Asianet News MalayalamAsianet News Malayalam
Ocean Photography Award marking marine pollution
Gallery Icon

ഓഷ്യന്‍ ഫോട്ടോഗ്രഫി അവാര്‍ഡ്; സമുദ്ര മാലിന്യങ്ങളെ അടയാളപ്പെടുത്തിയ അവാര്‍ഡ്

ഭൂമിയില്‍ മനുഷ്യനുണ്ടാക്കുന്ന എല്ലാ മാലിന്യങ്ങളും അടിഞ്ഞ് കൂടുന്നത് സമുദ്രത്തിലാണ്. അസംസ്കരിക്കപ്പെടാന്‍ ഏറെ പ്രയാസമുള്ള പ്ലാസ്റ്റിക്ക് മുതല്‍ ലോഹങ്ങള്‍ വരെ ആ നിര നീണ്ട് നീണ്ട് കിടക്കുന്നു. അതിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണങ്ങളായിരുന്നു 2021 ലെ ഓഷ്യൻ ഫോട്ടോഗ്രാഫി അവാര്‍ഡില്‍ (Ocean Photographer of the Year 2021) എത്തിചേര്‍ന്ന ചിത്രങ്ങള്‍. ഉള്‍ക്കടലിലെ കടലിനടിത്തട്ടില്‍ സിഗരറ്റ് തിന്നാന്‍ ശ്രമിക്കുന്ന പല്ലി മത്സ്യത്തിന്‍റെ ചിത്രം. ചിത്രം നിങ്ങളില്‍ ചിലപ്പോള്‍ ഒരു തമാശയായി തോന്നാമെങ്കിലും കടലിലെ മാലിന്യത്തിന്‍റെ ഭീകരതയെയാണ് ആ ചിത്രം വെളിവാക്കുന്നതെന്ന് മത്സര സംഘാടകര്‍ അവകാശപ്പെടുന്നു. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ഐമി ജാൻ (Aimee Jan) 2021 -ലെ ഓഷ്യൻ ഫോട്ടോഗ്രാഫറായി ഓവറോൾ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. ആയിരക്കണക്കിന് മത്സ്യകുഞ്ഞുങ്ങള്‍ക്ക് നടുവില്‍ മുകളിലേക്ക് നോക്കിനില്‍ക്കുന്ന ആമയുടെ ചിത്രം വിധികര്‍ത്താക്കളെല്ലാം ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്. സമുദ്രത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചും അത് അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ചും വെളിച്ചം വീശുകയെന്നതാണ് ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡുകളുടെ ലളിതമായ ദൗത്യമെന്ന് വിധികർത്താക്കൾ പറയുന്നു.