Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗി പുറത്തിറങ്ങി നടന്നാല്‍...

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ പത്താം ഭാഗം

notes from a covid 19 treatment centre by jaseena rahim part 10
Author
Thiruvananthapuram, First Published May 25, 2021, 1:42 PM IST

കൊവിഡ് എന്നെ സംബന്ധിച്ചിടത്തോളം വിചിത്ര സ്വപ്‌നങ്ങളുടെ ഒരു കാലം കൂടിയായിരുന്നു. ഉണര്‍ന്നിരിക്കെ തന്നെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങള്‍ കണ്ടു. രോഗ തീവ്രത കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് സ്വപ്നങ്ങളുടെ സ്വഭാവ രീതികള്‍ക്കും മാറ്റം വന്നു. കോവിഡ് ബാധിച്ച ശേഷം ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കഴിഞ്ഞിരുന്നത്. കണ്ണടക്കുന്ന നേരങ്ങളിലൊക്കെയും കണ്ടിരുന്ന ദൈര്‍ഘ്യമുള്ള സ്വപ്നങ്ങള്‍ ഉണര്‍ന്നിട്ടും മനസ്സില്‍ മായാതെ നിന്നു. 

 

notes from a covid 19 treatment centre by jaseena rahim part 10

 

'നമുക്ക് ചാരുംമൂട് വരെയൊന്ന് പോകാം'

കോവിഡ് പോസിറ്റീവാണെന്നറിഞ്ഞിട്ടും എന്നെയും കൂട്ടി  ചാരുംമൂട് വരെ പോകണമെന്ന  ഉമ്മിച്ചയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഒടുവിലെനിക്ക് വഴങ്ങേണ്ടി വന്നു. 

എനിക്ക് ബസ് സ്റ്റാന്‍ഡ് വരെ നടക്കാന്‍ വയ്യ ഉമ്മിച്ചാന്ന്' പറഞ്ഞപ്പോള്‍ എന്നാ പിന്നെ നമ്മുക്ക് കുവൈറ്റ് കൊച്ചാപ്പയുടെ ഓട്ടോയില്‍ അവിടെ വരെ പോയിട്ട് വേഗം വരാമെന്ന് ഉമ്മിച്ച. 

കോവിഡ് പോസിറ്റീവ് എന്ന ഉത്തമ ബോധ്യത്തില്‍ സഞ്ചരിച്ച ആ യാത്രയിലുടനീളം കണ്ണടച്ചിരുന്ന്, ലോകമേ ഞാനൊരു കോവിഡ് രോഗിയാണന്ന് നിശബ്ദമായി വിലപിച്ച് കൊണ്ടേയിരുന്നു. 

'നിനക്ക് കോവിഡാന്ന് അവിടെങ്ങും ചെന്ന് പറേല്ലേ'-ചാരുമൂട്ടിലെ വല്യണ്ണന്റെ വീട്ടിലേക്ക് പോകും വഴി ഉമ്മിച്ച ചട്ടം കെട്ടി, ഞാനത് സമ്മതിച്ചു. 

ചാരുംമൂട്ടിലെത്തിയപ്പോള്‍ ചെറിയ മഴ ചാറ്റല്‍, ഓടി ക്കേറി വല്യണ്ണന്റെ വീട്ടിലെ സിറ്റൗട്ടില്‍ നില്‍ക്കുമ്പോഴാണ്, മുറ്റത്തെ മരം ഉമ്മിച്ചയുടെ ശ്രദ്ധയില്‍ പെട്ടത്. കൊതിയോടെ മരത്തില്‍ നില്‍ക്കുന്ന കൊത്തചക്കകളിലേക്ക്  നോക്കി നില്‍ക്കുമ്പോഴാണ്, ഒരു കുട ചോദിച്ച് അന്‍സാരി അണ്ണന്‍ അങ്ങോട്ടേക്ക് വന്നത്. കിട്ടിയ അവസരം മുതലാക്കി 'ഒരു ചക്ക ഇട്ടു തരുവോ' എന്ന്  അന്‍സാരിയണ്ണനോട് ഉമ്മിച്ച ചോദിച്ചതും അണ്ണന്‍ മരത്തിലേക്ക് ചാടി കയറിയതും മരം ഒടിഞ്ഞ് താഴെ വീണതും ഒരുമിച്ച്.  അണ്ണന്‍ വീണു കിടക്കുന്നത് കണ്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ നിന്ന എന്റെയുള്ളില്‍, ഞാനൊരു കോവിഡ്കാരിയാണേന്ന നിശ്ശബ്ദ വിലാപം.

