ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ അഡ്വഞ്ചര്‍ ടൂററായ ഹിമാലയന്‍റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ്6 ഹിമാലയന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പുത്തന്‍ ഹിമയാലയന്റെ വരവ് അറിയിച്ചുകൊണ്ട് റോയൽ എൻഫീൽഡ് തങ്ങളുടെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റിട്ടിരിക്കുകയാണ്.  "Coming soon - Royal Enfield Himalayan" എന്നാണ് കമ്പനിയുടെ പോസ്റ്റ്.

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്‍കരിച്ച എൻജിനാണ് 2020 ഹിമാലയന്റെ ഹൈലൈറ്റ്. ഇപ്പോൾ വിപണിയിലുള്ള ഹിമാലയനിലെ 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവൽ ഇൻജെക്ഷൻ എൻജിൻ തന്നെ പരിഷ്കാരങ്ങൾക്കു വിധേയമായാവും 2020 ഹിമാലയനിലെത്തുക. ഇപ്പോഴുള്ള 24.5 ബിഎച്ച്പി പവർ, 32 എന്‍എം ടോര്‍ക്ക് ഔട്പുട്ടുകളിൽ ചെറിയ മാറ്റം പ്രതീക്ഷിക്കാം. 5-സ്പീഡ് മാന്വൽ ഗിയർബോക്‌സ് മാറ്റമില്ലാതെ തുടരും.

എഞ്ചിനൊപ്പം തന്നെ ബൈക്കില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിട്ടുണ്ടെന്നതാണ് മുഖ്യസവിശേഷത. എന്നാല്‍ മൊത്തത്തിലുള്ള ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. മുന്നിലെ വിന്‍ഷീല്‍ഡിന്റെ വലിപ്പത്തിലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങളുണ്ടാകും. കാഴ്ച്ചയില്‍ പുതുമ നല്‍കുന്നതിനായി വശങ്ങളില്‍ പുതിയ ഗ്രാഫിക്സും ഹിമാലയനില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. ടെയില്‍ ലാമ്പിലും മാറ്റം കൂടി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വാഹനത്തിന് പുതിയ നിറങ്ങള്‍ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ റോയൽ എൻഫീൽഡ് ഹിമാലയൻ ലഭിച്ചിരുന്നത് ഗ്രാനൈറ്റ് എന്ന് വിളിക്കുന്ന കറുപ്പ് നിറത്തിലും, സ്നോ എന്ന മാറ്റ് വെളുപ്പ് നിറത്തിലും, സ്ലീറ്റ് എന്ന് പേരുള്ള കാമഫ്ലാജ്ഡ് ഗ്രേ നിറത്തിലുമായിരുന്നു. എല്ലാം സിംഗിൾ ടോൺ നിറങ്ങൾ. 2020 റോയൽ എൻഫീൽഡ് ഹിമാലയന്റെ ആകർഷണം ഇരട്ട വർണങ്ങൾ ആയിരിക്കും.

ലേക്ക് ബ്ലൂ, റോക്ക് റെഡ്, എന്നിവയാണ് പുതിയ ഇരട്ട വർണങ്ങൾ. പെട്രോൾ ടാങ്കിന്റെ പകുതി ഭാഗം, ഹെഡ്‍ലാംപിനോടും പെട്രോൾ ടാങ്കിനോടും ഒപ്പമുള്ള ക്രാഷ് പ്രൊട്ടക്ഷൻ ഗാർഡ്, ലഗേജ് റാക്ക് എന്നിവയ്ക്ക് ഒരു നിറവും ബാക്കി ബൈക്ക് ഭാഗങ്ങൾക്ക് കറുപ്പ് നിറവുമാണ്. ഇതുകൂടാതെ ഗ്രാവല്‍ ഗ്രേ എന്ന സിംഗിൾ ടോൺ മാറ്റ് നിറവും പുതുതായി അവതരിപ്പിക്കും.

ആന്റി-ലോക്ക് ബ്രെക്ക് സിസ്റ്റം (എബിഎസ്) 2020 ഹിമാലയനിൽ റോയൽ എൻഫീൽഡ് ഇണക്കി ചേർത്തിട്ടുണ്ട്. ദുർഘടം പിടിച്ച റൈഡുകളിൽ ബൈക്കിനെ കൂടുതൽ കാര്യക്ഷമമായി ഓടിക്കുന്ന വ്യകതിക്ക് നിയന്ത്രിക്കാൻ നിഷ്ക്രീയമാക്കാവുന്ന എബിഎസ് സഹായിക്കും. ഹസാഡ് ലൈറ്റുകളാണ് മറ്റൊരു കൂട്ടിച്ചേർക്കൽ. കാഴ്ച മങ്ങുന്ന കോട മഞ്ഞും മഴയുമൊക്കെയുള്ള സാഹചര്യങ്ങളിൽ ഹിമാലയനെ വ്യക്തമായി കാണാൻ ഹസാഡ് ലൈറ്റുകൾ ഉപകരിക്കും.

ബൈക്കിന്‍റെ സൈക്കിൾ പാർട്സുകളിൽ മാറ്റമൊന്നുമുണ്ടാകില്ല. 200 എംഎം ട്രാവലുള്ള 41 എംഎം ടെലിസ്കോപിക് മുൻ സസ്പെൻഷനും 180 എംഎം ട്രാവലുള്ള മോണോ പിൻ സസ്‌പെൻഷനും അതേപടി തുടരും. ഡ്യുവൽ ചാനൽ എബിഎസ്സുമായി ചേർന്ന് പ്രവർത്തിക്കുന്ന 300 എംഎം ഡിസ്ക് മുൻചക്രത്തിലും 240 എംഎം ഡിസ്ക് പിൻചക്രത്തിലും ബേക്കിങ്ങ് നല്‍കും.

2020 റോയൽ എൻഫീൽഡ് ഹിമാലയന്റെ വില വർധിച്ചേക്കും. നിലവിലുള്ള വേരിയന്റുകൾക്ക്‌ Rs 1.82 ലക്ഷം മുതൽ Rs 1.84 ലക്ഷം വരെയാണ് കൊച്ചി എക്‌സ്-ഷോറൂം വില. 2020 ഹിമാലയന് ഏറ്റവും കുറഞ്ഞത് 10,000 രൂപയെങ്കിലും എക്‌സ്-ഷോറൂം വില വർധിക്കും എന്നാണ് കണക്കാണുന്നത്.

2016 മാർച്ചിലാണ് ഹിമാലയനെ റോയല്‍ എ്‍ഫീല്‍ഡ് ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്.