Asianet News MalayalamAsianet News Malayalam

കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ!

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ എട്ടാം ഭാഗം

notes from a covid 19 treatment centre by jaseena rahim part 8
Author
Thiruvananthapuram, First Published May 20, 2021, 5:07 PM IST

'പൊന്ന് മോളേ നീ ആശുപത്രിയിലായോടാ, എന്റെ കുഞ്ഞിനോട് എന്നും അപ്പച്ചന്‍ പറയത്തില്ലാരുന്നോ സൂക്ഷിക്കണേന്ന്. കഴിഞ്ഞ വട്ടം കണ്ടപ്പം മോള് മാസ്‌ക് നല്ലത് പോലല്ലാര്ന്ന് ഇട്ടിരിന്നെ. എനിക്ക് അവിടെ വന്ന് എന്റെ മോളെയൊന്ന് കാണാന്‍ പറ്റുന്നില്ലല്ലോ കര്‍ത്താവേ... എന്റെ മോള് ഒരു കാര്യം ചെയ്യുവോ ആശുപത്രീന്ന് വന്നാലുടന്‍ വവ്വാക്കാവിലെ ബഷീറിന്റെ ബേക്കറീന്ന് മോക്ക് ആവശ്യമുള്ള ഫ്രൂട്ട്‌സ് ആളെ വിട്ട് മേടിപ്പിക്കണം, ബാബു പറഞ്ഞതണന്ന് പറഞ്ഞാല്‍ മതി, എപ്പഴും അപ്പച്ചന്‍ എന്റെ മോക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാ....'

 

notes from a covid 19 treatment centre by jaseena rahim part 8

 


''ഏതൊരാള്‍ക്കും എപ്പോഴെങ്കിലും ഒരു രോഗാവസ്ഥയിലൂടെ കടന്നു പോകാതെ പറ്റില്ല. ജീവനെ നിലനിര്‍ത്താനാണ് നമ്മുടെ ശരീരം സ്വയം ശ്രമിക്കാറുള്ളത്. മനസ്സ് ആ പ്രക്രിയക്ക് സഹകരിക്കണം .അപ്പോള്‍ വേഗത്തില്‍ ഭേദമാകും...''                          

കൊവിഡിന്റെ പിടിയില്‍നിന്ന് കുതറിക്കൊണ്ടിരിക്കെയാണ് ഈ മെസേജ് വന്നത്. സുഹ്യത്ത് കൂടിയായ പ്രിയപ്പെട്ട കവി റഫീക്ക് അഹമ്മദ് അയച്ച ഈ മെസേജ് ആശ്വാസവാക്കുകളേക്കാളുപരി ഒരുത്തേകജക മരുന്നായിരുന്നു എന്ന് ഇപ്പോഴെനിക്കറിയാം. കവിയുടെ വാക്കുകള്‍ കൊണ്ട് ഇന്നത്തെ പ്രഭാതം അനുഗ്രഹിക്കപ്പെട്ടത് ഒരു പക്ഷേ കവി അറിഞ്ഞിട്ടുണ്ടാവില്ല. 
               

പുറംലോകം കാണാതെ  ദിവസങ്ങള്‍ തള്ളി നീക്കുന്ന എനിക്കിപ്പോള്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് ആകാശത്തേയും ,നക്ഷത്രങ്ങളേയും കാണാം. പോസിറ്റീവായ ഒരു നെഗറ്റീവിനെ മറികടക്കാനുതകുന്ന ഒരു പോസിറ്റിവിറ്റി വിസ്മയം അനുഭവിച്ചറിയാം. 

പറയുന്നത് സന്ദേശങ്ങളെക്കുറിച്ചാണ്. പലയിടങ്ങളില്‍നിന്ന് നന്‍മയുള്ള അനേകം മനസ്സുകള്‍ ചൊരിയുന്ന മെസേജുകളും ഫോണ്‍കോളുകളും. അവ നല്‍കുന്ന ഊര്‍ജ്ജം. രോഗത്തിന്റെ പിടിയില്‍നിന്നും സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് അവ എത്രമാത്രം ആശ്വാസദായകമാണെന്നും പറയേണ്ടതുണ്ട്. 

