് സാധ്യമല്ല. ആദിവാസി മേഖലകളിൽ ഊരുകൾ ദത്തെടുത്ത് കൃഷി പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഗുണനിലവാരമുളള ഫലവൃക്ഷ തൈകൾ വിതരണം ചെയ്യാൻ മുൻകൈ എടുക്കുകയാണ് മറ്റൊരു മാർഗം. ഇവയെല്ലാം പരിഗണനയിലാണ്. 

ഹോർട്ടി കോർപിനെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി കർഷകർക്കുള്ള കുടിശ്ശിക നൽകുന്നില്ല എന്നതാണ്?

2016 മുതലുളള കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ഇതിൽ കർഷകർക്കുള്ള കുടിശ്ശിക ഒട്ടുമുക്കാലും കൊടുത്തു തീർത്തു. വിൽപനക്കാർക്കുള്ളതാണ് ഇനി ബാക്കിയുള്ളത്. അതും ഓണസമയത്തിനുള്ളിൽ നൽകും. 10 കോടിയോളമാണ് ഇതിനകം കൊടുത്തത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നു എന്നതാണ് മറ്റൊരു പരാതി. നമ്മുടെ നാട്ടിൽ ആവശ്യത്തിന് കിട്ടാത്തതോ കൃഷി ചെയ്യാത്തതോ ആയ പച്ചക്കറികളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരാറുളളത്. കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയൊക്കെ ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. എന്നാൽ, ഏറെ ആവശ്യക്കാരുണ്ട് താനും. തമിഴ്നാട്ടിലെ കർഷകസംഘങ്ങളിൽ നിന്നാണ് നിലവിൽ വാങ്ങുന്നത്. അവിടത്തെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ. നമ്മുടെ  നാട്ടിലെ പച്ചക്കറികൾ മാത്രം ആശ്രയിച്ച് വിപണനം നടത്തുക എന്നത് അപ്രായോഗികമാണ്. എന്നാൽ, നാട്ടിലെ കർഷകരുടെ ഉൽപന്നങ്ങൾക്ക് തന്നെയാണ് എക്കാലവും മുൻഗണന നൽകിയിട്ടുള്ളത്. 

കാലത്തിനനുസരിച്ച് മറ്റ് എന്തൊക്കെ നവീകരണമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്?

ഔട്ട്ലെറ്റുകളുടെ നവീകരണമാണ് അടുത്തപടിയായി പ്രധാനമായും ചെയ്യുക. വൃത്തിയുടേയും വിറ്റുവരവിന്റേയും അടിസ്ഥാനത്തിൽ ഔട്ട്ലെറ്റുകൾക്ക് ഗ്രേഡിംഗ് നൽകും. ഓൺലൈൻ വിതരണം ചെറിയതോതിൽ തുടങ്ങിയെങ്കിലും അത് കൃത്യമായി നടപ്പാകാത്ത സ്ഥിതിയാണ്. ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാന വ്യാപകമായി ഉടൻ നടപ്പാക്കും. നഗരങ്ങളിലായിരിക്കും ആദ്യം ഈ സൗകര്യം വരിക. എല്ലാ പഞ്ചായത്തുകളിലേക്കും ഒരു സ്റ്റാൾ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനൊപ്പം ഓൺലൈൻ വിപണനവും കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios