Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും ചെറിയ ബുദ്ധ പ്രതിമ, റെക്കോർഡ് സൃഷ്ടിച്ച് ഒഡീഷക്കാരനായ യുവാവ്

ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് രാകേഷിന്റെ കലാസൃഷ്ടികൾ വ്യക്തമായി കാണാം. വേപ്പ് മരം, ബ്ലേഡ്, സാൻഡ്പേപ്പർ, പശ, പെയിന്റ്, തകർന്ന മൊബൈൽ ഗ്ലാസ് എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 

worlds smallest wax statue of lord budha
Author
Odisha, First Published Sep 1, 2021, 11:28 AM IST

വേപ്പ് മരം ഉപയോഗിച്ചുകൊണ്ട് ജഗന്നാഥന്റെയും സഹോദരങ്ങളുടെയും മിനിയേച്ചറും, ബുദ്ധന്റെ ഏറ്റവും ചെറിയ മെഴുക് പ്രതിമയും നിർമ്മിച്ച് ഒഡീഷയിലെ ഒരു യുവാവ് എക്സ്ക്ലൂസീവ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പേര് രാകേഷ് കുമാർ പത്ര എന്നാണ്. ജജ്പൂർ ജില്ലയിലെ ജജ്പൂർ സദർ ബ്ലോക്കിനു കീഴിലുള്ള നാഥസാഹി ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ കലാകാരന്‍. മെഴുകിലും മരത്തിലും മിനിയേച്ചറുകൾ നിർമ്മിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേകം വൈദഗ്ധ്യമുണ്ട്. രാകേഷിന്‍റെ  ഈ കഴിവുകള്‍ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. 

കൂടാതെ, ബുദ്ധന്റെ 3.5 സെന്റിമീറ്റർ മെഴുക് പ്രതിമയും വേപ്പ് മരത്തിൽ കൊത്തിയെടുത്ത ജഗന്നാഥന്റെയും സഹോദരങ്ങളുടെയും 0.5 സെന്റിമീറ്റർ പ്രതിമകളും ഉൾപ്പെടെയുള്ള മിനിയേച്ചർ കലാസൃഷ്ടികൾ രാകേഷിന് പ്രിയപ്പെട്ടവയാണ്. ഈ മെഴുക് പ്രതിമ ലോകത്തിലെ ഏറ്റവും ചെറുതായിരിക്കണം. അത് സൃഷ്ടിച്ചതിനാണ് എക്സ്ക്ലൂസീവ് വേൾഡ് റെക്കോർഡ് രാകേഷ് നേടിയത്. 

അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു, “ബുദ്ധന്റെ 3.5 സെന്റിമീറ്റർ മെഴുക് പ്രതിമ കൊത്തിയെടുക്കാൻ എനിക്ക് മൂന്ന് ദിവസമെടുത്തു. 0.5 സെന്റിമീറ്റർ ജഗന്നാഥന്റെയും സഹോദരങ്ങളുടെയും വിഗ്രഹങ്ങൾ ഭൂതക്കണ്ണാടി ഉപയോഗിച്ചാണ് നിർമ്മിച്ചത്. എന്റെ കല ഈ പ്രത്യേക ലോക റെക്കോർഡ് നേടിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഒരു ലോക റെക്കോർഡ് കൂടി ഞാൻ ലക്ഷ്യമിടുന്നു. ” ഈ റെക്കോർഡ് നേട്ടം തന്റെ അമ്മ കൗശല്യ പത്രയെയും സഹോദരി കമാലിനി പത്രയെയും വളരെയധികം സന്തോഷിപ്പിച്ചുവെന്നും രാകേഷ് പറയുന്നു.

ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് രാകേഷിന്റെ കലാസൃഷ്ടികൾ വ്യക്തമായി കാണാം. വേപ്പ് മരം, ബ്ലേഡ്, സാൻഡ്പേപ്പർ, പശ, പെയിന്റ്, തകർന്ന മൊബൈൽ ഗ്ലാസ് എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കരകൌശലം ഇതിൽ ഒതുങ്ങുന്നില്ല. മരത്തിൽ നിന്നും കളിമണ്ണിൽ നിന്നും അദ്ദേഹം വിവിധ ദൈവങ്ങളുടെ ശില്‍പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ശിൽപനിർമ്മാണം, പെയിന്റിംഗ് എന്നിവയിൽ അതീവ താൽപ്പര്യമുള്ള രാകേഷ് ഇപ്പോൾ ഒരു ആർട്ട് കോളേജിൽ പഠിക്കുകയും സ്വന്തം ചെലവുകൾക്കും കോളേജ് ഫീസുകൾക്കും വേണ്ടി പെയിന്റിംഗ് വില്‍ക്കുകയും ചെയ്യുന്നു. ഏതായാലും രാകേഷിന്റെ ഈ നേട്ടം അവന്റെ സുഹൃത്തുക്കൾക്കും നാടിനും അഭിമാനമായിരിക്കുകയാണ്. 


 

Follow Us:
Download App:
  • android
  • ios