Asianet News MalayalamAsianet News Malayalam

അടുക്കളച്ചുമരിലുണ്ടായിരുന്ന പഴഞ്ചൻ പെയിന്റിം​ഗ്, വിറ്റപ്പോൾ കിട്ടിയത് 210 കോടിക്ക് മുകളിൽ

പെയിന്റിം​ഗ് കൈവിട്ടുപോകരുത് എന്നുണ്ടായിരുന്ന ഫ്രഞ്ച് സർക്കാർ പെയിന്റിംഗിന്റെ കയറ്റുമതി ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. അത് സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കുന്നതിനായി ലൂവ്രെ മ്യൂസിയത്തിന് 30 മാസത്തെ സമയവും അനുവദിച്ചു.

painting found during regular house clearance worth 210 core now owned by louvre museum rlp
Author
First Published Nov 16, 2023, 4:17 PM IST

നിങ്ങൾ നിങ്ങളുടെ വീട് വൃത്തിയാക്കുകയാണ്. അടുക്കളയിൽ വർഷങ്ങളായി പൊടിയും പുകയും ഒക്കെ പിടിച്ച് കിടക്കുന്ന ഒരു പഴഞ്ചൻ പെയിന്റിം​ഗുണ്ട്. എന്തു ചെയ്യും? ഓ, ഇതൊരു പഴയ ചിത്രമല്ലേ എന്ന് കരുതി ചവറ്റുകൊട്ടയിൽ വലിച്ചെറിയുമോ? അതോ അത് കത്തിക്കുമോ? ഏതായാലും, അങ്ങനെ ചെയ്യാൻ പോയൊരു സ്ത്രീയുണ്ട്. പക്ഷേ, അവർ നശിപ്പിച്ച് കളയാൻ പോയത് കോടികൾ വില മതിക്കുന്ന ഒരു പെയിന്റിം​ഗാണ്. 

2019 -ലാണ്, വീട്ടുകാർ അവരുടെ വീട് വൃത്തിയാക്കുകയായിരുന്നു. ആ സമയത്ത് അടുക്കളയിലെ സ്റ്റൗവിന് മുകളിൽ‌ വർഷങ്ങളായി കിടക്കുന്ന പെയിന്റിം​ഗ് എന്ത് ചെയ്യണം എന്ന ആലോചന വന്നു. ഇതൊരു സാധാരണ ചിത്രമാണ് എന്ന് കരുതി കളയാനിരുന്നെങ്കിലും ഉടമ വെറുതെ ഒരു വിദ​ഗ്ദ്ധനെ കൊണ്ട് അതൊന്നു പരിശോധിപ്പിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അത് 13 -ാം നൂറ്റാണ്ടിലെ ഫ്‌ളോറന്റൈൻ മാസ്റ്റർ സിമാബ്യൂവിന്റെ "ക്രൈസ്‌റ്റ് മോക്ക്ഡ്" എന്ന പെയിന്റിം​ഗാണ് എന്ന് തിരിച്ചറിയുന്നത്. ഒറിജിനൽ പെയിന്റിം​ഗാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിന് കോടികളുടെ മൂല്ല്യമുണ്ട് എന്ന് ഉടമകൾ അറിയുന്നത് പോലും.

അങ്ങനെ, പെയിന്റിം​ഗ് ലേലത്തിന് വച്ചു. ഈ പെയിന്റിം​ഗ് ഒരു ദേശീയനിധിയാണ് എന്ന് തിരിച്ചറിഞ്ഞ ലൂവ്രെ മ്യൂസിയം അത് സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചു എങ്കിലും അതിനുള്ള ഫണ്ട് കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെ, 210 കോടിക്ക് മുകളിൽ പണം കൊടുത്ത് ചിലിയിൽ നിന്നുള്ള പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അൽവാരോ സെയ്ഹ് ബെൻഡെക്കും ആർക്കിടെക്ടായ ഭാര്യ അന ഗുസ്മാൻ ആൻഫെൽറ്റും അവരുടെ സ്വകാര്യ ശേഖരത്തിൽ വയ്ക്കുന്നതിനായി ഈ കലാസൃഷ്ടി സ്വന്തമാക്കി. 

എന്നാൽ, പെയിന്റിം​ഗ് കൈവിട്ടുപോകരുത് എന്നുണ്ടായിരുന്ന ഫ്രഞ്ച് സർക്കാർ പെയിന്റിംഗിന്റെ കയറ്റുമതി ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. അത് സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കുന്നതിനായി ലൂവ്രെ മ്യൂസിയത്തിന് 30 മാസത്തെ സമയവും അനുവദിച്ചു. അങ്ങനെ നാല് വർഷങ്ങൾക്ക് ശേഷം ആവശ്യത്തിനുള്ള ഫണ്ട് കണ്ടെത്തി ലൂവ്രെ മ്യൂസിയം ആ പെയിന്റിം​ഗ് സ്വന്തമാക്കി. ഇനി മ്യൂസിയം സന്ദർശിക്കുന്നവർക്ക് ആ പെയിന്റിം​ഗും കാണാൻ സാധിക്കും. 

വായിക്കാം: 'ഉത്സവങ്ങളുടെ ഉത്സവ'ത്തിന് ഇനി ദിവസങ്ങൾ മാത്രം, ഹോൺബിൽ ഫെസ്റ്റിവൽ കാണണമെങ്കിൽ ഇപ്പോള്‍ തയ്യാറാകാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios