Asianet News MalayalamAsianet News Malayalam

എനിമ ട്യൂബും കൊവിഡ് രോഗവും തമ്മില്‍ എന്താണ് ബന്ധം?

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ പന്ത്രണ്ടാം ഭാഗം

notes from a covid 19 treatment centre by jaseena rahim part 12
Author
Thiruvananthapuram, First Published May 28, 2021, 7:27 PM IST

ഈ കാലയളവിലുണ്ടായ മറ്റൊരു ഷോര്‍ട്ടേജ് എനിമാ ട്യൂബിനായിരുന്നു. മനുഷ്യരുടെ ആന്തരിക സഞ്ചാരപഥങ്ങളില്‍ പല പ്രകമ്പനങ്ങളും സൃഷ്ടിച്ച്, ക്ലീന്‍ ക്ലീനാക്കുന്ന എനിമയും കോറോണയും തമ്മിലെന്ത് ബന്ധം?

 

notes from a covid 19 treatment centre by jaseena rahim part 12

 

''എന്റെ കുഞ്ഞേ വെരല് കുത്തി നെഞ്ചിടിപ്പ് നോക്കുന്ന ആ സാധനമില്ലേ. അതു മേടിക്കാന് എന്റെ മോന് ഒത്തിരി നടന്നിട്ടും കിട്ടീല്ല. അതില്ലാണ്ട് വീട്ടീ ഇരുന്നാ ചെലപ്പം വായു കൊറഞ്ഞ് മരിച്ചാ അറിയത്തില്ലാന്നാ എല്ലാവരും പറയുന്നത്. അതാ എന്റെ മോന്‍ നേരെ എന്നെ ഇവിടെ കൊണ്ടാക്കിയത്''

ആശുപത്രിക്കിടക്കയിലായിരിക്കെ, അപ്പുറത്തുണ്ടായിരുന്ന പേരറിയാത്ത വല്യമ്മച്ചി ആരോടോ ഫോണില്‍ സംസാരിച്ചതാണ്. 

പള്‍സ് ഓക്‌സീമീറ്ററിനെ കുറിച്ചാണ് അമ്മച്ചി പറഞ്ഞത്. അത് കിട്ടാഞ്ഞിട്ടാണ് ആ അമ്മച്ചി ആശുപത്രീല്‍ വന്നതത്രെ. ഓക്‌സി മീറ്റര്‍ ഇല്ലാത്തതിനാല്‍ വായു കുറഞ്ഞ് മരിച്ചുപോവുമെന്ന് ഭയന്ന അനേകായിരം കൊവിഡ് രോഗികളുടെ പ്രതിനിധിയാണ് അപ്പോള്‍, ഈ അമ്മച്ചി. അതിനാല്‍ മാത്രം കൊവിഡ് വാര്‍ഡില്‍ വന്നു ചേര്‍ന്നവരില്‍ ഒരാള്‍. 

പള്‍സ് ഓക്‌സി മീറ്റര്‍ യഥേഷ്ടം ലഭ്യമായിരുന്നുവെങ്കില്‍, അമ്മച്ചി ഇപ്പോള്‍ എവിടെയായിരിക്കും കിടക്കുക -അത് കേട്ടപ്പോള്‍ ഞാന്‍ അക്കാര്യം ആേലാചിച്ചു. 

ഉറപ്പായും, അമ്മച്ചി സ്വന്തം വീട്ടിലായിരിക്കും ഇപ്പോള്‍. പ്രിയപ്പെട്ടവര്‍ നല്‍കുന്ന കരുതലിന്റെയും സുരക്ഷയുടെയും വലയത്തിലായിരിക്കും അവര്‍. പള്‍സ് ഓക്‌സി മീറ്റര്‍ അടക്കം അവശ്യ സാധനങ്ങള്‍ കിട്ടാത്തത് നമ്മുടെ നാട്ടിലെ കൊവിഡ് രോഗികള്‍ക്ക് എന്തു മാത്രം ആധി വിതച്ചിട്ടുണ്ടാവും എന്ന തിരിച്ചറിവ് കൂടിയാണ് അമ്മച്ചി ബാക്കി വെയ്ക്കുന്നത്. 

എന്തിന് അമ്മച്ചിയെ പറയുന്നു, ഓക്‌സീമീറ്ററിന്റെ ഇല്ലായ്മ ഉണ്ടാക്കിയ ആധി ഞാനും അനുഭവിച്ച് അറിഞ്ഞതാണല്ലോ. 

കുഴഞ്ഞ് വീണ നിമിഷം ബിലാലും നിസാമും ഓക്‌സീമീറ്ററുമായി ഒരേ സമയം പാഞ്ഞെത്തി ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതാണ് അപ്പോഴുണ്ടായ അസ്വസ്ഥകള്‍ക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഞാനും ആംബുലന്‍സില്‍  ആശുപത്രിയിലേക്ക് പാഞ്ഞത്. 

