അധികമായാല്‍ ഏകാന്തതയും...

By Web TeamFirst Published Jun 2, 2021, 7:26 PM IST
Highlights

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ പതിനാലാം ഭാഗം
 

അങ്ങനെ കാത്തുകിട്ടിയ ഏകാന്ത രാവുകള്‍ കോവിഡ് കൊണ്ട് പോയേ എന്ന സ്ഥിതിയില്‍ നിന്നും ഇപ്പോള്‍ വളരെയേറെ മാറ്റങ്ങള്‍  ഉണ്ടായിട്ടുണ്ട്. ഭംഗിയായി, ചിരിക്കാനും ചിന്തിക്കാനും കഴിക്കാനും ഇപ്പോള്‍ കഴിയുന്നുണ്ട്. ഭര്‍ത്താവ് ഇപ്പോള്‍ എന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. സമയാസമയങ്ങളില്‍, കരുതലും സ്‌നേഹവും കലര്‍ത്തി  ഭര്‍ത്താവ് എത്തിക്കുന്ന ഭക്ഷണം വാങ്ങാനായി വാതില്‍ തുറക്കുന്ന നേരങ്ങളിലൊക്കെ, ഈ മട്ടിലാണേല്‍ ക്വാറന്റീന്‍ കുറച്ച് കൂടി നീട്ടിയെടുക്കുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം ഭര്‍ത്താവേ' എന്ന് പല പ്രാവശ്യം പറഞ്ഞു.  

 

 

ഇന്ന് ക്വാറന്റീന്‍ അവസാനിക്കുകയാണ്. ആരോഗ്യം ഏറെ മെച്ചപ്പെട്ടിരിക്കുന്നു. അതിനാല്‍ത്തന്നെ, ഈ ദിവസങ്ങളിലെ ക്വാറന്റീന്‍ ആസ്വദിക്കാനും കഴിയുന്നുണ്ട്.  രാവിന്റെ നിശബ്ദതയും പ്രഭാതത്തിന്റെ പ്രസരിപ്പും സായാഹ്നം ഭൂമിക്ക് നല്‍കുന്ന വേഷപ്പകര്‍ച്ചകളും കണ്ണുതുറന്ന് ഞാനറിയുന്നുണ്ട്. 

കോവിഡ് പൂര്‍വ്വ ദിനങ്ങള്‍ തിരക്കുകളുടേതായിരുന്നു. കല്യാണങ്ങളും പാലുകാച്ചുകളും ഷെഡ്യൂള്‍ ചെയ്യപ്പെട്ട ഞായറാഴ്ച ഒഴികെയുള്ള ദിനങ്ങള്‍ ഫാര്‍മസിയുമായി ബന്ധപ്പെടുത്തിയാണ്   ഓര്‍ത്തെടുത്തിരുന്നത്.

തിങ്കള്‍, ഇംഗ്ലീഷ് കമ്പനിയുടെ ദിവസം. ചൊവ്വ, വി.ആര്‍ മെഡിക്കല്‍സിന്റെ ദിവസം. തുടര്‍ന്ന് വരുന്ന ഒരോ ദിവസങ്ങളിലും ഓരോ മരുന്നുവിതരണക്കാര്‍. ഓര്‍ഡര്‍ കൊടുക്കല്‍ മുതല്‍ പേമെന്റ് വരെയുള്ള വിവിധ ഉത്തരവാദിത്തങ്ങള്‍. വീട്ടില്‍ കൃത്യസമയത്ത് ഒരോരുത്തരുടേയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് പാചകം ചെയ്യലും വിളമ്പലും. ഇതിനിടക്ക് വരുന്ന നൂറ് കൂട്ടം കാര്യങ്ങള്‍ മാനേജ് ചെയ്ത് കൊണ്ട് പോകല്‍. 

''എല്ലാ  തിരക്കുകളില്‍ നിന്നും അകന്ന് ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഇരിക്കാന്‍ പറ്റ്വോ?' എന്ന് സ്വയം ചോദിച്ച് കൊണ്ടിരുന്ന ചോദ്യത്തിന് കാലം ഉത്തരം നല്‍കിയത് നിര്‍ഭാഗ്യവശാല്‍ പക്ഷേ, കോവിഡ് രൂപത്തില്‍.

'നീ ഏകാന്തതയെ പ്രണയിക്കുന്നവളല്ലേ, നിനക്ക് നാം സമ്പദ്‌സമൃദ്ധമായ ഏകാന്തത വരമായി നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. ഏകാന്തതയെ കുഴിച്ച് കുഴിച്ച് നീ ഖനികള്‍ കണ്ടെടുക്കൂ. നിന്നോടുള്ള പ്രത്യേക താത്പര്യം പരിഗണിച്ച് നാം നിനക്ക് കൊറോണ എന്ന പരമാണുവിനെ കൂടി കൂട്ടായി തരുന്നു, ഏകാന്തതാ സ്വാസ്ഥ്യം ഭവന്തു.'' 

ഏകാന്തതയുടെ  ആദ്യ ദിനങ്ങളില്‍ മരുഭൂമിയിലൂടെയുള്ള അലച്ചിലായിരുന്നു പലപ്പോഴും. ഉള്‍ച്ചൂടേറ്റ്  പിടയുന്ന ഈയാംപാറ്റയെ പോലെ ചിറകറ്റ് കിടന്നു. അന്നേരങ്ങളില്‍ കനത്ത ഒരു മഴ വന്ന് നനച്ച് പോയെങ്കിലെന്ന് ആഗ്രഹിച്ചു. ദിനങ്ങള്‍ പോകും തോറും ഏകാന്തതയുടെ സ്വഭാവം മാറി വന്നു. ഒരു വേള  മറുകരയില്ലാത്ത കടല്‍ കണ്ടു. കടലൊളിപ്പിച്ച് വച്ച ക്രൂരസൗന്ദര്യത്തില്‍ മൃതിയുടെ അടയാളങ്ങളില്‍ തൊട്ട് പോയിട്ടും  കണ്ടില്ലന്ന് നടിച്ചു. ചില നേരങ്ങളില്‍  കടലാഴങ്ങളിലേക്ക് ഊളിയിട്ട്  മുത്തും പവിഴവും കോരിയെടുത്ത് ആരോരും കാണാതെ ഓമനിച്ചു. ചിലപ്പോഴൊക്കെ കടല്‍ അനന്തമായ പ്രതീക്ഷകള്‍ നല്‍കി.
            
നിനച്ചിരിക്കാതെ കടലിന്റെ മധ്യഭാഗത്തായി പൊട്ട് പോലെ  പ്രത്യക്ഷപ്പെട്ട ചെറുതോണി അനക്കമറ്റ് കിടക്കുന്നത് കണ്ട് കൂകി വിളിച്ച് ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചു:  'ഹൂയ് തോണിക്കാരാ, ഇവിടെ ഇതാ കരയെ ലക്ഷ്യമാക്കി നീന്താന്‍ ശ്രമിച്ച് കൈകാല്‍ കഴച്ച് കേവല പരാജയം ഏറ്റ് വാങ്ങിയ ഒരുവള്‍, വരൂ കടലിന്റെ നിഗൂഢതകളില്‍ നിന്ന് രക്ഷിച്ച്, നിന്റെ തോണിയിലേറ്റി, കഴിയുമെങ്കില്‍ ഏഴ് പ്രപഞ്ചങ്ങളുടെ മായാ സൗന്ദര്യങ്ങള്‍ കാട്ടി തരൂ.' 

എന്റെ ശബ്ദത്തിന്റെ പ്രതിധ്വനിയില്‍ കടലിന് കുലുക്കമുണ്ടായി,എന്നിട്ടും തോണിക്കാരന്‍ ചലിച്ചില്ല.  