.....

കോവിഡ് പിടിപെട്ടതിന് ശേഷം ദിവസേന എത്തിയ വിളികളിലൊന്ന് കുടുംബ സുഹ്യത്തായ സജി അച്ചായന്റേതായിരുന്നു. ഏതാനും ദിവസം മുന്‍പ് കോവിഡ് നെഗറ്റീവായ അച്ചായന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ നല്‍കിയ ഉപദേശം മറ്റുള്ളവരും അറിയേണ്ടതാണ് എന്നു തോന്നുന്നു. ''ഒരു കാരണവശാലും, കോവിഡിനെക്കുറിച്ചുള്ള ഒരു വീഡിയോയും ഇപ്പോള്‍ കാണല്ലേ ജസീനാ'-ഇതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. 

ഒരു വെളിവുമില്ലാതെ, വ്യൂസും കാശും മാത്രം ലക്ഷ്യമിട്ട് ഓരോരുത്തര്‍ തട്ടികൂട്ടുന്ന മെസേജുകളുടെ അപകടത്തെക്കുറിച്ചാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന കാലത്ത്, കണ്ടറിവും കേട്ടറിവും ആധികാരികമെന്നോണം വിളമ്പുന്ന എത്രയെത്ര വീഡിയോകളാണ് നമുക്ക് ചുറ്റിലും. കൊറോണയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി നിറക്കുകയായിരുന്നു പല യൂട്യൂബ് ചാനലുകളും.  നാരങ്ങാവെള്ളവും മല്ലിവെള്ളവും മാത്രം കൊണ്ട് കൊറോണയെ തുരത്താം എന്ന ക്യാപ്ഷന്‍ നല്‍കി ധാരാളം വ്യൂവേഴ്‌സിനെ സമ്പാദിച്ച ഒരു യൂട്യൂബ് ചാനലിന്റെ വളര്‍ച്ചക്ക് ഞാനും സാക്ഷിയാണ്.

എന്നാല്‍ ഇതുപോലല്ലാത്ത അനേകം വീഡിയോകളും അക്കൂട്ടത്തില്‍ കണ്ടിട്ടുണ്ട്. കൊവിഡ് എന്ന മഹാമാരിയെ എങ്ങനെയൊക്കെ ശാസ്ത്രീയമായി നേരിടാമെന്ന് പറഞ്ഞുതരുന്ന വീഡിയോകള്‍. അതുണ്ടാക്കിയ അവബോധം ചെറുതായിരുന്നില്ല. 

മനോധൈര്യം എന്നത് കൊവിഡിനെ നേരിടാനുള്ള പ്രധാന ആയുധമാണ്. ആ മനോധൈര്യത്തെ തകര്‍ക്കാന്‍ ഒന്നിനെയും അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. അത് വീഡിയോയാലും പാതി വെന്ത അറിവുകള്‍ വിളമ്പുന്ന അഭ്യുദയകാംക്ഷികളായാലും.      

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

ഇടക്കിടക്ക് വന്ന് കുത്തിനോവിക്കാറുള്ള ഒറ്റപ്പെടലിനെ മറികടക്കാന്‍ ആശുപത്രി മച്ചിലേക്ക്  നോക്കി കിടക്കുമ്പോഴാണ്, അങ്ങ് ദുബായില്‍ നിന്നൊരു അഭ്യുദയകാംക്ഷിയുടെ ഫോണ്‍ കോള്‍ വരുന്നത്. 

