ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ ഫേസ്‌ലിഫ്റ്റ് ചെയ്ത ജിഎല്‍സി കൂപ്പെ ഇന്ത്യയിലേക്ക്. മാര്‍ച്ച് മൂന്നിന് വാഹനത്തെഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫേസ്‌ലിഫ്റ്റ് ചെയ്ത ജിഎല്‍സി എസ്‌യുവിയുടെ കൂപ്പെ വകഭേദമാണ് ജിഎല്‍സി കൂപ്പെ ഫേസ്‌ലിഫ്റ്റ്. 2019 ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് ജിഎല്‍സി കൂപ്പെ ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തത്.

പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതിയ ഡയമണ്ട് പാറ്റേണ്‍ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്‍ത മുന്‍, പിന്‍ ബംപറുകള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുതിയ ഡിഫ്യൂസര്‍, കോണുകളോടുകൂടിയ എക്‌സോസ്റ്റ് ടിപ്പുകള്‍ എന്നീ ഡിസൈന്‍ സവിശേഷതകളോടെയാണ് പുതിയ ജിഎല്‍സി കൂപ്പെ വരുന്നത്. പുതിയ മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എംബിയുഎക്‌സ് ഇന്റര്‍ഫേസ് സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കൂപ്പെയുടെ അകത്തെ വിശേഷങ്ങളാണ്.

എഎംജി വേര്‍ഷനില്‍ മാത്രമാണ് വിപണി വിടുന്ന ജിഎല്‍സി കൂപ്പെ ലഭിച്ചിരുന്നതെങ്കില്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡല്‍ 300, 300ഡി വേരിയന്റുകളില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 300 വേരിയന്റിന് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 258 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ മോട്ടോര്‍ 300ഡി വേരിയന്റ് ഉപയോഗിക്കും. ഈ എന്‍ജിന്‍ 245 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. മെഴ്‌സേഡസ് ബെന്‍സിന്റെ 4 വീല്‍ ഡ്രൈവ് സംവിധാനമായ ‘4മാറ്റിക്’ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കും.

ഫേസ്‌ലിഫ്റ്റ് ചെയ്ത കൂപെ മോഡൽ അല്ലാത്ത ജിഎല്‍സി എസ്‌യുവിയെ 2019 ഡിസംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. റഗുലര്‍ ജിഎൽസിയെ പരിഷ്കരിച്ചു മെഴ്‌സിഡസ്-ബെൻസ് ലോഞ്ച് ചെയ്തപ്പോൾ അവതരിപ്പിച്ച MBUX എന്ന് പേരിട്ടുവിളിക്കുന്ന പുതിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം പുത്തൻ ജിഎൽസി കൂപെയിലും ഇടം പിടിക്കും. 'Hey Mercedes' എന്ന് പറഞ്ഞ് പ്രവർത്തിപ്പിക്കാവുന്ന വോയ്സ് കൺട്രോൾ സിസ്റ്റമാണ് MBUX-ന്റെ പ്രധാന ആകർഷണം. ഡാഷ്ബോർഡിന് ഒത്ത നടുക്കായി 10.25 ഇഞ്ച് ടച്ച് സ്ക്രീൻ പുത്തൻ ജിഎൽസി കൂപെയിലുണ്ടാവും. ഈ സ്‌ക്രീനിലേക്കാണ് വോയ്സ് കമാൻഡുകൾ നൽകേണ്ടത്. സെന്‍റര്‍ കൺസോളിലുള്ള ടച്ച് പാഡ് വഴിയും ഇൻഫോടെയിൻമെൻറ് സിസ്റ്റം പ്രവർത്തിപ്പിക്കാം. ഇത് കൂടാതെ പരിഷ്ക്കരിച്ച അപ്ഹോൾസ്റ്ററിയും പുത്തൻ മോഡലിൽ പ്രതീക്ഷിക്കാം.

പുതിയ മെഴ്‌സിഡസ് ജി‌എൽ‌സി കൂപെയ്ക്ക് ഏകദേശം 55-65 ലക്ഷം ആയിരിക്കും വില. പോർഷെ മക്കാൻ, ബി‌എം‌ഡബ്ല്യു എക്സ് 4 മോഡലുകളായിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.