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

കനത്ത ഏകാന്തതയിലേക്ക് കടന്ന് വന്ന ശബ്ദങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് മക്കളുടെ ശബ്ദമായിരുന്നു. ബ്രിട്ടനില്‍ പഠിക്കുന്ന മകനും മകളും ആദ്യമാദ്യം  വീഡിയോ കോളിലൂടെ എന്റെ ഏകാന്തതയെ നോക്കി കണ്ണ് നിറഞ്ഞ് നിന്നുവെങ്കിലും പിന്നെ പിന്നെ  പല സന്തോഷവര്‍ത്തമാനങ്ങളും കാഴ്ചകളും കൊണ്ട് എന്റെ ഏകാന്തതയെ സുഖകരമാക്കാന്‍ ശ്രമിച്ചു. ചരിത്രം കേള്‍ക്കാന്‍ ഇഷ്ടമുള്ള എന്നോട് അവര്‍ 'ലണ്ടന്‍ മ്യൂസിയത്തില്‍ ഫോട്ടോ എടുക്കാന്‍ പോലും അനുവദിക്കാതെ  സൂക്ഷിച്ചിരിക്കുന്ന അസല്‍ ഇന്ത്യന്‍ കോഹിനൂര്‍ രത്‌നം ഉമ്മിച്ചാക്ക് കാണണോ' എന്ന് തമാശ മട്ടില്‍ ചോദിച്ചു. അങ്ങനെ പല ടെക്‌നിക്കുകളും കൊണ്ട് അവര്‍ എന്റെ ഏകാന്തതയിലെ പൂമ്പാറ്റകളായി. വീട്ടിലുള്ള ഇളയ മകള്‍ എന്നില്‍ നിന്നുയരുന്ന ചെറിയ ചുമകളെ പോലും നിരീക്ഷിച്ച് അസ്വസ്ഥമായി  വാതിലിനപ്പുറം ഏത് നേരവും കാത്ത് നിന്നു.

അങ്ങനെ കാത്തുകിട്ടിയ ഏകാന്ത രാവുകള്‍ കോവിഡ് കൊണ്ട് പോയേ എന്ന സ്ഥിതിയില്‍ നിന്നും ഇപ്പോള്‍ വളരെയേറെ മാറ്റങ്ങള്‍  ഉണ്ടായിട്ടുണ്ട്. ഭംഗിയായി, ചിരിക്കാനും ചിന്തിക്കാനും കഴിക്കാനും ഇപ്പോള്‍ കഴിയുന്നുണ്ട്. ഭര്‍ത്താവ് ഇപ്പോള്‍ എന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. സമയാസമയങ്ങളില്‍, കരുതലും സ്‌നേഹവും കലര്‍ത്തി  ഭര്‍ത്താവ് എത്തിക്കുന്ന ഭക്ഷണം വാങ്ങാനായി വാതില്‍ തുറക്കുന്ന നേരങ്ങളിലൊക്കെ, ഈ മട്ടിലാണേല്‍ ക്വാറന്റീന്‍ കുറച്ച് കൂടി നീട്ടിയെടുക്കുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം ഭര്‍ത്താവേ' എന്ന് പല പ്രാവശ്യം പറഞ്ഞു.  

ഏകാന്തതയുടെ ആദ്യ ദിനങ്ങളില്‍, നഷ്ടമായ മണങ്ങളില്‍ പുസ്തക മണവും ഉള്‍പ്പെട്ടിരുന്നു. അത് കൊണ്ടാവാം ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും വായന ആശ്രയമായില്ല.                

വളരെ വൈകിയാണ് വായനയോടുള്ള കൊതി തിരിച്ചുവന്നത്. എന്‍ എ നസീറിന്റെ വനപുസ്തകം. അങ്ങനെ     
എന്‍.എ നസീറിന്റെ കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞ് പോയവരും കോവിഡ് ദിനങ്ങളിലെ ആദ്യ വായന ആയി. മുമ്പൊരിക്കല്‍ വായിച്ച പുസ്തകമായിട്ടും വീണ്ടും വായിക്കുമ്പോള്‍, മനുഷ്യര്‍ക്ക് കാലം കരുതി വെച്ച ഓര്‍മ്മപ്പെടുത്തലിന്റെ വൈറസ് രൂപമാവാം കൊറോണ എന്ന് തോന്നി. 
പുസ്തകത്തിലെ ഒരു അധ്യായം പെരിയകുളം തങ്കരാജാണ്. മനുഷ്യരേക്കാള്‍ വിവേകമുണ്ട് മൃഗങ്ങള്‍ക്കെന്ന് തങ്കരാജ്  പറയുന്നു. 

