ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച് ബാക്ക് ഐ20യുടെ പുതിയ പതിപ്പ് വരുന്നു. ഏപ്രിലില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. 

സ്പോർട്ടി ലുക്കാണ് പുതിയ ഐ 20ന്. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടായ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാകും പുതിയ ഐ 20. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് ഐ20-യുടെ മൂന്നാം വരവ്. അതേസമയം, ഹ്യുണ്ടായി വിദേശത്ത് ഇറക്കിയിട്ടുള്ള ഐ30-യുമായി നേരിയ സാമ്യം ഈ വാഹനത്തിനുണ്ട്.

സ്‌പോട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ആംഗുലര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നീ ഫീച്ചറുകളാണ് മൂന്നാം തലമുറ ഐ20-ക്ക് അഗ്രസീവ് ലൂക്ക് നല്‍കുന്നത്. ഗ്രില്ല് എന്ന ഭാഗം പൂര്‍ണമായും നീക്കി വലിയഎയര്‍ഡാം നല്‍കിയത് മുന്‍വശത്തിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നു. രാജ്യന്തര വിപണിയിൽ നിലവിലുള്ള ഐ20യെക്കാൾ 5 എംഎം നീളവും 16 എംഎം വീതിയും കൂടുതലും 12 എംഎം ഉയരം കുറവുമാണ് പുതിയ കാറിന്. എന്നാൽ ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഐ20 എലൈറ്റിനെപ്പോലെ തന്നെ 4 മീറ്ററിൽ താഴെ നീളം ഒതുക്കിയേക്കും. 

മൂന്നാം തലമുറ ഐ20-യില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരുങ്ങുന്നുവെന്നതാണ്‌ മറ്റൊരു പ്രത്യേകത. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഐ 20 പുറത്തിറങ്ങും. 48 വാട്ട് കരുത്തുള്ള മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 1.2 ലീറ്റർ പെട്രോൾ എൻജിൻ എന്നിവ കൂടാതെ 1.5 ലീറ്റർ ഡീസൽ എൻജിനും പുതിയ കാറിൽ പ്രതീക്ഷിക്കാം. സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള വാഹനങ്ങളിലൊന്നാകും പുതിയ ഐ20. 

സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഇന്റീരിയറിലെ ഏറ്റവും വലിയ പ്രത്യേകത.  കൂടാതെ സ്പോർട്ടിയറായ മൂന്നു സ്പോക്ക് സ്റ്റിയറിങ് വീലും ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററുകളുമുണ്ടാകും. ഇന്റീരിയറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച സീറ്റുകളും സ്റ്റൈലിഷ് ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ടാകും.

ആറ് മുതല്‍ പത്ത് ലക്ഷം രൂപയില്‍ ഐ20 പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി ബലേനൊ, ടാറ്റ അല്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ്, ഹോണ്ട ജാസ് തുടങ്ങിയവരുമായിട്ടാണ് പുത്തന്‍ ഐ20 നിരത്തില്‍ ഏറ്റുമുട്ടുക. 2020 ജൂണില്‍ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.