1. തുറന്നു കിടക്കുന്ന മാന്‍ഹോളുകള്‍

തുറന്നു കിടക്കുന്ന മാന്‍ഹോളുകളാണ് പല ഇന്ത്യന്‍ നിരത്തുകളിലും ബൈക്ക് യാത്രികര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. ബൈക്ക് യാത്രികര്‍  ഇത്തരം മാന്‍ഹോളുകളില്‍ വീണു പരിക്കേല്‍ക്കുന്നത് രാജ്യത്തിന്‍റെ പല ഇടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വലിയ വാഹനങ്ങള്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ ബൈക്ക് യാത്രികര്‍ക്ക് മുന്നില്‍ ഇവ വില്ലനാകുന്നു.

2. അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍

പശുക്കളും നായ്‍ക്കളും ഉള്‍പ്പെടെ തെരുവില്‍ അലഞ്ഞു നടക്കുന്ന മൃഗങ്ങളാണ് മറ്റൊരു ഭീഷണി. തെരുവുനായകള്‍ കുറുകെ ചാടിയതുമൂലം ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞ് ജീവന്‍ നഷ്ടമാകുകയോ ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്യുന്ന അപകടങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ പതിവാണ്.

3. ചാവി ഊരുന്ന പൊലീസുകാര്‍

വാഹന പരിശോധനയ്‍ക്കിടയില്‍ ബൈക്ക് നിര്‍ത്തുന്നതിനു മുമ്പുതന്നെ വാഹനത്തിന്‍റെ എഞ്ചിന്‍ കീ വലിച്ചൂരുന്നതില്‍ കുപ്രസിദ്ധരാണ് പല സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍. പ്രത്യേകിച്ചും ചില ചെക്ക് പോസ്റ്റുകളിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലായി കാണുന്നത്. പലപ്പോഴും ബാലന്‍സ് തെറ്റി യാത്രിക്കാരന്‍ മറിഞ്ഞു വീഴുന്നതായിരിക്കും ഇതിന്‍റെ പരിണിത ഫലം. മാത്രമല്ല ശരിയായ വിധത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്യാത്തതിനാല്‍ വാഹനത്തിന് ഇതു മൂലം തകരാറും സംഭവിക്കാം.


4. റോഡിലെ ഗര്‍ത്തങ്ങള്‍

പല തരത്തിലുള്ള ഗര്‍ത്തങ്ങളാല്‍ സമ്പന്നമാണ് പല ഇന്ത്യന്‍ റോഡുകളും. ചെറിയ കുഴികള്‍ പലതും ഒഴിവാക്കി പോകുന്ന ബൈക്കുകാരന്‍ പലപ്പോഴും ചെന്നു വീഴുന്നത് വന്‍ കുഴികളിലായിരിക്കും.

5. എണ്ണയുടെ വഴുക്കല്‍

വലിയ വാഹനങ്ങളില്‍ നിന്നും ചോരുന്ന എണ്ണയുടെയും എഞ്ചിന്‍ ഓയിലിന്‍റെയും അംശങ്ങള്‍ റോഡുകളില്‍ പരന്നുകിടക്കുന്നത് പലയിടത്തും പതിവുകാഴ്‍ചയാണ്. ഇതിനു മുകളില്‍ കയറുന്ന ബൈക്കുകള്‍ പെട്ടെന്ന് ബ്രേക്കിട്ടാല്‍ തെന്നിവീഴുമെന്ന് ഉറപ്പാണ്. മഴക്കാലം കൂടിയാണെങ്കില്‍ ഈ എണ്ണ ഒഴുകി റോഡിന്‍റെ പലയിടങ്ങളിലേക്കും പരക്കും. ഇത് ബൈക്ക് യാത്രികനെ അപകട മുനമ്പിലാക്കും.

6. അപ്രതീക്ഷിതമായി തുറക്കുന്ന കാര്‍ ഡോറുകള്‍

ഇങ്ങനെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ഡോറുകള്‍ റോഡിലേക്ക് പെട്ടെന്ന് തുറക്കുന്നതു മൂലമുള്ള അപകടങ്ങളില്‍ നിരവധി ബൈക്ക് യാത്രികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായി തുറക്കുന്ന ഡോറുകളില്‍ തട്ടി ബാലന്‍സ് തെറ്റി റോഡിലേക്ക് തെറിച്ച് വീണാണ് പല അപകടങ്ങളും.

 

7. വലിയ വാഹനങ്ങളുടെ ബ്ലൈന്‍ഡ് സ്‍പോട്

ഇരുചക്രവാഹനങ്ങളെ വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാത്ത അവസ്ഥ ഭൂരിഭാഗം അപകടങ്ങളുടെയും കാരണങ്ങളാണ്. മിക്ക നാലുചക്ര വാഹനങ്ങളുടെയും പ്രത്യേകിച്ചും ട്രക്കുകളുടെയും ബസുകളുടെയുമൊക്കെ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും ബൈക്കുകളെയും സ്‍കൂട്ടറുകളെയും കാണാന്‍ സാധിക്കാറില്ല.

8. അപകടകരമായ കാര്‍ ഡ്രൈവിംഗ്

അപകടകരമായ വേഗതയില്‍ ഓടുന്ന നാലുചക്ര വാഹനങ്ങളും കനത്ത ഭീഷണി ഉയര്‍ത്തുന്നു. പലപ്പോഴും ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ബൈക്ക് യാത്രികരെ കണ്ടതായിപ്പോലും നടിക്കാറില്ല.

9. വെള്ളം നിറഞ്ഞ റോഡുകള്‍

മഴക്കാലത്ത് വെള്ളം നിറഞ്ഞ റോഡുകളിലെ ബൈക്ക് യാത്ര അപകടം നിറഞ്ഞതാണ്. ഇത്തരം റോഡുകളിലുള്ള വന്‍ കുഴികളും മാന്‍ഹോളുകളും കല്ലുകളുമൊന്നും കാണാന്‍ സാധിക്കാത്തതിനാല്‍ അപകടം ഉറപ്പ്.

10. മാര്‍ക്ക് ചെയ്യാത്ത സ്‍പീഡ് ബ്രേക്കറുകള്‍

അനധികൃതമായി സ്ഥാപിച്ച സ്‍പീഡ് ബ്രേക്കറുകള്‍ നിരത്തുകളിലെ പല ബൈക്കപകടങ്ങളുടെയും അടിസ്ഥാനകാരണമാണ്. ഇത്തരം സ്‍പീഡ് ബ്രേക്കറുകള്‍ തിരിച്ചറിയാന്‍ പലപ്പോഴും ബൈക്കോടിക്കുന്നവര്‍ക്ക് പറ്റാറില്ല. ബ്രേക്കര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് വാഹനങ്ങള്‍ വേഗത കുറയ്‍ക്കാനാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി ദൂരെ നിന്നുതന്നെ ശ്രദ്ധയില്‍പ്പെടുന്ന വിധത്തില്‍ ഇവയില്‍ ചായം പൂശിയിരിക്കണം. അല്ലാത്തപക്ഷം പെട്ടെന്ന് ബ്രേക്കിടുമ്പോള്‍ ബാലന്‍സ് തെറ്റിയോ ഇവയില്‍ തട്ടി മറിയുകയോ ആവും ഫലം.

Courtesy: Cartoq.com