Asianet News MalayalamAsianet News Malayalam

കൊവിഡിനു ശേഷം, ചെറുതായി അധ്വാനിക്കുമ്പോള്‍ കിതച്ചുകിതച്ചു ഫ്യൂസാവുന്നുണ്ടോ?

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ പതിനൊന്നാം ഭാഗം

notes from a covid 19 treatment centre by jaseena rahim part 11
Author
Thiruvananthapuram, First Published May 27, 2021, 1:59 PM IST

കോവിഡിന് ശേഷം ശ്രദ്ധിക്കേണ്ടത് നെഞ്ച് വേദന, ശ്വാസം മുട്ടല്‍, നടക്കുമ്പോള്‍ കിതപ്പ്, കൂടാതെ കാലില്‍ നീര്, സഹിക്കാന്‍ കഴിയാത്ത ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടോ എന്നതാണ്, പൂര്‍ണ്ണമായും ഷട്ട് ഡൗണിലായ ശരീരത്തെ വളരെ വേഗം സാധാരണ നിലയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുമ്പോഴാണ് സാധാരണയായി കിതപ്പും ശ്വാസം മുട്ടലുമൊക്കെ മിക്കവരിലും കൂടുതലായി കാണുന്നത്. നിര്‍ബന്ധമായും നാലാഴ്ച റെസ്റ്റ് എടുക്കുകയാണ് വേണ്ടത്.

 

notes from a covid 19 treatment centre by jaseena rahim part 11

 

രണ്ടു ദിവസമായി ഒരാശ. സിറ്റൗട്ടിലെങ്കിലും ഉലാത്താനൊന്ന് കഴിഞ്ഞിരുന്നുവെങ്കില്‍. പോസിറ്റീവ് റിസല്‍ട്ട് കിട്ടി പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷം റൂമില്‍ നിന്ന് ഹാളിലേക്ക് പോലും കടന്നാല്‍  മതിയെന്ന് സ്വയം തീരുമാനിച്ചുറച്ചിരുന്നു. അതിന് ഇനിയും സമയം ബാക്കിയുണ്ട്.

ജനാല തുറന്നിടുമ്പോള്‍ കാണുന്ന പരിമിതമായ കാഴ്ചകള്‍ക്കും അര്‍ത്ഥവും വ്യാപ്തിയുമുണ്ടെന്ന് തോന്നി. ആവശ്യത്തിനും അനാവശ്യത്തിനും കടന്ന് വരുന്ന ദു:ഖത്തിന്റെ കാഠിന്യം കുറക്കാനായി, ഹ്യദയത്തില്‍ തൊട്ട പാട്ടുകളില്‍ ചിലത് കേട്ടു. പക്ഷേ ഒരിടത്തും മനസ്സിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ കഴിയുന്നില്ല. എന്റെ വായനാ പ്രിയം അറിയാവുന്ന ഇളയ മകള്‍ 'ഉമ്മിച്ചാക്ക് വായിക്കാന്‍ ഏതേലും ബുക്ക് ഷെല്‍ഫില്‍ നിന്ന് എടുത്ത് തരണോ' എന്ന് പല പ്രാവശ്യം ചോദിച്ചിട്ടും അല്‍പം കടുപ്പത്തില്‍ 'എനിക്ക് ബുക്കൊന്നും വായിക്കണ്ട' എന്ന എന്റെ മറുപടി അവളെ അത്ഭുതപ്പെടുത്തി. 

17 ദിവസത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. പക്ഷേ ക്യത്യമായി പാലിച്ച് വന്ന നിബന്ധനകള്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍  തകിടം മറിഞ്ഞു. അതിന് കാരണമായ സംഭവം വിശപ്പായിരുന്നു, കൊടും വിശപ്പ്. 

കൊതിപ്പിച്ചും ചിന്തിപ്പിച്ചും ആര്‍ത്തി നിറച്ചും വിശപ്പെന്ന മഹാന്‍ രണ്ട് ദിവസമായി അടക്കി ഭരിക്കുകയാണ്. രാത്രി മുതല്‍ പുലര്‍ച്ച വരെ നീണ്ടുനില്‍ക്കുന്ന അതികഠിനമായ വിശപ്പിനെ പല പഴവര്‍ഗ്ഗങ്ങളിലും ഒതുക്കാന്‍ നോക്കിയെങ്കിലും 'ആന വായില്‍ അമ്പഴങ്ങ' എന്ന ഫീല്‍. ഇനി അടുക്കള തന്നെ ശരണം. ആരുമറിയാതെ അടുക്കള വരെ എത്തിച്ചേര്‍ന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മുട്ടകളില്‍ രണ്ടെണ്ണമെടുത്ത് പുഴുങ്ങി കഴിക്കുക എന്നത്  ഒരു കൊടും ക്യത്യമല്ലെന്ന് അറിയാമെങ്കിലും, ക്വാറന്റയിന്‍ ബ്രേക്ക് ചെയ്യുകയാണോ എന്ന മനസ്സാക്ഷിക്കുത്തിനെ, മുട്ട പുഴുങ്ങുന്നത് തെറ്റേ അല്ലെന്ന് തുടങ്ങുന്ന  വരികള്‍ ഉണ്ടാക്കി ചേര്‍ത്ത്  ഒരു മുട്ട പാട്ടാക്കി ഒന്നു രണ്ട് പ്രാവശ്യം പാടി നോക്കിയപ്പോള്‍ വേണ്ടത്ര ധൈര്യം കിട്ടി. 

മുട്ട ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഡബിള്‍മാസ്‌കും ഗ്ലൗസുമണിഞ്ഞു. തോര്‍ത്ത് മുണ്ടുകൊണ്ട് തലമുടി വരിഞ്ഞ് മുറുക്കി കെട്ടിവെച്ചു. ഇനി വേണ്ടത് ജാഗ്രതയാണ്. 

തുറക്കുമ്പോള്‍ കരകരാന്ന് കരയാറുള്ള കതകിനെ താലോലിച്ച് ശബ്ദമില്ലാതെ തുറക്കുക എന്നത് അല്‍പം ശ്രമകരമായ ജോലി ആയിരുന്നു. ഭര്‍ത്താവും മകളും അഗാധമായ ഉറക്കത്തിലാണ്. ഒരു കാരണവശാലും എന്റെ വിശപ്പ് കൊണ്ട് അവര്‍ ഉണരാന്‍ പാടില്ല. ജാഗ്രതൈ...ഇനിയും മുന്നോട്ട്.

ഹാവൂ, അടുക്കളയിലെത്തി കഴിഞ്ഞു. 

ഫ്രിഡ്ജിന്റെ ഡോറില്‍ കൈകള്‍ തൊട്ട നേരം അനേക ദിവസങ്ങളായി ആരുടേയും കരസ്പര്‍ശമേല്‍ക്കാതെ വീര്‍പ്പ് മുട്ടി കഴിഞ്ഞ ഫ്രിഡ്ജ് പല പല ശബ്ദങ്ങളില്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു. അകത്ത് വെളിച്ചം നിറച്ച് ഫ്രിഡ്ജ് കാട്ടി തന്ന കാഴ്ചകള്‍ എംടി എഴുതിയ 'മഞ്ഞ്' നോവലിലെ വിമലയെ ഓര്‍മ്മിപ്പിച്ചു. നെയ്പായസത്തിന് മരണത്തിന്റെ തണുപ്പ് നല്‍കിയാണ് വിമല കടന്ന് പോയതെങ്കില്‍ മരണത്തില്‍ നിന്ന് ജീവിതത്തിന്റെ തുടിപ്പുമായി വന്ന എനിക്ക് കാണേണ്ടി വന്നത് തണുത്തുറഞ്ഞിരിക്കുന്ന ഇടിയപ്പവും മുട്ടക്കറിയുമാണ്. വൈറസ് സാന്നിധ്യമറിയാതെ പാചകം ചെയ്ത് വെച്ചിരുന്ന പല ആഹാരസാധനങ്ങളില്‍ ഉണ്ണിയപ്പം മുതല്‍ കടുക് മാങ്ങാ അച്ചാര്‍ വരെ ഉള്‍പ്പെടുന്നു 

ക്വാറന്റീന്‍ ആകുന്നതിന് മുമ്പ് വാങ്ങി വെച്ച മുട്ടകള്‍ അല്‍പം പോലും സ്ഥാനചലനം സംഭവിക്കാതെ ഫ്രിഡ്ജില്‍ ഇരിക്കുന്നത് അര്‍ദ്ധരാത്രിയില്‍ ആശ്വാസം പകരുന്ന കാഴ്ച്ച ആയിരുന്നു.

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

മുട്ട ഓപ്പറേഷന്‍ പ്ലാന്‍ വണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു, അടുത്ത ഘട്ടം അല്‍പം റിസ്‌കിയാണ്. പുറത്തെ അടുക്കളയിലേക്ക് പോകാന്‍ കഴിഞ്ഞാല്‍ മാത്രമേ മുട്ട പുഴുങ്ങി കഴിക്കല്‍ ലക്ഷ്യം പൂര്‍ണ്ണമാവൂ. തനിച്ച് കതക് തുറന്ന് പുറത്തേക്ക് പോവുക എന്നത് ഉള്‍ക്കിടിലമുണ്ടാക്കിയെങ്കിലും, ഈ അവസരത്തില്‍ പിടികൂടിയ വിശപ്പെന്ന ഭീകരന്‍ ആ ദൗത്യം ഏറ്റെടുത്ത് ഭംഗിയാക്കി തന്നു. ഓപ്പറേഷന്‍ റ്റു സക്‌സസ്. 

ഞാനില്ലാത്ത അടുക്കള ചിത്രങ്ങളില്‍, തേങ്ങാ പീര പറ്റിപ്പിടിച്ചിരുന്ന് പൂത്ത് പോയ ചിരവാ നാക്കും, അപ്രതീക്ഷിതമായി  വീണ് കിട്ടിയ വിശ്രമ ദിനങ്ങള്‍ ഒട്ടും പാഴാക്കാതെ തുരുമ്പ് പൂശി സുന്ദരിയാകാന്‍ ശ്രമിച്ച പിച്ചാത്തിയും, അനാഥയെ പോലെ ഒരു മൂലയില്‍ ഒതുങ്ങിയിരിക്കുന്ന ചോറ് കലവുമൊക്കെ ഉണ്ടായിരുന്നു. ഈ കാലത്തും വെള്ളം തിളപ്പിക്കല്‍ പ്രക്രിയ സജീവമായി നടന്നിരുന്നതിനാല്‍ സ്റ്റൗവിന് അല്‍പം തിളക്കം ശേഷിച്ചിരുന്നു.   

കുക്കറില്‍ വളരെ വേഗം മുട്ട പുഴുങ്ങിയെടുക്കാം എന്ന അറിവില്‍ മൂന്ന് മുട്ടകളെ കുക്കറിലാക്കി അടുപ്പില്‍ വെക്കാന്‍ തുടങ്ങും നേരമാണ്, എന്റെ മുട്ട പ്ലാന്‍ തകര്‍ക്കാന്‍  കുക്കര്‍ ശബ്ദത്തിന് കഴിയുമല്ലോ എന്നോര്‍ത്തത്. ചെറിയ സ്റ്റീല്‍ ചരുവത്തിലേക്ക്  മുട്ടകള്‍ മാറ്റിയ നേരം എവിടെ നിന്നോ ഉയര്‍ന്ന ചാവാലിപട്ടികളുടെ മോങ്ങല്‍ പേടിപ്പിച്ചെങ്കിലും മുട്ട കണ്ടാല്‍ പിശാച് അടുക്കില്ലെന്ന് വിശപ്പാശാന്റെ വാക്കിനെ ഞാന്‍ അപ്പടി വിശ്വസിച്ചു.  

പൈപ്പ്  ലൈനിലെങ്ങാനും ഏതേലും വൈറസ് കയറി പറ്റിയിട്ടുണ്ട് എങ്കില്‍ കൂട്ടമായി നശിക്കട്ടെ എന്ന് കരുതി മുട്ട പുഴുങ്ങിയ തിളച്ച വെള്ളം സിങ്കിലേക്ക് ഒഴിച്ചതോടെ പ്ലാന്‍ സക്‌സസ്.  