''എന്തൊക്കെയുണ്ട് വിശേഷം, കോവിഡ് പിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റാണെന്നറിഞ്ഞു സൂക്ഷിക്കണേ, കോവിഡുകാര്‍ സൈലന്റ് അറ്റാക്ക് വന്ന് മരിക്കുവാന്നാ ഇപ്പോ കേക്കുന്നേ. ലക്ഷണം നെഞ്ചിടിപ്പാ. കൂടാതിപ്പമൊരു ഫംഗസും ഇറങ്ങീട്ടൊണ്ട്. എന്താ ര്ന്ന് ആ ഫംഗസിന്റെ പേര്, ആ, ആ, കിട്ടി ബ്ലാക്ക് ഫംഗസ്, അത് വരുന്നോരടെയൊക്കെ കണ്ണ് പൊറത്ത് ചാടും. എന്ത് ചെയ്യാനാ കലികാലമാ. ഡ്യൂട്ടി കഴിഞ്ഞ് വന്നൊടനാ ഓര്‍ത്തത് ഒന്ന് വിളിച്ചില്ലല്ലോന്ന്. അപ്പ തന്നെ ദാ ഫോണെടുത്ത് വിളിച്ചതാ, എല്ലാരേം പടച്ചോന്‍ കാക്കട്ടെ'

അഭ്യുദയകാംക്ഷിയുടെ കാള്‍ അവസാനിപ്പിക്കുമ്പോഴേക്കും ഒരായിരം സൂര്യചന്ദ്രന്‍മാര്‍ ഒന്നിച്ച് വന്ന് തലമണ്ടയില്‍ ഇടിച്ചിറങ്ങുകയും അതിനെ തുടര്‍ന്ന് തലമുടിയിഴകളിലേക്ക് വരെ പടര്‍ന്ന് കയറിയ വേദനയെ പാരസറ്റമോള്‍ കഴിച്ച് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കൊവിഡ് ബാധിച്ചതിന് ശേഷം പതിവായി അനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ വേദന  മഹാമാരിക്കാല സവിശേഷതകളില്‍ ഒന്നാണ്.

അദ്ദേഹം ഈ സംഭവം അറിയാനിടയില്ല. പക്ഷേ, നല്ലവരായ അഭ്യുദയകാംക്ഷികളോട് ഒരഭ്യര്‍ത്ഥനയുണ്ട്. കൊല്ലാതെ കൊല്ലുമ്പോള്‍ കിട്ടുന്ന ആത്മസുഖം അപരന് കൊടും ദു:ഖം.

.....

ഇനി പറയാനുള്ളത് ഫേസ് ബുക്കിനെ കുറിച്ചാണ്. ഫീഡിലൂടെ കറങ്ങി നടക്കുന്ന ചില ഫോട്ടോകളെക്കുറിച്ച്. 

യൂട്യൂബിനെ പാടേ ഒഴിവാക്കിയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം വാട്‌സപ് ഉപയോഗിച്ചും മൂളിയും ഞരങ്ങിയും ഒരു വിധം സമയം തള്ളി നീക്കവേയാണ് ഫേസ്ബുക്ക് വന്ന് പണിതന്നത്. പുറം ലോകത്തെ വിശേഷങ്ങളറിയാനായി  വല്ലപ്പോഴും തുറക്കുന്നതായിരുന്നു ഫേസ് ബുക്ക്. ആ എന്റെ മുന്നിലാണ് അനേകം മുഖങ്ങള്‍ വന്നു നിരന്നത്. 'കൊവിഡ് ബാധിച്ച് മരിച്ചു' എന്ന തലക്കെട്ടോടെ പരിചയമുള്ളവരുടേയും അല്ലാത്തവരുടെയും അനേകം മുഖങ്ങങ്ങള്‍. ചോര വറ്റിത്തീരുന്നതു പോലെ തോന്നും ആ മുഖങ്ങള്‍ കാണുമ്പോള്‍. നമ്മള്‍ സ്വന്തം മുഖവും കാണുമന്നേരം, ഫീഡില്‍! 