വല്യണ്ണന്‍ ഓടി വന്ന് അന്‍സാരിയണ്ണനെ പൊക്കിയെടുത്ത് ഓട്ടോയില്‍ കയറ്റിയ നേരം ഞാനും ഓട്ടോയിലേക്ക് ചാടിക്കയറി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഓട്ടോക്ക് സ്പീഡ് വളരെ കുറവ്. അപ്പോഴും ഞാന്‍ ദീനമായി വിലപിക്കുകയാണ് ,ലോകമേ ഞാന്‍ കോവിഡകാരിയാണ്.

പൊതുപ്രവര്‍ത്തകനും സ്‌നേഹ സമ്പന്നനുമായ വല്ല്യണ്ണനിപ്പോള്‍ വല്ലാത്ത ഗൗരവത്തിലാണ്. 

ആശുപത്രിയിലേക്ക് ഏന്തി വലിഞ്ഞ് നടന്ന് പോയ അന്‍സാരിയണ്ണന്‍, മിനിറ്റുകള്‍ക്കകം, വളരെ കൂളായി പാട്ടും മൂളി  പുറത്തേക്ക് വരുന്ന കാഴ്ചയില്‍ എന്റെ ഉള്ളം കുളിര്‍ക്കുന്നു, പക്ഷേ അപ്പോഴും വല്യണ്ണന്റെ ഗൗരവം വിട്ട് മാറിയിട്ടില്ല.

അന്‍സാരിയണ്ണന്‍ വീഴാനുണ്ടായ സംഭവത്തിന് ഉത്തരവാദി എന്ന നിലയില്‍ ആശുപത്രിയിലെ 2200 രൂപയുടെ ബില്‍, എനിക്ക് നേരെ നീട്ടിയിട്ട് കത്തുന്ന നോട്ടത്തോടെയും യാതൊരു ദാക്ഷിണ്യവുമില്ലാതെയും 'പോയി ബില്ലടക്ക്' എന്ന് വല്യ ണ്ണന്‍ പറഞ്ഞു. പനിയാല്‍ വിറച്ച് തുള്ളുന്ന ഞാനപ്പോള്‍ പൈസക്കായി ബാഗില്‍ പരതിയപ്പോള്‍ കിട്ടിയത് പത്ത് രൂപ!  അപ്പോഴും ഞാന്‍ പറയുന്നുണ്ട്, ലോകമേ ഞാന്‍ കോവിഡ് രോഗിയാണ്!

'അയ്യോ എനിക്ക് കോവിഡാണേ..'

ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിട്ടും തുടര്‍ന്ന എന്റെ അലറി വിളി കേട്ട് ഓടിച്ചാടി വന്ന ഭര്‍ത്താവിനോടും പറഞ്ഞു.  'ഞാന്‍ കോവിഡ് രോഗിയാണ്'

വല്ലാത്തൊരു സ്വപ്‌നം. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു ഞാനന്നേരം. കൊവിഡ് എന്നെ സംബന്ധിച്ചിടത്തോളം വിചിത്ര സ്വപ്‌നങ്ങളുടെ ഒരു കാലം കൂടിയായിരുന്നു. ഉണര്‍ന്നിരിക്കെ തന്നെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങള്‍ കണ്ടു. രോഗ തീവ്രത കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് സ്വപ്നങ്ങളുടെ സ്വഭാവ രീതികള്‍ക്കും മാറ്റം വന്നു.

കോവിഡ് ബാധിച്ച ശേഷം ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കഴിഞ്ഞിരുന്നത്. കണ്ണടക്കുന്ന നേരങ്ങളിലൊക്കെയും കണ്ടിരുന്ന ദൈര്‍ഘ്യമുള്ള സ്വപ്നങ്ങള്‍ ഉണര്‍ന്നിട്ടും മനസ്സില്‍ മായാതെ നിന്നു. 

രോഗ തീവ്രത അല്‍പം കുറഞ്ഞ സമയത്ത് കണ്ട സ്വപ്നങ്ങളിലൊന്ന് ഓര്‍മ്മയുണ്ട്. അതു തീര്‍ന്നിട്ടും ഞാന്‍ തേങ്ങി കരഞ്ഞ് കൊണ്ടേയിരുന്നു. 

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

സ്വപ്‌നം രണ്ട്     

ഇതിലെ പ്രധാന കഥാപാത്രം ഭര്‍ത്താവാണ്. 

അകന്ന പരിചയമുള്ള ഒരു പെണ്‍കുട്ടിയുമായി ഞാന്‍ വീട്ടിലേക്ക് വരുന്നു. ഉടന്‍ പെണ്‍കുട്ടി പ്രഖ്യാപിക്കുന്നു, നിങ്ങളുടെ ഭര്‍ത്താവുമായുള്ള എന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു, ദാ ഈ താലിമാല തെളിവ്! 