ഓക്‌സിജന്‍ ലെവല്‍ കണ്ടെത്താനുള്ള പള്‍സ് മീറ്റര്‍  വീടുകളില്‍  ക്വാറന്റീനില്‍ കഴിയുന്ന ഒട്ടേറെ ആള്‍ക്കാരുടെ ആശ്രയമാണ്. എന്നാല്‍ പൊടുന്നനെ രോഗികളുടെ നിരക്ക് കുത്തനെ വര്‍ദ്ധിച്ചതിനാല്‍ ഓക്‌സി മീറ്റര്‍ കിട്ടാതെ വരുകയും വില മൂന്നിരട്ടി വര്‍ദ്ധിക്കുകയും ചെയ്തു. സര്‍വ്വത്ര ഷോര്‍ട്ടേജായി. 


''മാസ്‌കും സാനിറ്റൈസറും ഇല്ല ചേച്ചീ  ഷോര്‍ട്ടേജാ, കുറച്ച് അഡ്ജസ്റ്റ് ചെയ്ത് കൊണ്ടു വരാം വില കൂടും'

വവ്വാക്കാവ് ജങ്ഷനിലുള്ള എന്റെ ഫാര്‍മസിയിലേക്ക് മാസ്‌ക് സ്ഥിരമായി നല്‍കുന്ന അരുണിന്റെ ഫോണ്‍ കോളാണ്. 

''നിങ്ങള് ഷോര്‍ട്ടേജ് എന്നും പറഞ്ഞ് ഷോര്‍ട്ട് സര്‍ക്യൂട്ട് അടിപ്പിക്കല്ലേ ഇഷ്ടാ, കൊറോണ മനുഷ്യരെയിട്ട് തട്ടികളിക്കുവാ'' എന്ന് പറയുമ്പോള്‍ വാക്കുകള്‍ കനത്ത ചുമയില്‍ മുറിഞ്ഞ് പോയി. എന്റെ മറുപടിയുടെ പൊരുളറിഞ്ഞിട്ടോ അറിയാതെയോ അരുണ്‍ പിന്നീട് അധികമൊന്നും സംസാരിച്ചില്ല. 

രോഗനിരക്ക് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തായിരുന്നു എന്റെ കോവിഡ് ദിനങ്ങളുടെ തുടക്കം.  സംസാരിക്കാന്‍ വളരെ ബുദ്ധിമുട്ടനുഭവിച്ച അന്നാളുകളില്‍ വന്ന ഫോണ്‍ കോളുകളില്‍ നിറഞ്ഞ് നിന്നതത്രയും 'ഷോര്‍ട്ടേജ്' എന്ന വാക്കാണ്.              

എന്റെ അഭാവത്തിലും തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ നിന്ന് അത്യാവശ്യകാര്യങ്ങള്‍ക്കായി സബീനയും, സീനത്തും വിളിക്കുമ്പോഴൊക്കെ ആവര്‍ത്തിച്ച് പറയുന്നതും ഈ 'ഷോര്‍ട്ടേജ്' കാര്യമാണ്.

അതെ, മൊത്തം ഷോര്‍ട്ടേജായിരുന്നു. 

മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, പള്‍സ് ഓക്‌സീമീറ്റര്‍, വൈറ്റമിന്‍ സി, വേപ്പറൈസര്‍ തുടങ്ങി അടിയന്തിര ഘട്ടത്തില്‍ വേണ്ടതൊക്കെ ഷോര്‍ട്ടേജായി. അതിനു കാരണം ലളിതമായിരുന്നു. രണ്ടാം വരവില്‍ ഒട്ടുമിക്ക മനുഷ്യരേയും കീഴ്‌പ്പെടുത്തി. അതിനാല്‍ ആവശ്യക്കാര്‍ കൂടി. സ്‌റ്റോക്ക് കുറവും. 

ഷോര്‍ട്ടേജ് എന്നു കേട്ട്, സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നീ പേരുകളിലൊക്കെ സേവ് ചെയ്തിട്ടുള്ള പല പല നമ്പരുകളിലേക്കും ഞാന്‍ മാറി മാറി വിളിച്ചു. എങ്കിലും എല്ലാവരും ഷോര്‍ട്ടേജ് എന്ന കാര്യം മാത്രം ആവര്‍ത്തിച്ചു.

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

കാര്യം ഇതാണെങ്കിലും ഷോര്‍ട്ടേജ് എന്ന വാക്കില്‍ നിന്നും, ജീവിതമാര്‍ഗ്ഗം കണ്ടെത്തിയ അനേകരുമുണ്ടായിരുന്നു. 