എങ്കിലും നല്ല അനുഭവങ്ങളും ഏറെയുണ്ട് പറയാന്‍. കുഞ്ഞുങ്ങളുടെ ഈ വാക്കുകള്‍ കേള്‍ക്കൂ: 'മാമീ ബോറടിക്കുന്നുണ്ടോ ,മാമിക്കായി ഞങ്ങള് ഒരു വീഡിയോ ചെയ്ത് യൂടൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്, മാമി കാണണേ.'

അച്ചുവും റിച്ചുവും റിയയുമാണ്. വീഡിയോ കാള്‍ വഴി സംസാരിച്ച് തീര്‍ന്നപ്പോള്‍ കുഞ്ഞു ബുദ്ധി ഉപയോഗിച്ച് രസകരമായി അവര്‍ ചെയ്യുന്നതാണ് ആ വീഡിയോകള്‍. 

അതിനായി യൂ ട്യൂബ് ചാനല്‍ തുറക്കുന്ന നേരത്തും ദേ ചാടി വന്നു ഒരു നോട്ടിഫിക്കേഷന്‍.

'കൊവിഡ് വന്ന് പോയ ശേഷം നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയണോ?' എന്നതായിരുന്നു ഒരു നോട്ടിഫിക്കഷന്‍. 

വേണ്ട ,തല്‍ക്കാലം ഒന്നും അറിയേണ്ട. ഓം ശാന്തി, ശാന്തി.   

.....      

ചെറിയ ഒരു മയക്കത്തിലേക്ക് വഴുതി വീണ നേരം വന്നതാണ് ഒരു ഫോണ്‍കോള്‍. ആരുടേതെന്ന് ശ്രദ്ധിക്കുക കൂടി ചെയ്യാതെ ശരിക്കും നീരസത്തോടെയാണ് ആ  കാള്‍ അറ്റന്‍ഡ് ചെയ്തത്. 

മറുവശത്ത് നിന്നും ആദ്യം കേട്ടത് ഒരു പൊട്ടിക്കരച്ചില്‍!

'പൊന്ന് മോളേ നീ ആശുപത്രിയിലായോടാ, എന്റെ കുഞ്ഞിനോട് എന്നും അപ്പച്ചന്‍ പറയത്തില്ലാരുന്നോ സൂക്ഷിക്കണേന്ന്. കഴിഞ്ഞ വട്ടം കണ്ടപ്പം മോള് മാസ്‌ക് നല്ലത് പോലല്ലാര്ന്ന് ഇട്ടിരിന്നെ. എനിക്ക് അവിടെ വന്ന് എന്റെ മോളെയൊന്ന് കാണാന്‍ പറ്റുന്നില്ലല്ലോ കര്‍ത്താവേ... എന്റെ മോള് ഒരു കാര്യം ചെയ്യുവോ ആശുപത്രീന്ന് വന്നാലുടന്‍ വവ്വാക്കാവിലെ ബഷീറിന്റെ ബേക്കറീന്ന് മോക്ക് ആവശ്യമുള്ള ഫ്രൂട്ട്‌സ് ആളെ വിട്ട് മേടിപ്പിക്കണം, ബാബു പറഞ്ഞതണന്ന് പറഞ്ഞാല്‍ മതി, എപ്പഴും അപ്പച്ചന്‍ എന്റെ മോക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാ....'

വവ്വാക്കാവ് മാര്‍ത്തോമാ ശാന്തി ഭവന്‍ നടത്തുന്ന വ്യദ്ധസദനത്തിലെ അന്തേവാസിയായ ബാബു എന്ന, എണ്‍പതോളം വയസ്സ് പ്രായമായ എന്റെ പ്രിയപ്പെട്ട അപ്പച്ചനാണ്. ഞാന്‍ എന്ത് മറുപടി നല്‍കാനാണ്. 

ഹ്യദയം തൊടുന്ന വിളികള്‍ക്ക് മുന്നില്‍ വാക്കുകള്‍ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല. 

 

(അടുത്ത ഭാഗം നാളെ)

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

 

Follow Us:
Download App:
  • android
  • ios