കർണാടക ഗായകൻ ടി എം കൃഷ്ണയുടെ 'പോറമ്പോക്ക്' എന്ന ഗാനത്തെ അടിസ്ഥാനമാക്കി, ഭരതനാട്യം നർത്തകി സുഹാസിനി കൗലഗി ചെയ്ത പുതിയ വീഡിയോ ശ്രദ്ധേയമാവുകയാണ്. മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനായി ഈ ഭൂമി നന്നായി സൂക്ഷിക്കേണ്ടതുണ്ടെന്ന് ആളുകളെ ഓർമ്മിപ്പിക്കാനായിട്ടാണ് ഇങ്ങനെയൊരു ശ്രമം സുഹാസിനി നടത്തിയിരിക്കുന്നത്. മാലിന്യപ്പറമ്പുകളുടെ പശ്ചാത്തലം ഉപയോഗിച്ചുകൊണ്ടാണ് നൃത്തം. നമ്മുടെ ചുറ്റുമുള്ള ലോകത്തിന്റെ അവസ്ഥയുടെ ഉത്തരവാദിത്തം നമ്മുടേതാണെന്നും അത് നമ്മള്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ടെന്നും സുഹാസിനി ഇതിലൂടെ ഓര്‍മ്മിപ്പിക്കുന്നു. 

“പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി ഗാനങ്ങളും ഹ്രസ്വചിത്രങ്ങളും ഉണ്ട്. എന്നാൽ ഇത് ചെയ്യുന്ന ക്ലാസിക്കൽ ഡാൻസ് വീഡിയോകൾ വിരളമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വേറിട്ട ശ്രമം.'' -ഭരതനാട്യത്തിൽ മാസ്റ്റേഴ്സ് ഉള്ള സുഹാസിനി ചൂണ്ടിക്കാട്ടുന്നു. 

''ഇവിടെ, രണ്ട് കാര്യങ്ങളാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഈ ഭൂമി നിങ്ങളുടേതല്ല, എന്‍റേതുമല്ല, മറിച്ച് അത് എല്ലാവരുടേതുമാണ്. പക്ഷേ, നമ്മള്‍ തന്നെ അത് ഉപയോഗശൂന്യമാക്കുന്നു...” രണ്ട് വർഷം പഴക്കമുള്ള പൊറംമ്പോക്ക് ഗാനത്തിനായാണ് ഈ നൃത്തം സുഹാസിനി വികസിപ്പിച്ചെടുത്തത്. മാലിന്യം തള്ളുന്ന ഇടങ്ങളിലാണ് സുഹാസിനിയുടെ നൃത്തം ഷൂട്ട് ചെയ്തിരിക്കുന്നത്. 

വീഡിയോ ഷൂട്ട് ചെയ്തത് ഛായാഗ്രാഹകൻ സുമുഖ് ആണ്. ആ സമയത്ത് ബെംഗളൂരുവിൽ നിന്ന് മാത്രം 100-150 കൂറ്റൻ വാഹനങ്ങൾ മാലിന്യങ്ങളുമായി എത്തുന്നത് കണ്ടുവെന്നും അത് കണ്ടപ്പോൾ തങ്ങള്‍ ഞെട്ടിപ്പോയി എന്നും സുഹാസിനി പറയുന്നു.

“ഒരു സന്ദേശം കൈമാറാൻ കഴിയുന്ന ഏറ്റവും നല്ല ആശയവിനിമയ സാധ്യതകളില്‍ ഒന്നാണ് കല. കൂടാതെ, എന്‍റെ നൃത്തത്തിൽ ഒരു സൗന്ദര്യവും കൂട്ടി ചേർക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഈ സാഹചര്യത്തെക്കുറിച്ച്, കൂടുതൽ യാഥാർത്ഥ്യത്തോടെ അത് ജനങ്ങളെ കാണിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ആ സ്ഥലങ്ങളിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചത്. കെംഗേരി, ബനശങ്കരി, മാവല്ലി, നഗരത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ എന്നെ അമ്പരപ്പിച്ചു. ഇവിടെയൊക്കെ ഷൂട്ട് ചെയ്യാനുള്ള അനുമതികൾക്കുമായി ഞാൻ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ, അവരും എന്നെ പ്രോത്സാഹിപ്പിച്ചു. ” സുഹാസിനി പറയുന്നു. വളരെ വേഗത്തിലാണ് നഗരം വികസിക്കുന്നത്. അതോടൊപ്പം തന്നെ നഗരത്തില്‍ നിന്നുമാറിയുള്ള ഇത്തരം സ്ഥലങ്ങളില്‍ മാലിന്യം നിറയ്ക്കുന്നതും കൂടുന്നു. പഴയ കാലത്ത് ഇത് സ്വർഗ്ഗമായിരുന്നുവെങ്കില്‍ ഇത് ഇപ്പോൾ തികച്ചും വ്യത്യസ്തമാണ് എന്നും നഗരത്തിലെ പഴയ നിവാസികൾ പറയുന്നു.

യുവാക്കളും മുതിര്‍ന്നവരും ഒരുപോലെ സുഹാസിനിയുടെ ശ്രമത്തെ പ്രശംസിച്ചു. സുഹാസിനി പുഞ്ചിരിക്കുന്നു, “ഈ വീഡിയോയുടെ ആവശ്യകത മനസിലാക്കുകയും അതിനായി കൂടെനില്‍ക്കുകയും ചെയ്തവരോട് നന്ദിയുണ്ട്. എന്റെ പിതാവ് കടുത്ത ഗാന്ധിയനാണ്, അദ്ദേഹത്തിന്റെ നയങ്ങളാണ് ഞങ്ങളുടെ കുടുംബത്തിൽ പിന്തുടരുന്നത്. അദ്ദേഹത്തിന്റെ സഹായവും ജനക്കൂട്ടത്തിന്റെ ധനസഹായവും ഉപയോഗിച്ച് എനിക്ക് എന്റെ സ്വപ്നം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു... ” സുഹാസിനി പറയുന്നു. ഗായകനും എഴുത്തുകാരനുമായ ടി എം കൃഷ്ണ തന്നെ സുഹാസിനിയുടെ പരിശ്രമത്തെ അഭിനന്ദിച്ചിരുന്നു. 

ഇതാണ് നൃത്തത്തിന്റെ ശക്തിയെന്ന് സുഹാസിനി വിശ്വസിക്കുന്നു. നാട്യവേദയില്‍ നിന്നാണ് ഈ നൃത്തത്തിന്‍റെ ഉദ്ഭവമെന്നും... അതിലൂടെ സമൂഹത്തെ ശാക്തീകരിക്കുകയും ഉയർത്തുകയും ചെയ്യുക എന്നതാണ് ഉദ്ദ്യേശം. മിക്കപ്പോഴും, ദൈവത്തെയും പുരാതന ഇതിഹാസങ്ങളുമായും ബന്ധപ്പെടുത്തിയുള്ള പ്രകടനമായാണ് ഇത് കാണപ്പെടുന്നത്. എന്നാല്‍, ഈ കല പുതിയ കാലഘട്ടത്തേയും സൂചിപ്പിക്കുന്നുണ്ട്. സാധ്യമായ എല്ലാ വഴികളിലൂടെയും മാറ്റത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. ഏതൊരു കലാരൂപവും വർത്തമാനകാലത്തെ സൂചിപ്പിക്കുകയും അതുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് എനിക്ക് തോന്നുന്നു. ” എന്നും സുഹാസിനി പറയുന്നു.