Asianet News MalayalamAsianet News Malayalam

പൂച്ചപോലുമറിഞ്ഞു, ശരീരത്തിലെ മാരകവൈറസിന്റെ സാന്നിധ്യം!

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ ഒമ്പതാം ഭാഗം

notes from a covid 19 treatment centre by jaseena rahim part 9
Author
Thiruvananthapuram, First Published May 21, 2021, 8:04 PM IST

പി.പി ഇ കിറ്റും ഗ്ലൗസുമൊക്കെയിട്ട് കോവിഡ് പ്രതിരോധ സന്നാഹങ്ങളോടെ, അല്‍പം പോലും വിശ്രമമില്ലാതെ,  മണിക്കൂറുകളോളം ജോലി ചെയ്യുന്ന മാലാഖമാര്‍ കരുണയും കരുതലുമായി ഏത് നേരവും അടുത്തുണ്ടായിട്ടും മറ്റെല്ലാ കോവിഡ് രോഗികളേയും പോലെ എനിക്കും അവരുടെ മുഖവും രൂപവും സ്വരവുമൊക്കെ അജ്ഞാതമായിരുന്നു. തീര്‍ത്തും വെള്ള മറയിലായിരുന്ന അവരുടെയൊക്കെ മുഖം ഒരു നോക്ക് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ഡിസ്ചാര്‍ജ് ഷീറ്റ് വാങ്ങുന്ന വേളയില്‍ വെറുതെ ഒരാഗ്രഹം തോന്നിയെങ്കിലും അതു മാറ്റിവെച്ചു. 

 

notes from a covid 19 treatment centre by jaseena rahim part 9

 

ഒരിക്കല്‍ നിപ്പാ മുനി വവ്വാല്‍ ചിറകിലേറി കശുവണ്ടി തോട്ടത്തിലേക്ക് പറക്കുകയായിരുന്നു. അപ്പോള്‍ അത് വഴി ഓടിപ്പാഞ്ഞെത്തിയ ഒരു കൊറോണ അബദ്ധത്തില്‍ നിപ്പാമുനിയുടെ മുന്നില്‍ പെട്ടു. തന്റെ മുന്നില്‍  മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന കൊറോണയെ കണ്ട് നിപ്പാ മുനി കോപിഷ്ഠനായി. 

'സീനിയറായ എനിക്ക് മാര്‍ഗ്ഗതടസ്സം സ്യഷ്ടിച്ച നീയും നിന്റെ വര്‍ഗ്ഗവും കോവാക്‌സിന്‍ പ്രയോഗത്തിലൂടെ ഈ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാകട്ടെ.'

ശാപവാക്കുകള്‍ കേട്ട കൊറോണ ആകെ അപ്‌സെറ്റായി, ''മഹാമുനേ, വേറെയും കമ്പനിക്കാര്‍ ഞങ്ങള്‍ക്കായി കെണിയൊരുക്കിയിട്ടുണ്ട്. ആ ന്യൂസ് അറിഞ്ഞ് ഓടി പാഞ്ഞെത്തുന്ന വഴിയാണ്, സോ സോറി ശാപത്തിലെന്തെങ്കിലും ഇളവ്.''

കൊറോണയുടെ വാക്കുകളില്‍ നിപ്പാ മുനിയുടെ മനമലിഞ്ഞു. ''ഡോണ്ട് വറി കൊറോണാ, ലോകത്തിന്റെ അതിബുദ്ധിയെ ഭേദിച്ച് മുന്നേറാനായാല്‍ നിനക്കും നിന്റെ കൂട്ടാളികള്‍ക്കും ഒരു ചാന്‍സു തരാം.''

കൊറോണക്ക് അല്‍പം സമാധാനമായി, ഒരു ചാന്‍സൊണ്ടല്ലോ..

കഥ പറയാന്‍ നിര്‍ബന്ധം കൂട്ടുമ്പോള്‍ അപ്പലുവിന് വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു തട്ടിക്കൂട്ട് കഥയാണിത്. കാക്കേം പൂച്ചേം കോഴിയേമൊക്കെ കഥാപാത്രങ്ങളാക്കി സ്റ്റോക്ക് തീര്‍ന്നു. കഥയില്‍ ഒരു പുതുമ പരീക്ഷിച്ചതാകട്ടെ അവനൊട്ട് ഇഷ്ടപ്പെട്ടതുമില്ല. 

''പൊട്ടക്കഥയാ ഇത് ച്ചാമിച്ച''-അവന്‍ പറഞ്ഞു. 

