ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവാസാക്കിയുടെ നേക്കഡ് സ്പോർട്സ് ബൈക്കായ ഇസഡ് 650യുടെ  ബി എസ് 6 പതിപ്പ് ഉടൻതന്നെ ഇന്ത്യൻ നിരത്തിലേക്ക് എത്തും. ഇന്ത്യയിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ഈ വാഹനത്തിന്റെയും  നിൻജ 650 യുടെയും വിപണി പ്രവേശനം കവാസാക്കി നീട്ടിവെച്ചിരുന്നു.

649 സിസി പാരലൽ ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 67.2 ബിഎച്ച്പി കരുത്തും 65.7 ന്യൂട്ടൻ മീറ്റർ ടോർക്കും നൽകും. നിലവിലുള്ള മോഡലിലെ പോലെതന്നെ ആറു സ്പീഡാണ് ഗിയർബോക്സ്. മുൻപിൽ 41 എം എം ഫോർക്കുകളും പിന്നിൽ പ്രീ ലോഡ് അഡ്ജസ്റ്റബിൾ മോണോ ഷോക്ക് സസ്പെൻഷനും ആണ് നൽകിയിരിക്കുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയ്മിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 

മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് എന്ന ഒരേയൊരു നിറത്തിൽ മാത്രമാണ് പുതിയ ഇസെഡ് 650 ലഭിക്കുക. പുതുക്കിയ ഈ മോഡലിൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. കവാസാക്കി യുടെ തന്നെ മറ്റൊരു മോഡൽ ആയ ഇസെഡ് 900 എന്ന മോഡലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഹെഡ്‌ലാംപ്  ഡിസൈൻ ആണ് ഇപ്പോൾ ഇസഡ് 650ക്ക്‌  നൽകിയിരിക്കുന്നത്. ഇത് ഒരു എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ് ആണ്. ഇതുകൂടാതെ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള കളർ ടി എഫ് ടി  ഡിസ്പ്ലേയും ഈ മോഡലിൽ ഉണ്ടാകും. കവാസാക്കി യുടെ "റയ്‌ഡിയോളജി ദി ആപ്പ് "എന്ന സംവിധാനവും ഈ വാഹനത്തിൽ നൽകും. 6.25 ലക്ഷത്തിനും 6.50 ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന വില.