എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ പതിമൂന്നാം ഭാഗം

ഒന്നോര്‍ത്താല്‍ രസമാണ് കാര്യം. ഇത്രകാലവും ഒരു വിലയുമില്ലാത്ത സാധാരണ കാര്യമായിരുന്നു മണം. കൊവിഡ് വന്നതോടെ അതിന്റെ വില മനസ്സിലായി. മണവും രുചിയുമില്ലാത്ത രാപ്പകലുകളില്‍, പ്രിയപ്പെട്ട ഗന്ധങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഗന്ധങ്ങള്‍ തിരികെ വരുമ്പോള്‍, ഞാനവയെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കും എന്നു ശപഥം ചെയ്തു. അങ്ങനെയങ്ങനെ ഇപ്പോഴിതാ, വര്‍ഷത്തിലെ ആദ്യ മഴ പോലെ മെല്ലെമെല്ല അടുത്തുവരുന്നു, ഗന്ധമാരുതന്‍. 

മണം പൂര്‍ണ്ണമായും തിരിച്ച് കിട്ടിയിരിക്കുന്നു. മഹാമാരി ശരീരത്തില്‍ നിന്നും വിട്ടൊഴിയുന്നതിന്റെ സൂചന. വേദനകളുടെ വേലിയേറ്റം കഴിഞ്ഞ കടല്‍ പോലെ ശാന്തമായൊരു ആലസ്യത്തിലാണ് ഇപ്പോള്‍ ശരീരം. 

ഒന്നോര്‍ത്താല്‍ രസമാണ് കാര്യം. ഇത്രകാലവും ഒരു വിലയുമില്ലാത്ത സാധാരണ കാര്യമായിരുന്നു മണം. കൊവിഡ് വന്നതോടെ അതിന്റെ വില മനസ്സിലായി. മണവും രുചിയുമില്ലാത്ത രാപ്പകലുകളില്‍, പ്രിയപ്പെട്ട ഗന്ധങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഗന്ധങ്ങള്‍ തിരികെ വരുമ്പോള്‍, ഞാനവയെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കും എന്നു ശപഥം ചെയ്തു. അങ്ങനെയങ്ങനെ ഇപ്പോഴിതാ, വര്‍ഷത്തിലെ ആദ്യ മഴ പോലെ മെല്ലെമെല്ല അടുത്തുവരുന്നു, ഗന്ധമാരുതന്‍. 

'വന്നുവന്നങ്ങിരിക്കും മണങ്ങളേ' എന്നാലോചിച്ചിരിക്കെയാണ് ആ കോള്‍ വന്നത്. ജുമാന. ലക്ഷദ്വീപുകാരിയായ കൂട്ടുകാരി. 

കൊവിഡ് തന്നെയാണ് വിഷയം. അടുത്തകാലത്തായി ദ്വീപിലാകെ ആഞ്ഞടിഞ്ഞ കൊവിഡ് കാറ്റിന് അവളും ഇരയായിരിക്കുന്നു. ക്വാറന്റീന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ അവള്‍ നെഗറ്റീവായി. എങ്കിലും ഒന്നും ശരിയാവുന്നില്ല എന്നാണ് അവളുടെ പരാതി. 

''എന്നു വെച്ചാല്‍..? എന്ത് ശരിയാവുന്നില്ല എന്നാണ്...''-ഞാന്‍ ചോദിച്ചു. 

''മണം...അവള്‍ പറഞ്ഞു. 

ഞാന്‍ ചിരിച്ചു. മണവുമൊത്തുള്ള എന്റെ യുദ്ധങ്ങളെക്കുറിച്ച് ഞാനവളോട് പറഞ്ഞു. മണമില്ലെങ്കില്‍, ഈ ലോകം എത്ര വൃത്തികെട്ടതാണെന്ന് ബോധ്യപ്പെടുത്തി. എന്റെ മൂക്കിലേക്ക്, മണങ്ങള്‍ പതിയെപ്പതിയ നടന്നുവരുന്ന കാര്യം ഞാനവളോട് പറഞ്ഞു. അവളും ചിരിച്ചു.

വാര്‍ത്തകളില്‍ ലക്ഷദ്വീപ് നിറയാന്‍ തുടങ്ങിയ നാള്‍ മുതല്‍ പലപ്പോഴും അവളെ ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. കൊവിഡ് ആയിരുന്നില്ലെങ്കില്‍, ഈ മെയ് മാസം ഞങ്ങള്‍ അവളുടെ അടുത്തായിരുന്നേനെ. പല തവണ പല കാരണങ്ങളാല്‍ നീട്ടിവെക്കപ്പെട്ട ലക്ഷദ്വീപ് യാത്ര സഫലമാവും എന്ന തോന്നലിലേക്കാണ് ഇത്തവണ കൊവിഡ് കാറ്റാഞ്ഞുവീശിയത്. ഇപ്പോഴിതാ കൂനിന്‍മേല്‍ കുരു പോലെ, ദ്വീപിലെ പ്രശ്‌നങ്ങളും. 

ചേര്‍ത്തല എസ് എന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ, എന്റെ ജ്യേഷ്ഠന്റെ മകള്‍ ബഹിജയുടെ കൂട്ടുകാരിയാണ്, ജുമാന. ബഹിജയിലൂടെയാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. പതിയെപ്പതിയെ, ഞങ്ങളുടെ സൗഹൃദം ദൃഢമായി. അങ്ങനെയാണ് അവളുടെ വീടും നാടും കാണാന്‍ ലക്ഷദ്വീപിലേക്ക് പോവാനുള്ള ആഗ്രഹം വളര്‍ന്നത്. നീണ്ട ഇരുപത്തിനാല് മണിക്കൂര്‍ കപ്പല്‍ യാത്ര ചെയ്ത് ദ്വീപിലേക്ക് പോകാനുള്ള പ്ലാനുകള്‍ ഉണ്ടായത്.

'ഇത്തീ എന്റെ ചുമ പോയിട്ടില്ല. നല്ലൊരു ചുമ മര്ന്നിന്റെ പേര് പറഞ്ഞ് തരുമോ. മെഡിക്കല്‍ സ്‌റ്റോറീന്ന് വാങ്ങാനാ. ആശുപത്രിയിലൊന്നും പോകാന്‍ പറ്റില്ല'-അവള്‍ പറഞ്ഞു. 

അപ്പോള്‍ അതാണ് അടിയന്തിര കാരണം. ആശുപത്രിയില്‍ പോവാനാവാത്ത സാഹചര്യമാണ്, അവള്‍ക്ക് മരുന്ന് വേണം. ഫാര്‍മസി ഉള്ളതു കൊണ്ട് അവളെന്നെ നേരെ വിളിച്ചതാണ്. 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

സംസാരിക്കുമ്പോള്‍ അവള്‍ കിതച്ചുകൊണ്ടിരുന്നു. ഞാന്‍ പരിചയമുള്ള ഡോക്ടറെ വിളിച്ചു. മരുന്നിന്റെ പേര് വാട്‌സപ് ചെയ്യാന്‍ നോക്കുമ്പോള്‍ അവള്‍ വാട്‌സപ്പ് അണ്‍ ഇന്‍സ്റ്റാല്‍ ചെയ്തിരിക്കുന്നു. മെസേജ് ചെയ്യാനും കഴിയുന്നില്ല.

ചുമകാരണം അവള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ഞാനവളെ വിളിച്ചു. മരുന്നിന്റെ പേര് എഴുതിയെടുക്കാന്‍ പറഞ്ഞപ്പോള്‍ ക്ഷമാപണം പോലെ അവള്‍ പറഞ്ഞു, 'ഇത്തീ പറയാന്‍ മറന്നു എനിക്കിപ്പം വാട്‌സപ്പില്ല. കാരണം വീട്ടില്‍ വൈ ഫൈ ഉണ്ടായിട്ടും നെറ്റ് കണക്ഷന്‍ കിട്ടുന്നില്ല.'

സംസാരം ഇത്തിരികൂടി നീണ്ടു. ഞാനവളുടെ നാട്ടിലെ കാര്യങ്ങളൊന്നും ചോദിച്ചില്ല. പകരം, കൊവിഡിനെ കുറിച്ചു സംസാരിച്ചു. കോവിഡ് ആ ദേശത്ത് വിതച്ച ദുരന്തങ്ങളെ കുറിച്ച് അവള്‍ പറഞ്ഞു. ആസ്തമയുടെ പ്രശ്‌നമുള്ള ഉറ്റ ബന്ധുവിനെ കുറിച്ചാണ് അവളുടെ പേടി മുഴുവന്‍. അദ്ദേഹത്തിന് കൊവിഡ് എങ്ങാന്‍ വന്നാല്‍ എന്ത് ചെയ്യും എന്നാണ് അവളുടെ ആധി.

ലക്ഷദ്വീപിലെ കില്‍ത്താനിയില്‍ അതി മനോഹരമായ തീരത്താണ് ജുമാനയുടെ വീട്. വീട്ടില്‍ നിന്നും പത്ത് മിനിട്ട് നടന്നാല്‍ കടല്‍ കാണാം. ജുമാനയുടെ വാപ്പ മദ്രസാ അധ്യാപകനാണ്. ഉമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം സമാധാനമായി സില്‍ത്താനയില്‍ ജീവിക്കുന്നു.

അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാനായി 2021 ആദ്യം കേരളത്തിലേക്ക് വന്ന ജുമാന പരീക്ഷ നടക്കാത്തതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്ക് തിരിച്ച് ചെല്ലുകയായിരുന്നു. കടല്‍ കടന്നെത്തിയ ജുമാന ഉള്‍പ്പെട്ട കപ്പല്‍ യാത്രക്കാരെ കാത്ത് ആംബുലന്‍സ് കിടക്കുന്നുണ്ടായിരുന്നു. അന്ന് പുറത്ത് നിന്നെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. അതു കഴിഞ്ഞാണ് അവള്‍ അന്ന് വീട്ടിലേക്ക് പോയത്. എന്നാലിപ്പോള്‍, ആ നിബന്ധന ഇല്ലാതായി. ദ്വീപില്‍ കൊവിഡ് വ്യാപനം കൂടിയതിനു കാരണം അതാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. 

ഇനിയും നടക്കാത്ത പരീക്ഷ. തുടര്‍പഠനത്തെ കുറിച്ചുള്ള ആശങ്കകള്‍. പഴയത് പോലെ വീണ്ടും കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം. സംസാരിച്ച് കൊണ്ടിരിക്കെ കടന്ന് വന്ന ചുമയില്‍ ജുമാനയുടെ വര്‍ത്തമാനം പലപ്പോഴും മുറിഞ്ഞു. 'കോവിഡ് കഴിയുമ്പോള്‍ ലക്ഷദ്വീപിലേക്ക് വരണം' എന്ന ക്ഷണത്തോടെ ജുമാന സംസാരം അവസാനിപ്പിക്കുമ്പോള്‍ എന്തൊക്കെയോ മണങ്ങള്‍ ഒരുമിച്ച് കലര്‍ന്ന ഒരു കാറ്റ് എന്റെ നാസാരന്ധ്രങ്ങളില്‍ നിറഞ്ഞു. 

ആദ്യ ഭാഗം:കൊറോണയെ കണ്ട നിമിഷം അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം: സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എട്ടാം ഭാഗം:കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ! 

ഒമ്പതാം ഭാഗം: പൂച്ചപോലുമറിഞ്ഞു, ശരീരത്തിലെ മാരകവൈറസിന്റെ സാന്നിധ്യം!

പത്താം ഭാഗം: കൊവിഡ് രോഗി പുറത്തിറങ്ങി നടന്നാല്‍

പതിനൊന്നാം ഭാഗം: കൊവിഡിനു ശേഷം, ചെറുതായി അധ്വാനിക്കുമ്പോള്‍ കിതച്ചുകിതച്ചു ഫ്യൂസാവുന്നുണ്ടോ? 

പന്ത്രണ്ടാം ഭാഗം: എനിമ ട്യൂബും കൊവിഡ് രോഗവും തമ്മില്‍ എന്താണ് ബന്ധം?