പുഴുങ്ങിയ മുട്ടകളുമായി മുറിയിലേക്ക്? ഭാഗ്യം ആരും ഒന്നുമറിഞ്ഞിട്ടില്ല. ശരിക്കും മുട്ട രുചി അറിയാന്‍ കഴിയുന്നില്ല.  വിശപ്പടക്കാനുള്ള ഒരു വസ്തു കഴിക്കുന്നു എന്നത് പോലെ മൂന്നു മുട്ടകള്‍ ഒറ്റ ഇരിപ്പിന് അകത്താക്കി കഴിഞ്ഞപ്പോള്‍ കൈ വന്ന എനര്‍ജിയില്‍ അര്‍ദ്ധരാത്രിയാണന്ന് നോക്കാതെ അലങ്കോലമായി കിടക്കുന്ന മുറി അടിച്ച് വാരി ശരിപ്പെടുത്താനായി ചൂലെടുത്തു. 

പതിനഞ്ച് മിനിട്ടോളം  നീണ്ട ക്ലിനിംഗ് കഴിഞ്ഞതും ഒരടി പോലും മുന്നോട്ട് വെക്കാന്‍ കഴിയാതെ കിതച്ചുകിതച്ച് ഫ്യൂസായി പോയ ബള്‍ബ് പോലെ നേരം വെളുപ്പിച്ചു. 

''വല്ലാത്ത കിതപ്പ്, വിശപ്പ്. ഉറക്കവുമില്ല. എന്താണ് ചെയ്യേണ്ടത് റീസാ''-ബന്ധുവായ ഡോ. റീസക്ക് വോയിസ് മെസേജ് അയച്ച് നിമിഷങ്ങള്‍ക്കകം മറുപടി കിട്ടി

''ജസീനാത്താ, കോവിഡിന് ശേഷം ശ്രദ്ധിക്കേണ്ടത് നെഞ്ച് വേദന, ശ്വാസം മുട്ടല്‍, നടക്കുമ്പോള്‍ കിതപ്പ്, കൂടാതെ കാലില്‍ നീര്, സഹിക്കാന്‍ കഴിയാത്ത ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടോ എന്നതാണ്, പൂര്‍ണ്ണമായും ഷട്ട് ഡൗണിലായ ശരീരത്തെ വളരെ വേഗം സാധാരണ നിലയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുമ്പോഴാണ് സാധാരണയായി കിതപ്പും ശ്വാസം മുട്ടലുമൊക്കെ മിക്കവരിലും കൂടുതലായി കാണുന്നത്. നിര്‍ബന്ധമായും നാലാഴ്ച റെസ്റ്റ് എടുക്കുകയാണ് വേണ്ടത്. നെഗറ്റീവ് റിസല്‍ട്ട് കിട്ടിയ ആദ്യ ആഴ്ചയില്‍ അഞ്ച് മിനുട്ട് അഞ്ച് നേരം നടക്കുക. ഏത് സമയം വേണമെങ്കിലും നടക്കാനായി തിരഞ്ഞെടുക്കാം. രണ്ടാമത്തെ ആഴ്ചയില്‍ പത്ത് മിനുട്ടില്‍ മൂന്ന് നേരം. മൂന്നാമത്തെ ആഴ്ചയില്‍ പതിനഞ്ച് മിനുട്ടില്‍ രണ്ട് നേരം. നാലാമത്തെ ആഴ്ച ഇരുപത് മിനുട്ടില്‍ രണ്ട് നേരം നടക്കാന്‍ തുടങ്ങുമ്പോഴേക്കും  ശരീരം ഒരു വിധം സാധരണ നിലയിലേക്കെത്തും, പിന്നെ ചെയ്യാനുള്ള കുറച്ച് വ്യായാമങ്ങളുണ്ട്.''      

റീസ വിശദീകരിച്ച് പറഞ്ഞ് തന്നതെല്ലാം കേട്ടിരിക്കുമ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. ഇന്നലെ അര്‍ദ്ധരാത്രിയില്‍ മുട്ട എനര്‍ജിയില്‍ ആവേശപ്പെട്ട് ചെയ്ത ക്ലീനിങ്ങാണ് എനിക്ക് വിന ആയതെന്ന്.

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എട്ടാം ഭാഗം:കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ! 

ഒമ്പതാം ഭാഗം: പൂച്ചപോലുമറിഞ്ഞു, ശരീരത്തിലെ മാരകവൈറസിന്റെ സാന്നിധ്യം!

പത്താം ഭാഗം: കൊവിഡ് രോഗി പുറത്തിറങ്ങി നടന്നാല്‍
 

Follow Us:
Download App:
  • android
  • ios