ഒറ്റ ദിനം കൊണ്ട് മാസ്‌കുകളായ മാസ്‌കുകളൊക്കെ വിറ്റ് പോയ കോവിഡിന്റെ തുടക്കകാലത്ത് നേരിട്ട മാസ്‌ക് ക്ഷാമം പരിഹരിക്കുന്നതിനായി മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍. അവരില്‍ പലരും തൊഴില്‍ രഹിതരായിരുന്നു. മാസ്‌ക് കൊണ്ട് അവര്‍ പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. കിറ്റ് തുണികളെ വരെ ചില വിരുതന്‍മാര്‍ മാസ്‌കിന്റെ നിര്‍മ്മാണ സാമഗ്രികളാക്കി. ഷോര്‍ട്ടേജ് കാലത്ത് ഒരേ ഇനം മാസ്‌കുകള്‍ക്ക് പല വിലകളായിരുന്നു. ഇന്ന് മുപ്പതിന് കിട്ടുന്നത് നാളെ അറുപത് എന്ന സ്ഥിതി.

ഇഷ്ടമായത് തിരഞ്ഞെടുക്കാന്‍ തുണിക്കടകളില്‍ നീണ്ട സമയം ചിലവഴിക്കുന്നത് പോലെ, ദിനങ്ങള്‍ തോറും മാറി വരുന്ന മാസ്‌കിന്റെ ഫാഷന്‍ വൈവിധ്യങ്ങള്‍ തിരഞ്ഞെടുക്കാനായി ആളുകള്‍ അനേകമിനിറ്റുകള്‍ ചിലവാക്കി. മെഡിക്കല്‍ സറ്റോറുകള്‍ വഴി കാര്യമായി വിറ്റ് പോയി കൊണ്ടിരുന്ന മാസ്‌കുകള്‍ ഇന്ന് മാളുകള്‍ മുതല്‍ പെട്ടിക്കടകളില്‍ വരെ സുലഭം.  ജീവശ്വാസം പോലെ  അത്യന്താപേക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട മാസ്‌കുകളേയും സ്വന്തം ഗരിമ കാണിക്കാന്‍ ഉപയോഗിച്ച മനുഷ്യരുടെ കഴിവിനേയും ഈ  അവസരത്തില്‍ പലപ്പോഴും നമസ്‌കരിച്ചു. 

ഒന്നര വര്‍ഷം മുന്‍പ് വരെ സാധാരണക്കാര്‍ക്ക് അപരിചിതമായ ഒരു ദ്രാവകമായിരുന്നു സാനിറ്റൈസര്‍.

'തുടക്കത്തില്‍ അപൂര്‍വ്വമായി മാത്രം വിറ്റ് പോയിരുന്ന സാനിറ്റൈസറുകള്‍ തൊട്ടുപിന്നാലെ മാര്‍ക്കറ്റുകളില്‍ കിട്ടാനില്ലാതായി. ഒട്ടേറെ ആള്‍ക്കാരെ അത്  അങ്കലാപ്പിലാക്കി. സാനിറ്റൈസര്‍ കൈവശമുള്ളവര്‍ ഭാഗ്യവാന്‍മാരാണന്ന് ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.                          

സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കുന്നതിനായി തുടക്കത്തില്‍ പല സംഘടനകളും വ്യക്തികളും പ്രസ്ഥാനങ്ങളും ലൈബ്രറികളുമൊക്കെ രംഗത്തെത്തി. ആ കൂട്ടത്തില്‍ ഞങ്ങളുടെ നാടായ വവ്വാക്കാവിലെ സി.പി ഉണ്ണി ഗ്രന്ഥശാലയുമുണ്ടായിരുന്നു.  ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ കൂട്ടായ ചര്‍ച്ചകളെ തുടര്‍ന്ന്, അലോവരെയും ഹൈഡ്രജന്‍ പെറോക്‌സൈഡും സ്പിരിറ്റും മിക്‌സ് ചെയ്ത് തയ്യാറാക്കിയ സാനിറ്റൈസര്‍ 500 മില്ലി ബോട്ടിലിലാക്കി വവ്വാക്കാവ് ജംങ്ങ്ഷനില്‍ സ്റ്റാന്റ് നിര്‍മ്മിച്ച് വെച്ചുവെങ്കിലും അന്ന് രാത്രി തന്നെ സാനിറ്റൈസര്‍ ബോട്ടില്‍ ആരോ അടിച്ച് മാറ്റി.       