കനം കുറഞ്ഞ ബോംബെ ചെയിന്‍ താലിമാലയിലേക്കും ഭര്‍ത്താവിനെയും ഞാന്‍ മാറി മാറി നോക്കുന്നു. പുള്ളിക്കാരന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. ഞാന്‍ നിങ്ങളെ പ്രാണനെ പോലെ സ്‌നേഹിച്ചതല്ലേന്ന് ഇടക്കൊന്നു പറഞ്ഞ് നോക്കി, എന്നിട്ടും നെവര്‍ മൈന്‍ഡ്. ഇനി എന്ത് ചെയ്യും എന്ന പകപ്പില്‍ പെണ്‍കുട്ടിയെ ഞാനുമായി സ്വയമൊന്ന് താരതമ്യപ്പെടുത്തി നോക്കുന്നു. ഭാഗ്യം അവള്‍ എന്റെയത്ര സുന്ദരിയല്ല, അവള്‍ ചിരിക്കുമ്പോള്‍ തെളിഞ്ഞ് കാണുന്നത് മഞ്ഞക്കറ പുരണ്ട് വിക്യതമായ പല്ലുകള്‍. 

അവളേക്കാള്‍ സുന്ദരിയല്ലേ ഞാനെന്ന് തേങ്ങി കരച്ചിലിന്റെ അകമ്പടിയോടെ ഭര്‍ത്താവിനോട് പറഞ്ഞ് നോക്കി. പക്ഷേ അതൊന്നും പുളളിക്കാരന്‍ ശ്രദ്ധിക്കുന്നതേയില്ല. 

ഉണര്‍ന്നിട്ടും കണ്ടത് സ്വപ്നമാണന്നറിഞ്ഞിട്ടു ംഞാന്‍ തേങ്ങി കരഞ്ഞ് കൊണ്ടേയിരുന്നു         

സ്വാര്‍ത്ഥത നിറഞ്ഞ ആ സ്വപ്നം കാണുന്ന സമയം ഒട്ടേറെ പ്രിയപ്പെട്ടവരുടെ സാമീപ്യം ആഗ്രഹിച്ചിരുന്നു.


സ്വപ്‌നം മൂന്ന്

സ്വപ്ന പരിസരമായ കണ്ടത്തില്‍ ശശിയണ്ണന്റെ വീടുള്‍പ്പെട്ട പുരയിടത്തിന്റെ മൂലക്കായി കുളം പോലെയുള്ള കടല്‍. 

അതിനു വേലി കെട്ടിയിട്ടുണ്ട്. ചെറിയ തിരമാലകളുള്ള കുളം. കടലില്‍ ദിവസം മൂന്ന് പ്രാവശ്യം ചാകരയാണ്. ഇതറിഞ്ഞ് കടല്‍ കാണാനായി ചെന്ന എന്നെ ശശിയണ്ണന്റെ മകള്‍ ശ്യാമ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുന്നു. 

ആദ്യ കടല്‍ കാഴ്ചയില്‍ തന്നെ ഞാന്‍ അത്ഭുതപരതന്ത്രയാകുന്നു. കാരണം അന്നത്തെ ആദ്യ ചാകരയില്‍ കിട്ടിയ മുഴുത്ത കൊഞ്ചുകളെ കടല്‍ കരയില്‍ കൂട്ടിയിട്ടിരിക്കുന്നു. അതത്രയും ഉടന്‍ വിറ്റുപോകുമെന്ന് ശ്യാമ പറയുന്നത് കേട്ട് ഞാന്‍ കണ്‍മിഴിക്കുന്നു. അതാ അടുത്ത അത്ഭുതം നല്ല പെടപ്പന്‍ ചെങ്കലവാ കൂട്ടം കടല്‍ കുളത്തില്‍ നിന്ന് പൊന്തി വരുന്നു. 

ശ്യാമയാണ് ഇപ്പോള്‍ മുക്കുവത്തി, വളരെ ഈസിയായി ചെങ്കലവകളെ കോരിയെടുത്ത് കൂട്ടിയിട്ടതിന് ശേഷം ' 'ജസീനത്തക്ക് കുറച്ച് ചെങ്കലവ തരട്ടേ' എന്ന് എന്നോട് ചോദിക്കുന്നു. 

അത് കേട്ട് സന്തോഷം പൂണ്ട് നില്‍ക്കുമ്പോള്‍ കാണുന്നത് പേടിപ്പെടുത്തുന്ന ഒരു കാഴ്ച. ശശിയണ്ണന്റെ പുരയിടത്തില്‍ ഉടനീളം ഇഴഞ്ഞ് നടക്കുന്ന പല വലിപ്പത്തിലുള്ള ചേരകള്‍. എനിക്കൊന്ന് കാല്‍ കുത്തി നില്‍ക്കാന്‍ ചേരകള്‍ അവസരം തരുന്നില്ല. 

അപ്പോള്‍  ഞാന്‍ പെട്ടന്ന് ചൈനക്കാരെ  ഓര്‍ത്തു. ചെങ്കലവയേക്കാളും ചേരക്ക് ചൈനയില്‍ നല്ല വില കിട്ടുമെന്നും ,ഈ കാഴ്ച ചൈനക്കാരുടെ മുന്നിലായിരുന്നെങ്കില്‍ അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയേനേ എന്നും ഓര്‍ത്ത നേരം കൊണ്ട് ശ്യാമ ചെങ്കലവകളത്രയും വിറ്റ് തീര്‍ന്നിരുന്നു. അപ്പോള്‍ അവിടെ ഒരു പോപ്പോ ശബ്ദം ഉയരുന്നു. അത് വഴി കടന്ന് പോയ കാലി ഓട്ടോയില്‍ എന്നെ വീട്ടിലേക്ക് കൊണ്ട് വിടാം എന്ന ശ്യാമയുടെ ഓഫര്‍ നിരസിച്ച് അടുത്ത ചാകരക്കായി കാത്തിരിക്കുന്നു. സ്വപ്നം അവസാനിച്ച് കണ്‍തുറന്ന് നോക്കുമ്പോള്‍, സ്വപ്ന കാഴ്ചകളുടെ രസം പറ്റി ചോരയൂറ്റി കുടിച്ചും, വട്ടമിട്ട് പറന്നും കൊതുകുകള്‍  അര്‍മാദിക്കുന്നു. സന്തോഷിക്കണോ ,സങ്കടപ്പെടണോ എന്നറിയാത്തൊരവസ്ഥ. 

ഈ സ്വപ്‌നം ഞാനന്ന് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.      

കാരണങ്ങളൊന്നുമില്ലാതെ ചിരിയും കരച്ചിലുമൊക്കെ വന്നിരുന്ന ആ നാളുകളില്‍ കുറിച്ചിട്ട വരികള്‍ക്ക് താഴെ പല കമന്റുകളും വന്നു. അന്ന് കോവിഡ് പോസിറ്റീവായിരുന്ന രജിതയുടെ കമന്റ്  ഇങ്ങനെ ആയിരുന്നു:        

മരിച്ചിട്ട് വര്‍ഷങ്ങളായ അപ്പാപ്പന്‍  ചെറുപ്പമായി ഇരിക്കുന്നതൊക്കെ സ്വപ്നം കണ്ടു. ആശാന്‍ പള്ളിക്കൂടത്തിലൊക്കെ പല പ്രാവശ്യം പോയി വന്നു. ഇങ്ങനൊക്കെ സ്വപ്നം കാണാന്‍ കഴിഞ്ഞത് ഈ കൊറോണ കാലത്തെ സന്തോഷമാണ്. സത്യത്തില്‍ സ്വപ്നം ഓര്‍ത്തുവെക്കുന്ന കാലം തന്നെ മറന്നിരുന്നു ...            

രജിതയുടെ കമന്റ് വായിച്ചപ്പോള്‍, കോവിഡ് രോഗികളുടെ  സ്വപ്നങ്ങള്‍ക്ക് സമാനസ്വഭാവമുണ്ടെന്ന് തോന്നി.

''സുഖം പ്രാപിച്ച് വീട്ടിലെത്തുമ്പോള്‍, സൈക്കോ അനാലിസിസ് ഗുരുവായ കാള്‍ യുങ്ങിന്റെ ശിഷ്യരെ വിളിച്ച്, കണ്ട സ്വപ്നങ്ങളെ വിശകലനം ചെയ്യിക്കാം'' എന്നായിരുന്നു പ്രസന്നന്‍ വേളൂരിന്റെ കമന്റ്. അതിന് ലൈക്ക് അടിക്കുമ്പോള്‍ ശരിക്കും ഞാന്‍ തന്നെ ഒരോ സ്വപ്നങ്ങളേയും വിശകലനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എട്ടാം ഭാഗം:കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ! 

ഒമ്പതാം ഭാഗം: പൂച്ചപോലുമറിഞ്ഞു, ശരീരത്തിലെ മാരകവൈറസിന്റെ സാന്നിധ്യം!

Follow Us:
Download App:
  • android
  • ios