കളച്ചായ അഥവാ വീഡ് ടീ ഉണ്ടാക്കുന്നത് എളുപ്പമുള്ള പണിതന്നെയാണ്. നിങ്ങള്‍ തോട്ടത്തില്‍ നിന്ന് പറിച്ചുമാറ്റിയ കളകളും വെള്ളവും ഒരു വലിയ ബക്കറ്റില്‍ ശേഖരിക്കുക. നാല് ആഴ്ച അങ്ങനെതന്നെ ബക്കറ്റിലിരിക്കാന്‍ അനുവദിക്കുക.

തോട്ടത്തില്‍ നിന്ന് നമ്മള്‍ പറിച്ചെറിഞ്ഞുകളയുന്ന കളകള്‍ ഉപയോഗിച്ച് ചെടികള്‍ക്ക് ആവശ്യമുള്ള വളമുണ്ടാക്കാനും കഴിയും. വിപണിയില്‍ കിട്ടുന്ന രാസവളത്തിന്റെ പിന്നാലെ പോകാതെ ഏത് ചെടിക്കും അനുയോജ്യമായ രീതിയില്‍ വളമുണ്ടാക്കാനുള്ള നല്ലൊരു മാര്‍ഗമുണ്ട്.

ചെടികള്‍ വളര്‍ത്തുന്നവര്‍ പൊതുവേ ശല്യക്കാരായി കാണുന്ന കളകളെ പിഴുതുനശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ കളകള്‍ മണ്ണില്‍ നിന്ന് വലിച്ചെടുത്ത പോഷകങ്ങളെല്ലാം പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്. അതിന് പകരം ചെടികള്‍ക്ക് നല്‍കാന്‍ പറ്റുന്ന ഒരുതരം ചായ ഈ കളകളില്‍ നിന്നുണ്ടാക്കിയാല്‍ അവ വേരുകളിലും ഇലകളിലും ശേഖരിച്ചുവെച്ചിരിക്കുന്ന ഫോസ്ഫറസ്, പൊട്ടാസ്യം, നൈട്രജന്‍, മഗ്നീഷ്യം, സള്‍ഫര്‍, കോപ്പര്‍, ബോറോണ്‍ എന്നിവയും മറ്റുള്ള ധാതുക്കളും പോഷകങ്ങളുമെല്ലാം ചെടികള്‍ക്കായി പ്രയോജനപ്പെടുത്താം.

കളച്ചായ അഥവാ വീഡ് ടീ ഉണ്ടാക്കുന്നത് എളുപ്പമുള്ള പണിതന്നെയാണ്. നിങ്ങള്‍ തോട്ടത്തില്‍ നിന്ന് പറിച്ചുമാറ്റിയ കളകളും വെള്ളവും ഒരു വലിയ ബക്കറ്റില്‍ ശേഖരിക്കുക. നാല് ആഴ്ച അങ്ങനെതന്നെ ബക്കറ്റിലിരിക്കാന്‍ അനുവദിക്കുക. ഓരോ ആഴ്ചയിലും ഇളക്കിക്കൊടുക്കണം. 500 ഗ്രാം അളവിലുള്ള കളകള്‍ക്ക് ഏകദേശം എട്ട് കപ്പ് വെള്ളം ചേര്‍ത്ത് കൊടുക്കണം.

നാല് ആഴ്ചകള്‍ കഴിഞ്ഞാല്‍ അരിപ്പ ഉപയോഗിച്ചോ തുണി ഉപയോഗിച്ചോ ഈ ലായനി അരിച്ചെടുക്കണം. ഇതില്‍ കളകളുടെ വിത്തുകള്‍ ശേഖരിക്കപ്പെടുന്നത് അരിച്ചുമാറ്റി ഒഴിവാക്കാം. അതിനുശേഷം ലഭിക്കുന്ന ലായനി നല്ല പോഷകഗുണമുള്ള ദ്രാവകവളമായി ഉപയോഗിക്കാം. ഏത് തരത്തിലുള്ള കളകളും ഇതിനായി ഉപയോഗിക്കാം. പക്ഷേ വിഷാംശമുള്ള ചെടികള്‍ ഉപയോഗിക്കരുത്.

ഈ കളച്ചായയുടെ മണം ആസ്വാദ്യകരമല്ല. കൈകളിലും തുണികളിലും ഈ ലായനി പറ്റിപ്പിടിക്കാതെ ശ്രദ്ധിക്കണം. കളച്ചായ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഒരു കപ്പ് ലായനിക്ക് 10 കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷമേ ചെടികള്‍ക്ക് നല്‍കാവൂ. ഏത് തരത്തിലുള്ള പൂച്ചെടികള്‍ക്കും പച്ചക്കറികള്‍ക്കും നേരിട്ട് ചെടിയുടെ ചുവട്ടില്‍ തന്നെ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് നേര്‍പ്പിച്ച് സ്‌പ്രേ ബോട്ടിലില്‍ ഒഴിച്ചാല്‍ ചെടികളുടെ ഇലകളിലും തളിച്ചുകൊടുക്കാം. വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന പച്ചക്കറികളുടെ ഇലകളില്‍ ഇത് തളിക്കരുത്.