ആ നാളുകള്‍ നിരവധി സാനിറ്റൈസര്‍ കമ്പനികളുടെ കടന്ന് വരവിന് സാക്ഷ്യം വഹിച്ചു. പല നിറങ്ങളിലും മണങ്ങളിലും ജെല്‍, ലിക്വിഡ് ടൈപ്പ് സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് പുറത്തിറക്കിയ കമ്പനികളില്‍ ചിലത് വ്യാജമായിരുന്നു. ആല്‍ക്കഹോള്‍ കണ്ടന്റ് കുറവാണെന്ന് കണ്ട് പിടിച്ച് പല കമ്പനികള്‍ക്കും പൂട്ട് വീണു.       

വാറണ്ടിയോട് കൂടി ലഭിച്ച് കൊണ്ടിരുന്ന വേപ്പറൈസറുകള്‍ ആവശ്യാനുസരണം നിര്‍മ്മിക്കാന്‍ കഴിയാതെ കമ്പനികള്‍ കുഴഞ്ഞ് പോയ നാളുകള്‍ കൂടിയായിരുന്നു അത്. അത് നിരവധിയായ ആവി പിടിക്കല്‍ പ്രസ്ഥാനങ്ങളുടെ കടന്ന് വരവിന് കാരണമായി. ജനങ്ങള്‍ക്ക് അത് ഒരു പോലെ ഗുണവും  ദോഷവും സമ്മാനിച്ചു. കുറഞ്ഞ ക്വാളിറ്റിയെന്ന് ബോധ്യമായിട്ടും പലപ്പോഴും പറയുന്ന വിലക്ക് വേപ്പറൈസറുകള്‍ വാങ്ങേണ്ടിയും കൊടുക്കേണ്ടിയും വന്നു. അതിന്നും തുടരുന്നു.   

'ഇത്താ പള്‍സ് ഓക്‌സീമീറ്റര്‍ 2500 രൂപക്ക് തരാമെന്ന് ഒരു കമ്പനി പറഞ്ഞു ,വാങ്ങണോ'

കടയില്‍ നിന്നും സബീനയുടെ വിളിയാണ്. 700 രൂപക്ക് ലഭിച്ച് കൊണ്ടിരുന്ന പള്‍സ് മീറ്റര്‍ അത്രയും വിലയ്ക്ക് വാങ്ങണോ? സ്വയം ചോദിച്ച് നോക്കി. അപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് കടം വാങ്ങിയാണേലും കൈവിട്ട് പോകുന്ന ഹ്യദയമിടിപ്പ് അളക്കാന്‍ പള്‍സ് ഓക്‌സീമീറ്റര്‍ തേടി പാഞ്ഞ് നടക്കുന്ന അനേകരുടെ മുഖമാണ്.  

ഈ കാലയളവിലുണ്ടായ മറ്റൊരു ഷോര്‍ട്ടേജ് എനിമാ ട്യൂബിനായിരുന്നു. മനുഷ്യരുടെ ആന്തരിക സഞ്ചാരപഥങ്ങളില്‍ പല പ്രകമ്പനങ്ങളും സൃഷ്ടിച്ച്, ക്ലീന്‍ ക്ലീനാക്കുന്ന എനിമയും കോറോണയും തമ്മിലെന്ത് ബന്ധം?

സ്വാഭാവികമായി ഉയര്‍ന്നേക്കാവുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടിയത് ഒരു യുവകോമളനില്‍ നിന്നാണ്. 

'അക്കാ വേറൊന്നും തോന്നല്ല്, മനുഷ്യന് വീട്ടീ തന്നിര്ന്ന് പ് രാന്തെടുക്കുവാ. ഇച്ചിരി വീശാനും പറ്റ്ന്നില്ല. ഈ ട്യൂ ബൊണ്ടേ സ്വന്തമായിട്ട് കൊറച്ച് വാറ്റാം, ഓണം കൂടിയല്ലിയോ വരാന്‍ പോന്നേ'                

എനിമയെ കൊണ്ട് ഇങ്ങനെയും ഒരു ഗുണമുണ്ടെന്ന് കണ്ടുപിടിച്ച നമ്മുടെ ആളുകളുടെ ബുദ്ധിയെ കൊറോണ ഇതിനോടകം എത്ര പ്രാവശ്യം നമിച്ചിട്ടുണ്ടാകുമോ എന്തോ!

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എട്ടാം ഭാഗം:കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ! 

ഒമ്പതാം ഭാഗം: പൂച്ചപോലുമറിഞ്ഞു, ശരീരത്തിലെ മാരകവൈറസിന്റെ സാന്നിധ്യം!

പത്താം ഭാഗം: കൊവിഡ് രോഗി പുറത്തിറങ്ങി നടന്നാല്‍

പതിനൊന്നാം ഭാഗം: കൊവിഡിനു ശേഷം, ചെറുതായി അധ്വാനിക്കുമ്പോള്‍ കിതച്ചുകിതച്ചു ഫ്യൂസാവുന്നുണ്ടോ? 

Follow Us:
Download App:
  • android
  • ios