അതു കഴിഞ്ഞ്, അധികം നാളുകള്‍ കഴിഞ്ഞില്ല. എന്നെയും പൊട്ടക്കഥയിലെ കഥാപാത്രമാക്കി കൊറോണ. 

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

പഴയ കാര്യങ്ങള്‍ ഓരോന്ന് ആലോചിച്ച് ഇങ്ങനെ കിടക്കുമ്പോഴാണ് വാര്‍ഡില്‍ റൗണ്ട്‌സിന് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘം എത്തിയത്. 

പിന്നെല്ലാം പെട്ടെന്നായിരുന്നു.  എന്റെ ആരോഗ്യനിലയില്‍ അവര്‍ തൃപ്തി അറിയിച്ചു. ഡിസ്ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. ഇനി ഹോം ക്വാറന്റീന്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കി. 

പി.പി ഇ കിറ്റും ഗ്ലൗസുമൊക്കെയിട്ട് കോവിഡ് പ്രതിരോധ സന്നാഹങ്ങളോടെ, അല്‍പം പോലും വിശ്രമമില്ലാതെ,  മണിക്കൂറുകളോളം ജോലി ചെയ്യുന്ന മാലാഖമാര്‍ കരുണയും കരുതലുമായി ഏത് നേരവും അടുത്തുണ്ടായിട്ടും മറ്റെല്ലാ കോവിഡ് രോഗികളേയും പോലെ എനിക്കും അവരുടെ മുഖവും രൂപവും സ്വരവുമൊക്കെ അജ്ഞാതമായിരുന്നു. തീര്‍ത്തും വെള്ള മറയിലായിരുന്ന അവരുടെയൊക്കെ മുഖം ഒരു നോക്ക് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ഡിസ്ചാര്‍ജ് ഷീറ്റ് വാങ്ങുന്ന വേളയില്‍ വെറുതെ ഒരാഗ്രഹം തോന്നിയെങ്കിലും അതു മാറ്റിവെച്ചു. 

ആശുപത്രിയില്‍ നിന്നും  തിരിക്കാന്‍ തുടങ്ങുന്ന നേരത്ത് പതിവ് പോലെ ലൈല കൊച്ചുമ്മയുടെ വിളി വന്നു ,ഡിസ്ചാര്‍ജാകുന്നു എന്ന സന്തോഷ വാര്‍ത്ത പൊട്ടിക്കരഞ്ഞ്‌കൊണ്ട് എതിരേറ്റ കൊച്ചുമ്മ എന്നെ സമാധാനിപ്പിക്കാനായി പല  ആശ്വാസവാക്കുകളും പറഞ്ഞു. അതീവ ഭക്തയായ കൊച്ചുമ്മയെ ഉപ്പുപ്പാ തങ്ങള്‍ ഇന്നലെ സ്വപ്നം കാണിച്ചിരിക്കുന്നു. 'എന്റെ കുട്ടിയെ രക്ഷിക്കൂ ഉപ്പാപ്പാ' എന്ന നിലവിളിക്ക് ഉപ്പുപ്പാ തങ്ങള്‍  ഉത്തരം നല്‍കിയെന്ന സന്തോഷമാണ് കൊച്ചുമ്മയുടെ വാക്കുകളിലൂടനീളം. 

എന്ത് കൊണ്ടോ എന്റെ ഡിസ്ചാര്‍ജ് വാര്‍ത്ത എനിക്കൊപ്പം വാര്‍ഡിലുണ്ടായിരുന്നവരെ മ്ലാനതയിലാക്കി.  എന്തിനെന്നറിയാതെ ആ നേരങ്ങളില്‍ ഞാനും സങ്കടപ്പെട്ടു. യാതൊരു മുന്‍ധാരണയുമില്ലാതെ പല പല ദിക്കുകളില്‍ നിന്ന് എത്തപ്പെട്ട്  യാതൊരു വേര്‍തിരിവുമില്ലാതെ ഒന്നായി കഴിഞ്ഞ ആറ് ദിനങ്ങള്‍. അടുക്കാന്‍ കഴിയാതെ ഉറ്റവരും ഉടയവരും പകച്ച് നിന്നപ്പോള്‍ പരസ്പരം താങ്ങായും, തണലായും സമാശ്വാസ വാക്കുകള്‍ ചൊരിഞ്ഞവര്‍, ഏവര്‍ക്കും വേഗം സുഖമാകട്ടെ എന്നാശംസിച്ച് വാര്‍ഡിന് പുറത്തെത്തുമ്പോഴേക്കും വൈകിട്ട് നാല് മണി കഴിഞ്ഞിരുന്നു. 
          
