മ്യൂസിയം വൃത്തിയാക്കലിനും അറ്റകുറ്റപ്പണികൾക്കുമായി അടച്ചിട്ടിരുന്ന ഒരു തിങ്കളാഴ്ചയാണ് മോഷണം നടന്നത്. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം മോഷണം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.

ആ​ഗസ്ത് 21, അതായത് ഇന്നത്തെ ദിവസത്തിന് ചരിത്രത്തിൽ കുറേ പ്രാധാന്യങ്ങളുണ്ടായിരിക്കാം. എന്നാൽ, കലാലോകത്ത് വളരെ ഞെട്ടലുണ്ടാക്കിയ ഒരു മോഷണം നടന്ന ദിവസം കൂടിയാണ് ഈ ദിനം. അതേ, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമായ മോണാലിസ മോഷ്ടിക്കപ്പെട്ട ദിവസം. പെയിന്റിം​ഗ് മോഷണം പോയത് ഒരു നൂറ്റാണ്ടിനും മുമ്പാണ്. 1503 -നും 1506 -നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് മോണാലിസ വരച്ചത്. പാരീസിലെ ലൂവ്രേയിലാണ് മോണാലിസ എന്ന പെയിന്റിം​ഗ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, 1911 -ൽ മ്യൂസിയത്തിൽ വച്ച് ഈ പെയിന്റിം​ഗ് മോഷണം പോയി.

1911 ഓഗസ്റ്റ് 21 -ന് രാവിലെ, പാരീസ് ഉണർന്നത് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ കലാമോഷണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്. ലൂവ്രെ മ്യൂസിയത്തിൽ സൂക്ഷിച്ച ലിയോനാർഡോ ഡാവിഞ്ചിയുടെ മോണാലിസ മോഷണം പോയത് കലാലോകത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ചു കളഞ്ഞു. ഇന്നത്തെ ദൂരൂഹതകളൊന്നും അന്ന് മോണാലിസയെ ചുറ്റിപ്പറ്റി ഇല്ലായിരുന്നുവെങ്കിലും അക്കാലത്ത് തന്നെ വളരെ പ്രശസ്തിയാർജ്ജിച്ച, വളരെ പ്രധാനപ്പെട്ട പെയിന്റിം​ഗ് ആയിരുന്നു മോണാലിസ.

മ്യൂസിയം വൃത്തിയാക്കലിനും അറ്റകുറ്റപ്പണികൾക്കുമായി അടച്ചിട്ടിരുന്ന ഒരു തിങ്കളാഴ്ചയാണ് മോഷണം നടന്നത്. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം മോഷണം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. പിറ്റേന്ന് മ്യൂസിയം സന്ദർശനത്തിനെത്തിയ ഒരു ആർട്ടിസ്റ്റ് പെയിന്റിം​ഗ് കാണാനില്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധിക്കുന്നത്. ആദ്യം മ്യൂസിയം ജീവനക്കാർ കരുതിയത് ഫോട്ടോ എടുക്കാനോ, അല്ലെങ്കിൽ വൃത്തിയാക്കാനോ ഒക്കെ വേണ്ടി എടുത്തുമാറ്റിയതായിരിക്കാം എന്നാണ്. എന്നാൽ, അധികം വൈകാതെ പെയിന്റിം​ഗ് മോഷണം പോയതായി മനസിലായി. ഇത് വലിയ പരിഭ്രാന്തിയിലേക്ക് നീങ്ങി.

മോണാലിസ മോഷ്ടിക്കപ്പെട്ടു എന്ന വിവരം കാട്ടുതീ പോലെ പടർന്നു. പത്രങ്ങളിൽ പ്രധാന വാർത്തയായി, മ്യൂസിയത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടി. പൊലീസ് പലരേയും ചോദ്യം ചെയ്തു. അതിൽ, പാബ്ലോ പിക്കാസോ, കവി ഗില്ലൂം അപ്പോളിനയർ എന്നിവരടക്കമുള്ള പ്രശസ്തരായ കലാകാരന്മാർ പോലും പെടുന്നു. എന്നാൽ, രണ്ടുവർഷത്തിലേറെ ഒരു സൂചനയും കിട്ടിയില്ല.

ആരാണ് മോഷണം നടത്തിയത്

ഒടുവിൽ, 1913 ഡിസംബറിലാണ് ആരാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തുന്നത്. മ്യൂസിയത്തിലെ ജീവനക്കാരനായിരുന്ന ഇറ്റലിക്കാരനായ വിൻസെൻസോ പെറുഗ്ഗിയ എന്നയാളായിരുന്നു മോഷണത്തിന് പിന്നിൽ. ഫ്ലോറൻസിലെ ഒരു ആർട്ട് ഡീലർക്ക് പെയിന്റിംഗ് വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.

മോഷണം നടന്ന ദിവസം ആരുടേയും ശ്രദ്ധയിൽ പെടാതെ മ്യൂസിയത്തിലേക്ക് കടന്ന പെറു​ഗ്ഗിയ, പെയിന്റിംഗ് എടുത്ത ശേഷം അതുമായി സർവീസ് സ്റ്റെയർകേസ് വഴിയാണ് പുറത്ത് കടന്നത്. ഫ്രെയിം മാറ്റിയ ശേഷമാണ് പെയിന്റിം​ഗ് വസ്ത്രത്തിലൊളിപ്പിച്ച് കടത്തിയത്.

രാജ്യസ്നേഹിയായ താൻ ചിത്രം മോഷ്ടിച്ചത് അത് ഇറ്റലിക്ക് അവകാശപ്പെട്ടതുകൊണ്ടാണ് എന്നായിരുന്നു പെറുഗ്ഗിയയുടെ വാദം. ഇറ്റലിയിൽ നിന്നുള്ള പെയിന്റിം​ഗ് തന്റെ രാജ്യത്തിന് തന്നെ അവകാശപ്പെട്ടതാണ് എന്നാണ് അയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. അതോടെ ആര്, എന്തിന് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി. എങ്കിലും ഫ്രാൻസിന് വലിയ നാണക്കേടുണ്ടാക്കിയ ഒരു മോഷണമായിരുന്നു ഇത്. മാത്രമല്ല, പിൽക്കാലത്ത് പണമുണ്ടാക്കാൻ വേണ്ടി തന്നെയാവണം പെറു​ഗിയ പെയിന്റിം​ഗ് മോഷ്ടിച്ചത് എന്ന ആരോപണവും ഉയർന്നു വന്നിരുന്നു.