അത് ഇങ്ങനെയാണ്:

'വലിയ ചില മരങ്ങളുടെ പച്ചത്തോടിന് രതിസൂക്ഷ്മതകളെ ഉണര്‍ത്തുവാനും നശിപ്പിക്കാനുമുള്ള കഴിവുണ്ട്. അത് വന്യജീവികളില്‍ ഏറ്റവും വിവേകശാലികളായ ആനവര്‍ഗങ്ങള്‍ക്ക് തിരിച്ചറിയാം. ചില ചെറുസസ്യ വേരുകള്‍ മാത്രം ഭക്ഷിക്കുന്നുണ്ട് ആനകള്‍. അവയുടെ ഇലകളോ പൂവോ കായോ ഒന്നും അവ ആഹാരമാക്കാറില്ല. ചെടിയിലകളിലെ ഔഷധമൂല്യം മൃഗങ്ങള്‍ തിരിച്ചറിയുന്നതിന്റെ ഒരംശം പോലും മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടില്ല. നഗരവാസികള്‍ക്ക് കാടെന്തിന് ? ഭൂമിയില്‍ ഏറ്റവും വിവേകമുള്ളത് മനുഷ്യനാണെന്നു പറയുന്നു, മൃഗങ്ങളുടെ ജ്ഞാനമോ വിവേകമോ അവര്‍ക്കുണ്ടോ? ഒരു കടുവക്ക് വയറിന് അസ്വസ്ഥത ഉണ്ടായാല്‍ ഏത് പുല്ല് ആഹാരമാക്കായില്‍ ശാന്തി കിട്ടും എന്നറിയാം. മനുഷ്യന് മറ്റൊരു മനുഷ്യനെ തേടി പോകേണ്ടി വരുന്നു'             

തങ്കരാജ് ചിരിയോടെ പറഞ്ഞ് നിര്‍ത്തിയത് എത്രയോ സത്യമാവാം. വൈറസുകളുടെ ഉത്പത്തിക്കും മുന്നേ, കാടകങ്ങളില്‍ വൈറസ് നിവാരണ സസ്യങ്ങള്‍ തളിര്‍ക്കുകയും കിളിര്‍ക്കുകയും ചെയ്യുന്നുണ്ടാവാം. മനുഷ്യരുടെ കണ്ടെത്തലുകള്‍ക്ക് അസാധ്യമായ, ഇറ്റുചാറില്‍ പോലും ഔഷധ ഗുണമുള്ള സസ്യ സൃഷ്ടികള്‍. ഹാ, ഇപ്പോള്‍ ഏകാന്തത നിറയെ പച്ചപ്പ്.

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എട്ടാം ഭാഗം:കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ! 

ഒമ്പതാം ഭാഗം: പൂച്ചപോലുമറിഞ്ഞു, ശരീരത്തിലെ മാരകവൈറസിന്റെ സാന്നിധ്യം!

പത്താം ഭാഗം: കൊവിഡ് രോഗി പുറത്തിറങ്ങി നടന്നാല്‍

പതിനൊന്നാം ഭാഗം: കൊവിഡിനു ശേഷം, ചെറുതായി അധ്വാനിക്കുമ്പോള്‍ കിതച്ചുകിതച്ചു ഫ്യൂസാവുന്നുണ്ടോ? 

പന്ത്രണ്ടാം ഭാഗം:  എനിമ ട്യൂബും കൊവിഡ് രോഗവും തമ്മില്‍ എന്താണ് ബന്ധം?

പതിമൂന്നാം ഭാഗം: തിരികെവരുന്ന മണങ്ങള്‍
 

click me!