യാത്രാവിലക്ക് കര്‍ശനമാക്കിയ രണ്ടാം ഘട്ട ലോക് ഡൗണ്‍ കാലമായതിനാല്‍ സത്യവാങ്മൂലം എഴുതി സമര്‍പ്പിച്ച് 47 കിലോമീറ്റര്‍ താണ്ടി എന്നെ കൊണ്ട് പോകാനെത്തിയ പുന്നാര ആങ്ങളയെ കണ്ട് വല്ലാത്ത ആശ്വാസമായി. 

മടക്കയാത്ര ആനന്ദം പരമാനന്ദം, ഹാ എന്തൊരു കുളിര്. ലോക്ക്ഡൗണ്‍ നിശ്ശബ്ദതയില്‍ പ്രകൃതി ആകെ വൃത്തിയായതുപോലെ.  പല സ്ഥലത്തേയും പോലീസ് ചെക്കിങ്ങ് കുഴപ്പമില്ലാതെ കഴിഞ്ഞ് ഒരു ജംങ്ഷനിലെത്തിയപ്പോള്‍ അതാ സംശയത്തിന്റെ കാക്കി കണ്ണുകള്‍. തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. രേഖകള്‍ ആവശ്യത്തിനുള്ളത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. 

'ഖാജാ മേരീ ഖാജാ, ദില്‍ മേ സമാജാ'

കാറിലിപ്പോള്‍ എ.ആര്‍ റഹ്മാന്റെ സൂഫി സംഗീതം. ആ ഗാനം നല്‍കിയ ആത്മീയാനുഭൂതിയില്‍ അലിഞ്ഞ്,  പുറത്തെ കാഴ്ചകളെ പുതുമയോടെന്ന പോലെ ഒപ്പിയെടുത്ത് ആശുപത്രിക്കിടക്കയില്‍നിന്നും എന്നെ മാടി വിളിച്ച് കൊണ്ടിരുന്ന വീട്ടിലേക്ക്. 

മഴവീണ് കുതിര്‍ന്ന അന്തരീക്ഷത്തില്‍ വീട്ടിലെത്തിയപ്പോഴേക്കും ഭാര്യയെ ആക്രമിച്ച വൈറസിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചെറിയ ഒരു ചെമ്പ് നിറയെ വെള്ളം തിളപ്പിച്ച് തയ്യാറാക്കിയിട്ടിരുന്നു, പ്രിയ ഭര്‍ത്താവ്. ആശുപത്രിയില്‍ എന്നോടൊപ്പം കൊണ്ട് പോയ സകല കുണ്ടാമണ്ടികളും തിളപ്പിച്ച വെള്ളത്തില്‍ മുക്കി വെച്ച് ഒരു കൂട്ടക്കൊലപാതകം നടത്തി ചെറു ചൂടുവെള്ളത്തില്‍ കുളിച്ച് ഫ്രഷായി വലത് കാല്‍ വെച്ച് വീട്ടിലേക്ക് കടക്കുമ്പോള്‍ എല്ലാ മുഖങ്ങളിലും ആശ്വാസം.

വിശാലമായ കോമ്പൗണ്ടില്‍ അഞ്ച് വീടുകളാണ്. അഞ്ച് സഹോദരന്‍മാര്‍ വിളിപ്പാടകലെ. സമയാസമയങ്ങളില്‍ അനുജന്‍മാരുടെ ഭാര്യമാര്‍ എത്തിച്ച് തരുന്ന ഭക്ഷണത്തിന്റെ സുഭിക്ഷതയില്‍ വീണ്ടുമിതാ ഹോം ക്വാറന്റീന്‍. 

ലുല്ലു പൂച്ച പോലുമിപ്പോള്‍ അതീവ ജാഗ്രതയിലാണെന്ന് തോന്നുന്നു. എന്നെ തൊട്ടുരുമ്മി നടക്കാറുണ്ടായിരുന്ന അവള്‍ ഇപ്പോള്‍ മൈന്‍ഡ് ചെയ്യുന്നതേയില്ല, എന്നിലെ കൊടും വൈറസ് സാന്നിധ്യത്തെ അവള്‍ മണത്തറിഞ്ഞിട്ടുണ്ടാവും.

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എട്ടാം ഭാഗം:കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ! 
 

Follow Us:
Download App:
  • android
  • ios