Asianet News MalayalamAsianet News Malayalam

പുത്തന്‍ ഡബ്ല്യുആര്‍-വി ഷോറൂമുകളിലേക്ക്

നിരത്തുകളിലെത്താനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പരിഷ്‍കരിച്ച ഡബ്ല്യുആര്‍-വി എസ്‌യുവി. ഇതിനുമുന്നോടിയായി ഈ വാഹനം ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങി. 

2020 Honda WRV Facelift Spied at Dealer
Author
Mumbai, First Published May 25, 2020, 2:32 PM IST

നിരത്തുകളിലെത്താനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പരിഷ്‍കരിച്ച ഡബ്ല്യുആര്‍-വി എസ്‌യുവി. ഇതിനുമുന്നോടിയായി ഈ വാഹനം ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങി. കഴിഞ്ഞ ഏപ്രില്‍ അവതരിപ്പിക്കേണ്ടിയിരുന്ന ഈ വാഹനം ലോക്ക്ഡൗണിനെ തുടര്‍ന്ന് വരവ് നീട്ടുകയായിരുന്നു. എന്നാല്‍, നിലവിലെ ലോക്ക്ഡൗണ്‍ നീങ്ങിയാലുടന്‍ ഈ വാഹനം നിരത്തിലെത്തും. പരിഷ്‍കരിച്ച ഡബ്ല്യുആര്‍-വി എസ്‌യുവിയുടെ ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 21,000 രൂപ നല്‍കി രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും പ്രീ-ലോഞ്ച് ബുക്കിംഗ് നടത്താം.

പുതിയ ഫീച്ചറുകള്‍ നല്‍കിയും പുറംമോടി വര്‍ധിപ്പിച്ചും ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലുമാണ് 2020 ഹോണ്ട ഡബ്ല്യുആര്‍-വി വരുന്നത്.  1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഹോണ്ട ഡബ്ല്യുആര്‍-വി തുടരും. എന്നാല്‍ ഇനി ബിഎസ് 6 പാലിക്കും. നിലവിലെ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസല്‍ മോട്ടോര്‍ നിലവില്‍ 98 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. 

നവീകരിച്ച ഗ്രില്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ എന്നിവ പരിഷ്‌കരിച്ച വാഹനത്തെ വേറിട്ടതാക്കുന്നു. ഷാര്‍പ്പ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പൊസിഷന്‍ ലാംപുകളും എല്‍ഇഡി ഫോഗ് ലാംപുകളും പുതിയ മോഡലില്‍ നല്‍കി. പിറകില്‍ മറ്റ് ചെറിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം എല്‍ഇഡി കോംബിനേഷന്‍ ലാംപ് നല്‍കിയിരിക്കുന്നു. മുന്നിലെ ബംപര്‍ റീസ്റ്റൈല്‍ ചെയ്തു. ബോഡിയുടെ അടിഭാഗം സംരക്ഷിക്കുന്നതിന് സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കി.

ജാസ് പ്ലാറ്റ്‌ഫോമിലാണ് ഡബ്ല്യുആര്‍വിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ജാസിനെക്കാള്‍ 44 എംഎം നീളവും 40 എംഎം വീതിയും 57 എംഎം ഉയരവും ഈ വാഹനത്തിന് കൂടുതലുണ്ട്. 360 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. 2555 എംഎം വീല്‍ ബേസും 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. എബിഎസ്ഇബിഡി ബ്രേക്കിങ്ങ് സംവിധാനം, ഡ്യുവല്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ വാഹനത്തിന് സുരക്ഷയൊരുക്കും.

മുന്‍തലമുറ ഡബ്ല്യുആര്‍വിയെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കും പുതിയ പതിപ്പിന്റെ അകത്തളം. സോഫ്റ്റ് ടച്ച് പ്ലാസ്റ്റില്‍ തീര്‍ത്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയായിരിക്കും ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. 

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയ മോഡലുകളാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios