Asianet News MalayalamAsianet News Malayalam

വെറും 2,245 രൂപയ്ക്ക് വാങ്ങിയ ചിത്രം, യഥാർത്ഥ വില 370 കോടിയിലധികം, ഞെട്ടി ഉടമ!

ഈ ചിത്രത്തിന്റെ ഉടമകളായ അന്തരിച്ച ആർക്കിടെക്റ്റ് ജീൻ-പോൾ കാൾഹിയന്റെ കുടുംബം 2016 -ലാണ് മനോഹരമായ ഈ ചിത്രം വിറ്റത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രാൻസിൽ ജീവിച്ചിരുന്ന ആ കുടുംബം കലാസൃഷ്ടികൾ ശേഖരിക്കുന്നവരായിരുന്നു. 

man bought this drawing for rs2245 but its worth crores
Author
Massachusetts, First Published Nov 27, 2021, 11:05 AM IST

വെറും 2,245 രൂപ രൂപയ്ക്ക് വാങ്ങിയ ഒരു രേഖാചിത്രം കോടികൾ വിലമതിക്കുന്ന കലാസൃഷ്ടിയാണെന്ന് കണ്ടെത്തിയ ഉടമ ഞെട്ടലിൽ. 2016 -ൽ, മസാച്യുസെറ്റ്‌സിലെ ഒരു എസ്റ്റേറ്റ് വിൽപ്പനയിൽ നിന്നാണ് ഉടമ ഈ രേഖാചിത്രം വെറും രണ്ടായിരം രൂപയ്ക്ക് സ്വന്തമാക്കിയത്. ഫ്രെയിമില്ലാത്ത ആ മനോഹര രേഖാചിത്രം അദ്ദേഹം തന്റെ വീട്ടിൽ സൂക്ഷിച്ചു.

കലാലോകത്തെ അറിയപ്പെടുന്ന ഒരു ചിത്രകാരനായ ആൽബ്രെക്റ്റ് ഡ്യൂററുടെ(Albrecht Dürer) 'എ.ഡി' എന്ന മുദ്ര ചിത്രത്തിൽ കണ്ടെങ്കിലും, അദ്ദേഹം അത് മുഖവിലക്കെടുത്തില്ല. കലാകാരന്റെ യഥാർത്ഥ സൃഷ്ടിയാണ് ഇതെന്ന് വിശ്വസിക്കാൻ വാങ്ങുന്നയാളോ വിൽപ്പനക്കാരോ തയ്യാറായില്ല. എന്നാൽ, പിന്നീട് ഇതിന്റെ പഴക്കത്തെ കുറിച്ച് ഉടമയ്ക്ക് സംശയം തോന്നിത്തുടങ്ങി. ഒടുവിൽ 2019 -ൽ വിദഗ്ധരും പണ്ഡിതന്മാരും ചേർന്ന് കലാസൃഷ്ടി പരിശോധിച്ചു. ഇതോടെ ജർമ്മൻ നവോത്ഥാന ചിത്രകാരനായ ആൽബ്രെക്റ്റ് ഡ്യൂററുടെ യഥാർത്ഥ ചിത്രമാണിതെന്നും 1503 -ൽ വരച്ചതാണിതെന്നുമുള്ള കാര്യം വെളിച്ചത്ത് വന്നു. ചിത്രത്തിന് 370 കോടിയോളം രൂപ വില വരുമെന്നും അവർ കണ്ടെത്തി.    

ഈ ചിത്രത്തിന്റെ ഉടമകളായ അന്തരിച്ച ആർക്കിടെക്റ്റ് ജീൻ-പോൾ കാൾഹിയന്റെ കുടുംബം 2016 -ലാണ് മനോഹരമായ ഈ ചിത്രം വിറ്റത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രാൻസിൽ ജീവിച്ചിരുന്ന ആ കുടുംബം കലാസൃഷ്ടികൾ ശേഖരിക്കുന്നവരായിരുന്നു. കുടുംബത്തിന് തലമുറകളായി കൈമാറി കിട്ടിയതാണ് ഈ കലാസൃഷ്ടി. വിയന്നയിലെ ആൽബർട്ടിന മ്യൂസിയത്തിലെ ഹെഡ് ക്യൂറേറ്റർ ക്രിസ്‌റ്റോഫ് മെറ്റ്‌സ്‌ഗറും, ബ്രിട്ടീഷ് മ്യൂസിയത്തിലെ മുൻ ക്യൂറേറ്റർ ജിയൂലിയ ബാർട്രമും ചേർന്ന് ഈ സൃഷ്ടിയുടെ ആധികാരികത പരിശോധിച്ച് വിലയിരുത്തി.    

ഒരു പ്രസ്താവന പ്രകാരം, 1503 -ലെ രേഖാചിത്രം കന്യാമറിയത്തെയും കുഞ്ഞായ മകൻ യേശുക്രിസ്തുവിനെയും ചിത്രീകരിക്കുന്നു. ചിത്രത്തിൽ രണ്ടുപേരും ഒരു തടിവേലിയാൽ ചുറ്റപ്പെട്ട ഒരു പുൽത്തകിടിയിൽ ഇരിക്കുന്നു. 'ദ വിർജിൻ ആൻഡ് ചൈൽഡ് വിത്ത് എ ഫ്ലവർ ഓൺ എ ഗ്രാസി ബെഞ്ച്' (1503) എന്ന് പേരിട്ടിരിക്കുന്ന ഈ സൃഷ്ടി ഡിസംബർ 12 വരെ ലണ്ടനിലെ ആഗ്ന്യൂസ് ഗാലറിയിൽ പ്രദർശനത്തിന് വച്ചിരിക്കയാണ്. ചിത്രം വിൽക്കാൻ ഗ്യാലറി പദ്ധതിയിട്ടിട്ടുണ്ടെങ്കിലും വില ഇതുവരെ നിശ്ചയിച്ചിട്ടില്ല.  

Follow Us:
Download App:
  • android
  • ios