2020 ഫെബ്രുവരിയിലാണ് ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി തങ്ങളുടെ ക്ലബ്മാന്റെ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ചത്. 44.9 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇപ്പോഴിതാ കമ്പനി മിനി ക്ലബ്മാന്‍ കൂപ്പര്‍ S എന്നൊരു പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂണ്‍വാക്ക് ഗ്രേ മെറ്റാലിക് കളര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 41.90 ലക്ഷം രൂപയാണ്.

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിന്റെ ഹൃദയം. ഈ എഞ്ചിന്‍ 189 bhp കരുത്തും 280 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഈ വാഹനത്തിന് 7.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ചില്ലി റെഡ്, മെലിറ്റിംഗ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, പെപ്പര്‍ വൈറ്റ്, സ്റ്റാര്‍ലൈറ്റ് ബ്ലു, തണ്ടര്‍ ഗ്രേ, വൈറ്റ് സില്‍വര്‍ തുടങ്ങിയ കളര്‍ ഓപ്ഷനുകളിലും വാഹനം ലഭ്യമാകും. 1.30 ലക്ഷം രൂപ അധിക വിലയ്ക്ക് എന്‍ജിമാറ്റിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. റിയര്‍ ഫോഗ് ലാമ്പുകള്‍, മൊബൈല്‍ സെന്‍സറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, വൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, റണ്‍ഫ്‌ലാറ്റ് ടയറുകള്‍, ക്രോം-പ്ലേറ്റഡ് ഡബിള്‍ എക്സ്ഹോസ്റ്റ് ടെയില്‍പൈപ്പ് ഫിനിഷര്‍ എന്നിവയും വാഹനത്തിലെ മറ്റ് ഫീച്ചറുകളാണ്.